SignIn
Kerala Kaumudi Online
Thursday, 25 April 2024 1.29 AM IST

രാഹുലിന്റെ കോൺഗ്രസ് ജോഡോ

rahul

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര വടക്കൻ കേരളത്തിലൂടെ പര്യടനം തുടരുകയാണ്. പോകുന്നിടത്തൊക്കെ വലിയ ആരവവും ആൾക്കൂട്ടവുമാണ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആവേശം പകരാൻ ഈ യാത്രയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് 3,500 കിലോമീറ്റർ ദൂരം ഒരു ദേശീയ നേതാവ് പദയാത്ര നടത്തുന്നത് അത്ര സാധാരണമല്ല. 1983 ൽ ജനതാപാർട്ടി പ്രസിഡന്റ് എസ്. ചന്ദ്രശേഖർ നടത്തിയ ഭാരതയാത്ര മാത്രമാണ് ഇതിനൊരപവാദം. പിന്നീട് 1991 ൽ ബി.ജെ.പി പ്രസിഡന്റായിരുന്ന മുരളീ മനോഹർ ജോഷി കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് ഏകതായാത്ര നടത്തിയെങ്കിലും അതു വാഹനമാർഗ്ഗമായിരുന്നു. 1930 ൽ സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയിലേക്ക് മഹാത്മാഗാന്ധി നടത്തിയ പദയാത്രയും സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് നവാഖലിയിലും ബീഹാറിലും അദ്ദേഹം തന്നെ നടത്തിയ പദയാത്രകളും ചരിത്രപ്രസിദ്ധമാണ്. ഇവയൊക്കെ വലിയ തോതിൽ ആവേശം ഉണർത്തിയവയുമാണ്. 2014 ലും 2019 ലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ പാർട്ടിയാണ് കോൺഗ്രസ്. അവയുടെ ആഘാതത്തിൽ നിന്ന് പാർട്ടി ഇതുവരെ കരകയറിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടർച്ചയായ പരാജയങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. നിലവിൽ പാർട്ടിക്ക് രണ്ടു മുഖ്യമന്ത്രിമാരേയുളളൂ - രാജസ്ഥാനിലെ അശോക് ഗെലോട്ടും ഛത്തിസ്‌ഗഢിലെ ഭൂപേഷ് ബാഗലും. ബീഹാർ, ജാർഖണ്ഡ് മന്ത്രിസഭകളിൽ നാമമാത്രമായ പ്രാതിനിധ്യം ഉണ്ട്. കേരളം, കർണ്ണാടക, തെലുങ്കാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, അസാം, പഞ്ചാബ് എന്നിങ്ങനെ ഏതാനും സംസ്ഥാനങ്ങളിൽ കോൺഗ്രസാണ് മുഖ്യപ്രതിപക്ഷം. അതിനേക്കാൾ കഷ്ടമാണ് ഒഡീഷയിലെ അവസ്ഥ. ഒരുകാലത്ത് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ആന്ധ്രയിൽ ഇന്നു മഷിയിട്ടു നോക്കിയാൽപ്പോലും ഒരു കോൺഗ്രസുകാരനെ കാണാൻ കിട്ടില്ല. തമിഴ്‌നാട്ടിൽ 1967 മുതൽ കോൺഗ്രസ് ഭരണത്തിനു പുറത്താണ് ; ബംഗാളിൽ 1977 മുതലും ഗുജറാത്തിൽ 1989 മുതലും അതുതന്നെ അവസ്ഥ. ഗംഗാസമതലത്തിൽ പാർട്ടിയുടെ കാര്യം പരമദയനീയമാണ്. ഉത്തർപ്രദേശിലും ബീഹാറിലും ജാർഖണ്ഡിലും പശ്ചിമബംഗാളിലും കൂടി വിരലിലെണ്ണാവുന്ന എം.എൽ.എമാർ മാത്രമേ ഉള്ളൂ. പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പ്രതിപക്ഷനേതാവും വരെ മറ്റു പാർട്ടികളിലേക്ക് കൂറുമാറുന്നത് അവിടങ്ങളിൽ വാർത്തയല്ല. നെഹ്റു - ഗാന്ധി കുടുംബത്തിന്റെ പോക്കറ്റ് ബറോ എന്നു കരുതാവുന്ന അമേഠിയിൽ രാഹുൽഗാന്ധി പരാജയപ്പെട്ടതും ഇതിനോടു ചേർത്തു വായിക്കാവുന്നതാണ്. 2019 മേയ് മാസത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ത്യജിച്ച് വനവാസത്തിനു പോയതാണ് രാഹുൽഗാന്ധി. അന്നുമുതൽ ഇന്നുവരെ പാർട്ടിക്ക് സ്ഥിരം അദ്ധ്യക്ഷനില്ല. പ്രായാധിക്യവും അനാരോഗ്യവും കൊണ്ടു ബുദ്ധിമുട്ടുന്ന സോണിയഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരുന്നു. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കിടയിലാണ് രാഹുലിന്റെ ഭാരത് ജോഡോ ആരംഭിച്ചിട്ടുള്ളത്. അതിനിടെ പാർട്ടിയിലെ 23 മുതിർന്ന നേതാക്കൾ ഒരു ഗ്രൂപ്പായി ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അവരിൽ പ്രമുഖരായ രണ്ടു പേർ - കപിൽ സിബിലും ഗുലാംനബി ആസാദും പാർട്ടി വിട്ടുകഴിഞ്ഞു. മറ്റുള്ളവരും മനമങ്ങും മിഴിയിങ്ങും എന്ന മട്ടിൽ തുടരുന്നു.

അങ്ങനെ തികച്ചും വിപരീത രാഷ്ട്രീയ പരിതസ്ഥിതികളിലാണ് രാഹുൽഗാന്ധി കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പദയാത്ര നടത്തുന്നത്. ഇരുപതുമാസം മാത്രം അകലെയാണ് അടുത്ത പൊതു തിരഞ്ഞെടുപ്പ്. ഈ വർഷം തന്നെ ഗുജറാത്തിലും ഹിമാചൽപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. അടുത്തവർഷം പകുതിയോടെ കർണ്ണാടകത്തിലും ഒക്ടോബർ - നവംബറിലായി രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് തയ്യാറാകണം. അവയ്ക്കു തൊട്ടുപിന്നാലെ 2024 ഏപ്രിൽ - മേയ് മാസങ്ങളിൽ പൊതു തിരഞ്ഞെടുപ്പും ഉണ്ടാകും. രാജ്യത്തെമ്പാടും അണികളെ തിരഞ്ഞെടുപ്പിന് സന്നദ്ധരാക്കുകയെന്നതാണ് പദയാത്രയുടെ പ്രാഥമികമായ ലക്ഷ്യം. കേരളം, കർണ്ണാടക, തെലുങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ പോലെയുള്ള സംസ്ഥാനങ്ങളിൽ ഒരുപരിധി വരെ അതിനു സാധിക്കും. എന്നാൽ സംഘടനാ സംവിധാനം തീർത്തും ശിഥിലമായിത്തീർന്ന ഗംഗാസമതലം ഇപ്പോഴും ബാലികേറാമലയായി അവശേഷിക്കുന്നു. ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കുന്ന 23 നേതാക്കളിൽ ആരുംതന്നെ ബഹുജനാടിത്തറയോ ജനപ്രീതിയോ ഉള്ളവരല്ല. അധികംപേരും ബുദ്ധിജീവികളാണ്. അവരുയർത്തുന്ന വെല്ലുവിളിയെ ഒരുപരിധി വരെ പ്രതിരോധിക്കാനും ഭാരത് ജോഡോ പദയാത്രകൊണ്ടു സാധിക്കും. ഐക്യപുരോഗമന സഖ്യത്തെ (യു.പി.എ) ഒറ്റക്കെട്ടാക്കി നിലനിറുത്തേണ്ടതും അനിവാര്യമാണ്. കോൺഗ്രസ് ദുർബലമെന്നു തോന്നിയാൽ സഖ്യകക്ഷികളിൽ ചിലരെങ്കിലും മറുകണ്ടം ചാടാൻ സാദ്ധ്യതയുണ്ട്. എൻ.സി.പി, ഡി.എം.കെ, രാഷ്ട്രീയ ജനതാദൾ, ജനതാദൾ (യു), ശിവസേന (താക്കറെ), ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ് എന്നിവരെയൊക്കെ ഒരുമിപ്പിച്ചു നിറുത്തേണ്ടത് രാഹുലിന്റെ കർത്തവ്യമാണ്. യു.പി.എയ്ക്ക് പുറത്തുള്ള പ്രാദേശിക കക്ഷികളുടെ നിലപാടും പ്രധാനമാണ്. സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, ബിജുജനതാദൾ, തൃണമൂൽ കോൺഗ്രസ്, തെലുങ്കാന രാഷ്ട്രസമിതി, വൈ.എസ്.ആർ. കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി എന്നിവയൊക്കെ കോൺഗ്രസിനോടും ബി.ജെ.പിയോടും തുല്യഅകലം പാലിക്കുന്നവയാണ്. ഇവയിൽ ചിലതിനെയെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ യു.പി.എയുടെ കൂടാരത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കാം. തെലുങ്കാന രാഷ്ട്രസമിതിയുടെ ചന്ദ്രശേഖര റാവുവും തൃണമൂൽ കോൺഗ്രസിന്റെ മമതാ ബാനർജിയും പ്രധാനമന്ത്രിസ്ഥാനം മോഹിക്കുന്നവരാണ്. യു.പി.എയിൽത്തന്നെ ശരദ് പവാറും നിതീഷ് കുമാറും ഇതേ സ്വപ്നം കാണുന്നുണ്ട്. കോൺഗ്രസിനെ പരമാവധി സ്ഥാനങ്ങളിൽ വിജയിപ്പിച്ച് മേൽപ്പറഞ്ഞ നേതാക്കളുടെ അതിമോഹത്തിന് അറുതി വരുത്താനും രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നു.

ബി.ജെ.പിയുടെ ഒരേയൊരു ബദൽ കോൺഗ്രസ് ആണെന്നുറപ്പിക്കാനും പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവ് താനാണെന്ന് സ്ഥാപിക്കാനും ഈ പദയാത്രയിലൂടെ രാഹുൽ ഗാന്ധിക്കു കഴിഞ്ഞേക്കാം. അങ്ങനെയെങ്കിൽ ഘടകകക്ഷികൾ ഐക്യ പുരോഗമന സഖ്യത്തിൽ ഉറച്ചു നിൽക്കും. ഇപ്പോൾ അകലം പാലിക്കുന്ന ഏതാനും കക്ഷികൾ കൂടി കോൺഗ്രസ് കൂടാരത്തിലേക്ക് കടന്നുവരാനും സാദ്ധ്യതയുണ്ട്. തിരഞ്ഞെടുപ്പിനു ശേഷമെങ്കിലും ഇടതുപക്ഷ പാർട്ടികളും അതേ പാത പിന്തുടർന്നേക്കാം. എന്നാൽപ്പോലും 2024 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തനിച്ച് നൂറിലധികം സീറ്റുകൾ നേടാനാവുമെന്ന് എന്നുറപ്പില്ല. ഘടകകക്ഷികളെക്കൂടി ചേർത്താലും നൂറ്റൻപതോ നൂറ്ററുപതോ വരെയേ എത്താൻ കഴിയൂ. കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിൽ കെട്ടുറപ്പുള്ള ഫലപ്രദമായ പ്രതിപക്ഷമായി തീരാനെങ്കിലും കഴിയണം. ദേശീയ സമരത്തിന്റെയും ഗാന്ധി - നെഹ്റു പാരമ്പര്യത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും മൂല്യങ്ങൾ പ്രതിനിധീകരിക്കുന്ന ഏക രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഒരർത്ഥത്തിൽ ഇന്ത്യ എന്ന ആശയത്തെ പിൻപറ്റുന്ന പാർട്ടിയുമാണ്. കോൺഗ്രസ് മുക്തമായ ഒരിന്ത്യ ഒരുകാരണവശാലും അഭിലഷണീയമായ ഒന്നല്ല.

കേരളത്തെ സംബന്ധിച്ചിടത്തോളം രാഹുൽ ഗാന്ധിക്ക് ഇപ്പോഴും താരപരിവേഷമുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം നടക്കുന്ന ഭാരത് ജോഡോ പദയാത്ര യു.ഡി.എഫ് പ്രവർത്തകർക്ക് പൊതുവിലും കോൺഗ്രസുകാർക്ക് പ്രത്യേകിച്ചും വലിയ ഉണർവും ആത്മവിശ്വാസവും നൽകുന്നു. അതിന്റെ തെളിവാണ് പദയാത്ര കടന്നു പോകുന്നിടത്തൊക്കെ കാണുന്ന വമ്പിച്ച ആൾക്കൂട്ടം. പദയാത്രയുടെ വലിയ വിജയം കൂടുതൽ ആത്മവിശ്വാസത്തോടെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പ്രാപ്തമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI, BHARATH JODO
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.