SignIn
Kerala Kaumudi Online
Friday, 19 April 2024 4.22 AM IST

നവതിയിലെത്തിയ ലാളിത്യം

dr-manmohan-singh

ഡോ. മൻമോഹൻ സിംഗ് റിസർവ് ബാങ്ക് ഗവർണറായിരുന്ന കാലത്താണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ദ‌ർബാരാ സിംഗിന്റെ നിർദ്ദേശാനുസരണം അവിടത്തെ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഞാൻ അദ്ദേഹത്തെ ഡൽഹിയിലെ റിസർവ് ബാങ്കിന്റെ ഗസ്റ്റ് ഹൗസിലെത്തി സന്ദർശിച്ചു.

അന്ന് വിദേശത്തുള്ളവർക്ക് ഇന്ത്യയിൽ മുതൽമുടക്കാനും സ്ഥാപനങ്ങൾ ആരംഭിക്കാനും ധാരാളം നടപടിക്രമങ്ങൾ മറികടക്കണമായിരുന്നു. ഇതുകാരണം വിദേശത്തുള്ള പഞ്ചാബ് സ്വദേശികൾ നാട്ടിൽ മുതൽമുടക്കാൻ മടിച്ചു. ഈ സാഹചര്യം റിസർവ് ബാങ്ക് ഗവർണറെ ബോദ്ധ്യപ്പെടുത്തുകയാണ് എന്റെ ദൗത്യം. സൗമ്യനും ശാന്തനുമായ മൻമോഹൻസിംഗുമായുള്ള ആദ്യ കൂടിക്കാഴ്ച ഇപ്പോഴും മനസിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ ലാളിത്യവും മറ്റുള്ളവരോടുള്ള ബഹുമാനവും നേരിട്ട് ബോദ്ധ്യമായതുകൊണ്ടാണ്. ചർച്ചയ്ക്കുശേഷം എന്നെ യാത്രയാക്കാനായി അദ്ദേഹം ലിഫ്ട് വരെ വന്നു. പിന്നീട് അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴും അതിഥി ആരായാലും ഇത്തരത്തിൽ യാത്രയാക്കുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് രണ്ടുതവണ കൂടി നേരിൽക്കണ്ട് ചർച്ചനടത്തി. ഞാനപ്പോൾ പഞ്ചാബ് ചീഫ് സെക്രട്ടറിയായിരുന്നു.

1991ൽ ധനകാര്യവകുപ്പ് മന്ത്രിയായി നരസിംഹറാവു ക്ഷണിക്കുമ്പോൾ മുഴുവൻസമയ പാർട്ടിപ്രവർത്തകൻ പോലുമായിരുന്നില്ല മൻമോഹൻ സിംഗ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയെ കരകയറ്റാൻ രാഷ്ട്രീയ നേതാവിനേക്കാൾ എന്തുകൊണ്ടും ഒരു സാമ്പത്തിക വിദഗ്ധനാണ് അനുയോജ്യനെന്ന് റാവുവിന് തോന്നിയിരിക്കണം. അത് ശരിയെന്ന് തെളിയിച്ചു അദ്ദേഹം.

അന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലമായിരുന്നു. നെഹ്റുവിയൻ സോഷ്യലിസ്റ്റ് നയത്തിൽനിന്ന് നവഉദാരവത്‌കരണത്തിലേക്കുള്ള മാറ്റമാണ് പിന്നീട് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കണ്ടത്. സാമ്പത്തികരംഗം തുറന്നത് ഇന്ത്യയെ പുതിയ ലോകത്തിലേക്ക് ആനയിച്ചു. ഇന്ത്യയ്ക്ക് ലോകസമ്പദ്ഘടനയുടെ ഭാഗമാകാതെ പറ്റില്ലെന്ന ബോദ്ധ്യത്തിൽ നിന്നുകൊണ്ടാണ് അദ്ദേഹമത് നടപ്പിലാക്കിയത്.

2004 മുതൽ 2014 വരെയുള്ള പത്തുവർഷത്തെ പ്രധാനമന്ത്രി പദവിയിലും ചരിത്രം അടയാളപ്പെടുത്തിയ നിരവധി ഭരണപരിഷ്‌‌കാരങ്ങൾ മൻമോഹൻസിംഗ് നടപ്പാക്കി. ഉദാരവത്‌കരണം സാമ്പത്തിക അസമത്വം വർദ്ധിപ്പിച്ചെന്ന തിരിച്ചറിവിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ച് നടപ്പിലാക്കി.

പൗരാവകാശങ്ങൾ ഊട്ടിയുറപ്പിച്ച വിവരാവകാശനിയമം ഇന്ത്യൻ ജനാധിപത്യത്തിലെ തിളക്കമുള്ള ഏടായി. ആധാർ, ഇന്ത്യ– അമേരിക്ക ആണവകരാർ, 51 ശതമാനം വിദേശനിക്ഷേപം, പ്രത്യേക സാമ്പത്തികമേഖലാ നിയമം, ചാന്ദ്രയാൻ, മംഗൾയാൻ ദൗത്യങ്ങൾ എല്ലാം ഈ അക്കാഡമീഷ്യന്റെ മികവാർന്ന ഭരണത്തിലുണ്ടായി.

പ്രധാനമന്ത്രിയായിരുന്നപ്പോൾ ഏറ്രവും ലളിതമായി സൗഹൃദത്തോടെയാണ് മറ്റുള്ളവരോട് ഇടപെട്ടിരുന്നത്.

ഇന്നു കാണുന്ന രാഷ്ട്രീയമായിരുന്നില്ല, അന്നുണ്ടായിരുന്നത്. പക്കാ രാഷ്ട്രീയക്കാരനുമായിരുന്നില്ല അദ്ദേഹം. കോൺഗ്രസിലും യു.പി.എയിലും പെട്ടാത്ത പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന ധാരണ ഉണ്ടാകാതിരിക്കാൻ ഏറ്റവും ശ്രദ്ധയോടെ പെരുമാറണമെന്നും ഒരുതരത്തിലും അവർ പരാതിപറയാൻ ഇടയാക്കരുതെന്നും അദ്ദേഹം എനിക്ക് നിർദേശം നല്കിയിരുന്നു.

കക്ഷിരാഷ്ട്രീയത്തിന് ഉപരിയായിട്ടാണ് അദ്ദേഹം പ്രവർത്തിച്ചത്.

ആണവായുധക്കരാറിന്റെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ അന്ന് യു.പി.എയിലുണ്ടായിരുന്ന ഘടകകക്ഷിയായ സി.പി.എമ്മുമായി അഭിപ്രായവ്യത്യാസമുണ്ടായി. അത് അവിശ്വാസ പ്രമേയത്തിലേക്ക് എത്തിച്ചു. അദ്ദേഹം ശരിയെന്നു കരുതിയതിൽ ഉറച്ചുനിന്നു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി എന്നെ തിരഞ്ഞെടുത്തതിന്റെ കാരണം അറിയില്ല. എന്നെ വിളിച്ചു, ഞാൻ പോയി. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തശേഷമാണ് എന്നെ ക്ഷണിച്ചത്. അക്കാലത്ത് പബ്ലിക് ബോർഡ് ചെയ‌ർമാനായിരുന്ന ഞാൻ അതിന്റെ ഭാഗമായി അസമിലായിരുന്നു. ഇത്രമേൽ ലാളിത്യവും മനുഷ്യത്യവുമുള്ള ഒരാളെ ഇനി രാഷ്ട്രീയത്തിൽ ലഭിക്കാൻ ബുദ്ധിമുട്ടാണ്.

അദ്ദേഹം എപ്പോഴും അക്കാഡമിസ്റ്റാണ്. അമർത്യാസെൻ ഉൾപ്പെടെയുള്ള ധനതത്വ ശാസ്ത്രജ്ഞരുമായും ബന്ധമുണ്ടായിരുന്നു. ലോകത്തെ പല രാഷ്ട്രത്തലവന്മാരും അദ്ദേഹത്തെ അക്കാഡമിസ്റ്റായി കാണുകയും ചെയ്തിരുന്നു. അദ്ദേഹം രൂപപ്പെടത്തിയ ധനകാര്യനയമാണ് വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും പിന്തുടരുന്നത്. വിദേശനയത്തിലും അദ്ദേഹം തിര‌ഞ്ഞെടുത്തത് ശരിയായ പാതയായിരുന്നെന്ന് പിന്നീട് ബോദ്ധ്യമായിട്ടുണ്ട്.

( മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്നു ലേഖകൻ)

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR MANMOHAN SINGH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.