SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.23 PM IST

താത്പര്യങ്ങളുടെ പേരിൽ നിയമനം വൈകിക്കരുത്

photo

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം കാത്ത് അനന്തമായി കാത്തിരിക്കേണ്ടിവരുന്ന ഉദ്യോഗാർത്ഥികളുടെ ദൈന്യത പലപ്പോഴും സമൂഹത്തിൽ ചർച്ചയാണ്. നിയമനാധികാരിയുടെ ഉദാസീനത മുതൽ നിക്ഷിപ്ത താത്പര്യങ്ങൾ വരെ നിയമനം വൈകാൻ കാരണമാകാറുണ്ട്. ഒഴിവുകൾ യഥാസമയം പി.എസ്.സിക്കു റിപ്പോർട്ടു ചെയ്യാത്ത വകുപ്പദ്ധ്യക്ഷന്മാരെ ശിക്ഷിക്കുമെന്നു സർക്കാർ കൂടക്കൂടെ മുന്നറിയിപ്പു നൽകാറുണ്ട്. ഉദ്യോഗാർത്ഥികളെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണിത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്താലും നിയമന ഉത്തരവു വാങ്ങി ജോലിക്കു കയറാനാകാതെ തെക്കുവടക്കു നടക്കേണ്ടിവരുന്ന ഉദ്യോഗാർത്ഥികൾ കുറവല്ല.

നിയമനങ്ങൾ വൈകുന്നതു കൊണ്ടുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ഉദ്യോഗാർത്ഥികൾക്കു മാത്രമല്ല പ്രത്യക്ഷമായോ പരോക്ഷമായോ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണിത്. ഉദാഹരണത്തിന് കോളേജുകളുടെ കാര്യമെടുക്കാം. പ്രിൻസിപ്പലും വേണ്ടത്ര അദ്ധ്യാപകരുമില്ലാതെയാണ് സംസ്ഥാനത്ത് നിരവധി സർക്കാർ കോളേജുകൾ മുന്നോട്ടുപോകുന്നത്. യോഗ്യതയുള്ളവർ ഇല്ലാത്തതുകൊണ്ടോ റാങ്ക് ലിസ്റ്റ് തയ്യാറാകാത്തതുകൊണ്ടോ അല്ല ഇത്. അറുപത്താറു സർക്കാർ കോളേജുകൾ നാലുവർഷമായി പ്രിൻസിപ്പൽമാരില്ലാതെ പ്രവർത്തിക്കുകയാണ്. പ്രിൻസിപ്പലിന്റെ ചാർജുള്ളയാൾ പകരക്കാരനായുണ്ടാകും. എന്നാൽ കോളേജ് ഭരണം കുറ്റമറ്റ നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ സ്ഥിരം പ്രിൻസിപ്പൽ അനിവാര്യമാണെന്ന യാഥാർത്ഥ്യം മനസിലാക്കുന്നില്ല. പ്രിൻസിപ്പലില്ലാതെയും കോളേജുകൾക്കു പ്രവർത്തിക്കാനാവുമെങ്കിൽ കസേര ഒഴിഞ്ഞുകിടന്നാലും കുഴപ്പമില്ലെന്നാണ് ചുമതലപ്പെട്ടവർ കരുതുന്നത്. അതേസമയം തങ്ങൾക്കു താത്പര്യമുള്ളവരെ നിയമിക്കണമെങ്കിൽ നിയമവും ചട്ടവുമൊക്കെ മറികടന്നും ആളെ കണ്ടെത്താനും നിയമിക്കാനും തടസമുണ്ടാവില്ല. പ്രിൻസിപ്പൽ കസേര ഒഴിഞ്ഞുകിടക്കുന്ന അറുപത്തിയാറു സർക്കാർ കോളേജുകളിൽ പി.എസ്.സി നിയമന പട്ടിക ഉന്നതവിദ്യാഭ്യാസ വകുപ്പിനു ലഭിച്ചിട്ട് രണ്ടുമാസത്തിലധികമായി. കോളേജുകൾ തുറന്നിട്ട് ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രിൻസിപ്പൽ നിയമനം നടക്കുന്നില്ല. സർക്കാർ അനുകൂല സംഘടനകളുടെ ഇടപെടലുകളാണത്രേ കാരണം. യു.ജി.സി മാനദണ്ഡങ്ങൾ പുലർത്തുന്നവരെ വേണം പ്രിൻസിപ്പലായി നിയമിക്കാൻ. പി.എസ്.സിയുടെ പട്ടികയിൽ അത്തരം യോഗ്യതകളുള്ളവരാണധികവും. വ്യവസ്ഥകൾ ഇളവുചെയ്തും തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ പ്രിൻസിപ്പൽമാരായി നിയമിക്കാൻ അവസരമൊരുക്കാൻ വേണ്ടിയാണ് നിയമനം മനഃപൂർവം വൈകിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കോളേജുകളിൽ മാത്രമല്ല പോളിടെക്‌നിക്കുകളിലും സമാന അവസ്ഥയാണ്. സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേലധികാരികളില്ലാത്ത അവസ്ഥ ദീർഘനാളായി തുടരുന്നത് എത്രമാത്രം പ്രതിസന്ധി സൃഷ്ടിക്കുമെന്നു പറയേണ്ടതില്ല. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികളോടു ചെയ്യുന്ന ദ്രോഹം കൂടിയാണത്.

എല്ലാ സർക്കാർ വകുപ്പുകളിലും ഇതുപോലെ നിയമനത്തിനായി കാത്തിരിക്കുന്നവർ ധാരാളമുണ്ട്. ആരോഗ്യവകുപ്പിൽ നഴ്‌സുമാരുടെ കുറവ് രൂക്ഷമായിരിക്കെ തന്നെ നിയമനം ഒച്ചിനെയും തോല്പിക്കും മട്ടിലാണ്. സർക്കാർ ഹൈസ്കൂൾ - ഹയർ സെക്കൻഡറി തലത്തിലും നികത്തപ്പെടാത്ത ഒഴിവുകൾ ധാരാളമുണ്ട്.

അധികാര വികേന്ദ്രീകരണത്തിൽ വിപുലമായ അധികാരങ്ങൾ നൽകപ്പെട്ട പഞ്ചായത്തുകളും ആവശ്യമായത്ര ജീവനക്കാരില്ലാതെ വീർപ്പുമുട്ടുകയാണ്. പഞ്ചായത്ത് ഭരണനിർവഹണത്തിൽ സെക്രട്ടറിമാർ പ്രധാന ചുമതലക്കാരായിട്ടും എഴുപത്തിയൊന്നു പഞ്ചായത്തുകൾ സെക്രട്ടറിമാരില്ലാതെയാണു പ്രവർത്തിക്കുന്നത്. അസിസ്റ്റന്റ് പഞ്ചായത്ത് സെക്രട്ടറിമാരുടെ തസ്തിക ഇനിയും ലഭിക്കാത്ത എഴുപത്തിയഞ്ചു പഞ്ചായത്തുകളുമുണ്ട്. പ്രത്യേക താത്‌പര്യം വച്ചുകൊണ്ടുള്ള സമീപനത്തിന്റെ ഫലമായാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. പുതിയ ആൾക്കാരെ സെക്രട്ടറിമാരായി നിയമിക്കാം. അതല്ലെങ്കിൽ സ്ഥാനക്കയറ്റം നൽകി തസ്തിക നികത്താം. അതുപോലെ അസിസ്റ്റന്റ് സെക്രട്ടറി കസേരകളിലും നിലവിലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് നിയമനം നടത്താവുന്നതാണ്. പക്ഷേ അധികാരമുള്ളവർ യഥാസമയം തീരുമാനമെടുക്കണം. തീരുമാനങ്ങൾ വൈകുന്നതാണ് ഭരണരംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.