SignIn
Kerala Kaumudi Online
Thursday, 18 April 2024 8.47 PM IST

ജീവനെടുക്കുന്ന പാർട്ടി ഹുങ്കുകൾ

babu

അധികാരം തലയ്ക്കു പിടിച്ചാൽ അഹങ്കാരത്തിന് കയ്യും കണക്കുമില്ലെന്നു പറയുന്നവരുണ്ട്. സി.പി.എം ഭരണത്തിലേറുമ്പോഴെല്ലാം അധികാര ഹുങ്ക് അതിന്റെ മൂർത്തരൂപത്തിൽ പുറത്തുവരാറുണ്ട്. എന്നാൽ വിവരങ്ങൾ എളുപ്പത്തിൽ അറിയാനുള്ള സാങ്കേതികവിദ്യകളും കാമറക്കണ്ണുകളും പെരുകിവരുന്ന ഇക്കാലത്ത് ഒന്നും മറച്ചുവയ്ക്കാനോ അടിച്ചമർത്താനോ ആവില്ലെന്നോർക്കണം. അരുതാത്തത് ചെയ്യുന്നത് ശീലമാക്കുന്ന പാർട്ടി സഖാക്കൾ നിരപരാധികളെ വേട്ടയാ‌ടുന്നതും കുടുംബം തകർക്കുന്നതുമായ കിരാത നടപടികൾ തുടരുകയാണെന്ന് റാന്നി പെരുനാട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ ആത്മ്യഹത്യ ഒാർമിപ്പിക്കുന്നു. ഒരു വെയിറ്റിംഗ് ഷെഡിന് സ്ഥലം ഏറ്റെടുക്കുന്നതിനെച്ചൊല്ലി സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുമായുണ്ടായ തർക്കം പാർട്ടി പ്രവർത്തകനായ മഠത്തുംമൂഴി മേലേതിൽ ബാബുവിനെ (68) ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കാമായിരുന്നുവെന്ന് സാധാരണ പാർട്ടിപ്രവർത്തകർ മുതൽ ഒരുവിഭാഗം നേതാക്കൾവരെ പറയുന്ന വിഷയം അധികാര ധാർഷ്ട്യം കൊണ്ട് തീർത്തുകളയാമെന്ന് വിചാരിച്ചായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെയും പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെയും പുറപ്പാട്. ഒരു കുടുംബത്തെ അനാഥമാക്കിയെന്നതാണ് അതിന്റെ ഫലം. പെരുനാട് ഗ്രാമപഞ്ചായത്തംഗവും സി.പി.എം ജില്ലാ കമ്മറ്റിയംഗവുമായ പി.എസ് മോഹനനും ലോക്കൽ സെക്രട്ടറി റോബിനും വാർഡംഗം ശ്യാമും മാനസികമായി ഉപദ്രവിക്കുന്നുവെന്ന് എഴുതിവച്ച ശേഷമാണ് ബാബു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ചത്.

പാർട്ടി കേന്ദ്രത്തിലെ

ആത്മഹത്യ

പെരുനാട് മഠത്തുംമൂഴി എന്ന ഗ്രാമം സി.പി.എമ്മിന്റെ പാർട്ടി ഗ്രാമമെന്ന് പറയാം. ഏകദേശം എൺപത് ശതമാനം കുടുംബങ്ങളും സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അവരിൽ ഏറെപ്പേരും ബന്ധുക്കളുമാണ്. പാർട്ടി ചിന്തിക്കുന്നതും പറയുന്നതും ന‌ടപ്പാക്കാൻ ബുദ്ധിമുട്ടുകളൊന്നുമില്ല. മരണമടഞ്ഞ ബാബു അടുത്ത കാലത്തായി സജീവ പാർട്ടിപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പാർട്ടിയുടെ പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റും ലോക്കൽകമ്മറ്റി സെക്രട്ടറിയുമായി നല്ല ബന്ധത്തിലായിരുന്നു ബാബു. പക്ഷേ, പാർട്ടിയുടേയും പഞ്ചായത്തിന്റേയും തീരുമാനമെന്ന പേരിൽ തന്റെ വീടിനോട് ചേർന്ന സ്ഥലം പുറമ്പോക്കെന്ന് പറഞ്ഞ് ഏറ്റെടുക്കാൻ ഗ്രാമപ്പഞ്ചായത്ത് നടത്തിയ നീക്കങ്ങളാണ് ഇൗ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയത്. നിലവിലുള്ള വെയിറ്റിംഗ് ഷെഡ് പുതുക്കിപ്പണിയാൻ കൂടുതൽ സ്ഥലം വേണമെന്ന പഞ്ചായത്തിന്റെ നിലപാടാണ് സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് നീങ്ങിയത്. ഏറ്റെടുക്കേണ്ട രണ്ട് സെന്റ് സ്ഥലം പുറമ്പോക്കെന്ന് പഞ്ചായത്ത് പറയുമ്പോൾ തന്റേതാണെന്ന നിലപാടിൽ ബാബു ഉറച്ചുനിന്നു. തർക്കം രൂക്ഷമായപ്പോൾ സർവേയറെക്കൊണ്ട് സ്ഥലം അളപ്പിച്ച പഞ്ചായത്തിന്റെ നടപടി ബാബു അംഗീകരിച്ചില്ല. പഞ്ചായത്ത് അധികൃതർ കൊണ്ടുവന്ന സർവേയർ, പഞ്ചായത്തിന്റെ താൽപ്പര്യപ്രകാരം രണ്ടര സെന്റ് സ്ഥലം പുറമ്പോക്കെന്ന് വരുത്തുകയായിരുന്നു എന്നാണ് ബാബുവിന്റെ ആരോപണം.

തർക്കങ്ങൾ ഇങ്ങനെ നിലനിൽക്കെ, പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ലോക്കൽ സെക്രട്ടറിയും ബാബുവുമായി വളഞ്ഞ വഴിയിലൂടെ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന ആക്ഷേപം ശക്തമായി. സ്ഥലത്തിന്റെ പേരിലുള്ള അവകാശവാദത്തിൽ നിന്ന് പിൻമാറാൻ നേതാക്കൾ ഉപാധി വച്ചതായാണ് വർത്തമാനം. നഷ്ടത്തിലായ പെരിനാട് സർവീസ് സഹകരണബാങ്കിൽ ബാബുവിന്റെ വിദേശത്തുള്ള മക്കളുടെ പേരിൽ ഇരുപത് ലക്ഷം നിക്ഷേപിക്കണം. ഇതുകൂടാതെ, നേതാക്കൾക്ക് വീതം വച്ചെടുക്കാൻ വേറെ അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടതായി ബാബു തന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇൗ വിവരങ്ങൾ വെറും ആരോപണങ്ങളല്ലെന്നും തങ്ങളോട് നിക്ഷേപവും പണവും ആവശ്യപ്പെട്ടെന്നും ബാബുവിന്റെ ഭാര്യ കുസുമ കുമാരി പെരുനാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

വിഷയം പഞ്ചായത്തിലെ പ്രധാന എതിർകക്ഷിയായ ബി.ജെ.പിക്കും കോൺഗ്രസിനും പുതിയ രാഷ്ട്രീയ ആയുധമായിട്ടുണ്ട്. അവർ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങി. സി.പി.എമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിന് തെളിവാണ് ബാബുവിന്റെ ആത്മഹത്യയെന്നും അവർ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റിനും ലോക്കൽ നേതാക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. പെരുനാട് പൊലീസിന്റെ നടപടികളിലേക്കാണ് ജനം ഉറ്റുനോക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും ലോക്കൽ നേതാക്കളുടെയും പേരുകൾ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ബാബുവിന്റെ ആത്മഹത്യ നടന്ന് ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും കേസെടുക്കുന്നതിൽ പൊലീസ് വിമുഖത കാട്ടുകയാണ്. ബാബുവിന്റെ ഭാര്യ കുസുമകുമാരി പൊലീസ് സ്റ്റേഷനിൽ നേരിട്ടു ചെന്ന് പരാതി നൽകിയിട്ടും മൊഴിയെടുത്തില്ല.

പ്രതിക്കൂട്ടിൽ പാർട്ടി

ബാബുവിന്റെ ആത്മഹത്യയും അതുണ്ടാക്കിയ വിവാദങ്ങളും പെരുനാട്ടിൽ മാത്രമല്ല, ജില്ലയിലെ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയുമാണ്. പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഒഴികെ, ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും ജില്ലാപ്പഞ്ചായത്ത് ഭരണവും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും എൽ.ഡി.എഫിന്റെ കൈവശമാണ്. രാഷ്ടീയ ആധിപത്യം സർവ മേഖലകളിലേക്കും വ്യാപിച്ചതോടെ ഏകാധിപത്യത്തിന്റെയും നേതാക്കളുടെ അപ്രമാദിത്വത്തിന്റെയും അതിപ്രസരം പാർട്ടി പ്രവർത്തകരെയും കീഴ്പ്പെടുത്തുകയാണെന്ന വിമർശനം ശക്തമാണ്. താഴേത്തട്ടിലെയും നേതാക്കൾക്കെതിരെ ശബ്ദമുയർത്താനാകാത്ത സാഹചര്യം പാർട്ടി അംഗങ്ങൾ നേരിടുന്നുണ്ട്. പാർട്ടിയുടെ കേഡർ സംവിധാനം നേതാക്കൾക്ക് മുന്നിൽ സാധാരണ പ്രവർത്തകർ കീഴ്പ്പെട്ട് പ്രവർത്തിക്കാനുള്ളതല്ല. തീരുമാനങ്ങൾ ഏതെങ്കിലും ഒരു നേതാവിന്റെയോ ഒരു വിഭാഗത്തിന്റെയോ താത്‌പര്യങ്ങൾക്കനുസരിച്ച് മാത്രമാകുമ്പോൾ ഉൾപ്പാർട്ടി ജനാധിപത്യം അപ്രസക്തമാകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.