SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.01 AM IST

പേവിഷമുക്ത നാടിനായി ഇനിയെത്ര ദൂരം ?

photo

പേവിഷത്തിനെതിരെ ലോകത്തിലാദ്യമായി ഒരു വാക്സിൻ പരീക്ഷിച്ച് വിജയിച്ച ലൂയി പാസ്ചറുടെ ചരമദിനമായ സെപ്‌തംബർ 28 ലോക പേവിഷ ദിനം ആയി 2007മുതലാണ് ലോകമെങ്ങും ആചരിക്കുന്നത്. റാബീസ്: വൺഹെൽത്ത് സീറോ റാബീസ്'' എന്നതാണ് ഇത്തവണത്തെ ആശയം. 2030ഓടെ പേവിഷനിയന്ത്രിതമായ ഒരു ലോകമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പരിസ്ഥിതി, കാലാവസ്ഥ എന്നിവയുമായി ഇണങ്ങുന്ന ഒരു തീവ്രകർമ്മപദ്ധതിക്ക് രൂപം നൽകുകയും ലോകമെങ്ങും സർവതലത്തിലും പേവിഷ ബോധവത്ക്കരണവും പ്രചാരണ പരിപാടികളും നടത്തും.

റാബീസ്

ഏകാരോഗ്യവും റാബീസ് നിർമ്മാർജ്ജനവുമെന്ന ആശയത്തിന് ആനുകാലിക പ്രസക്തിയും വർദ്ധിച്ചിരിക്കുന്നു. ഏറ്റവും ഭയാനകമായ മരണം സമ്മാനിക്കുന്ന വൈറസാണ് റാബീസിന്റേത്. ഒരിക്കൽ രോഗലക്ഷണങ്ങൾ കാണിച്ചാൽ രോഗിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാവില്ല. നായയുടെ ജീവനോ മനുഷ്യന്റെ ജീവനോ വില എന്ന കാര്യം കോടതി കയറിയിരിക്കുന്നതിനൊപ്പം മൃഗസ്‌നേഹികളുടെ അമിതവാഞ്ച നായ്‌ക്കളെ കൊല്ലുന്നതിന് വിലങ്ങിട്ടിരിക്കുകയുമാണ്. വർത്തമാനകാലത്ത് കേരളം നേരിടുന്ന പ്രധാന പ്രതിസന്ധി തെരുവ് നായ പ്രശ്‌നവും അതിലൂടെ പേവിഷ മരണങ്ങളുമാണെന്നത് പേവിഷ ദിനത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

തെരുവിൽ അക്രമകാരികളായി മാറുന്നവയേയും പേയ് നായ്ക്കളേയും തീരാവ്യാധി പിടിപെട്ടവയേയും ദയാവധം ചെയ്യാൻ കോടതിയോട് അനുമതി തേടിയ സർക്കാർ തീരുമാനം ആശാവഹമാണ്.

വന്ധ്യംകരിച്ച നായകളെ തെരുവിൽ വിടാതെ ഷെൽട്ടറുകളിൽ അവയ്‌ക്ക് അഭയം നൽകാനുള്ള തീരുമാനവും നല്ലത്. തെരുവ് നായ്‌ക്കളെ വാക്സിനേഷന് എത്തിക്കുന്നവർക്ക് എന്നപോലെ ദത്തെടുക്കാനെത്തുന്നവർക്കു കൂടി പാരിതോഷികം പ്രഖ്യാപിക്കണം.

എല്ലാ നായ്‌ക്കൾക്കും പ്രതിരോധ കുത്തിവെയ്പ്പിലൂടെ റാബീസിനെതിരെ സുരക്ഷയൊരുക്കാനുള്ള ഉദ്യമം വേണ്ടത്ര പൂർണ്ണമാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം തെരുവ് നായ്‌ക്കളുടെ എണ്ണം എന്ന് കണ്ടെത്തിയ 2,89,986 ഒരു യാന്ത്രിക സംഖ്യയാണ്. ഇവയിൽ ഭൂരിഭാഗവും സ്ഥിരമായി ഒരു ഉടമസ്ഥന്റെ കീഴിൽ വരാത്ത 'കമ്മ്യൂണിറ്റി ഡോഗ്സ് ' ആണ്. വന്ധ്യംകരണത്തിനു പിടിക്കപ്പെടുന്നവയിൽ അധികവും സൗമ്യരായ ഹതഭാഗ്യരുമാകും. രാത്രി 10 മണിക്കും വെളുപ്പിന് ആറ് മണിക്കും ഇടയിൽ തെരുവ് വാഴുന്ന ഇത്തരം നായ്‌ക്കൾ പകൽ പുറത്തുവരാറില്ല. വലിയ പൈപ്പിൻ കുഴലുകളിലോ ഒഴിഞ്ഞ പറമ്പുകളിലോ കെട്ടിടങ്ങളിലോ ഇരുളടഞ്ഞ കോണുകളിലോ വിശ്രമിയ്‌ക്കുന്ന ഇവറ്റകൾ രാത്രി ജോലി കഴിഞ്ഞുവരുന്നവരേയും വെളുപ്പിന് ട്രെയിൻ പിടിക്കാൻ പായുന്നവരേയും പതിഞ്ഞിരുന്ന് ആക്രമിക്കുന്നു. ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിലൂടെ നായ്‌ക്കളുടെ ക്രമാതീതമായ വംശവർദ്ധന (ഒരു ആൺനായയും ഒരു പെൺനായയും ഇണചേർന്നുണ്ടാകുന്ന കുട്ടികളും അവയുടെ സന്തതി പരമ്പരകളും കൂടി ആറുവർഷംകൊണ്ട് 66,000ത്തിലധികമായി പെരുകുന്നു) എന്നാണ് കണക്ക്.എ.ബി.സി പ്രോഗ്രാം കഴിഞ്ഞ നായ മനുഷ്യനെ കടിക്കാറില്ലെന്നോ കടിച്ചാൽ കുത്തിവെയ്‌പ്പെടുക്കേണ്ടതില്ലെന്നോ പറയാനാവില്ല. മൂന്നുവർഷം തുടർച്ചയായി പ്രതിരോധ കുത്തിവെയ്‌പ്പ് നല്‌കിയ നായയെ മാത്രമേ സുരക്ഷിതമെന്ന് പറയാനാവൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.

നായകൾക്ക് ലൈസൻസ് എന്ന കാര്യം പണ്ടേ നിയമവ്യവസ്ഥയിലുണ്ട്. പക്ഷേ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കാണിച്ചുവന്ന അലംഭാവത്തിന് താൽക്കാലികമായെങ്കിലും മാറ്റം വന്നിട്ടുണ്ട്. സെപ്‌തംബർ 20 മുതൽ ഒക്‌ടോബർ 20 വരെയുള്ള വാക്സിനേഷൻയജ്ഞ കാലത്ത് ലൈസൻസ് ഫീ സൗജന്യമാക്കുകയോ നിരക്ക് ഏകീകരിക്കുകയോ വേണം. ഇപ്പോൾ പഞ്ചായത്ത്- മുനിസിപ്പാലിറ്റി- നഗരസഭകളിൽ ഫീസ് വ്യത്യസ്തവും ഭീമവുമാണ്. അടയാളത്തിന് ചെവികളിലെ 'വി' കട്ട് മതിയാവും. മൈക്രോ ചിപ്പിന് വേണ്ടി സാധാരണക്കാരനെ പിഴിയേണ്ടതില്ല. ലൈസൻസിങ്ങിലൂടെ ഉത്തരവാദിത്തമുള്ള ഉടമസ്ഥനാകാൻ നായ/പൂച്ച ഉടമകളെ പ്രാപ്തരാക്കുകയും ചെയ്യാം.

നടപടികൾ

കർശനമാക്കണം

നിയമം നടപ്പാക്കുന്നതിലെ വീഴ്ച കർക്കശമായി പരിശോധിക്കപ്പെടണം. നിയമലംഘകർക്ക് പിഴ ചുമത്തണം. തെരുവിൽ മാലിന്യം വലിച്ചെറിയുന്നവർക്കും തെരുവിൽ നായകൾക്ക് ഭക്ഷണം വിളമ്പുന്നവർക്കും കനത്ത പിഴ ചുമത്തണം. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഡോഗ് ബ്രീഡിംഗ് സെന്ററുകൾക്ക് താഴിടണം. മാംസ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ സംവിധാനമുണ്ടാകണം. 15-09-2022 ലെ സർക്കാർ ഉത്തരവ് ഏറെക്കുറെ സമ്പൂർണ്ണമാണെങ്കിലും ഉദ്യോഗസ്ഥനിഷ്ഠമാണ്. കർശനമായ മോണിറ്ററിംഗ് ഉണ്ടെങ്കിലേ ഫലപ്രാപ്തിയിലെത്തൂ എന്നതാണ് അനുഭവം. തീർച്ചയായും തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ 170 ഹോട്ട് സ്‌പോട്ടുകളിലെങ്കിലും ദയാവധമുൾപ്പെടെ പേവിഷ പ്രതിരോധ ഉപാധികൾ കണ്ടെത്തണം.
അവലോകനയോഗത്തിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചിരിക്കുന്നത് വാക്സിനേഷനാണല്ലോ. മത്സരാധിഷ്ഠിത ടെൻഡർ/ക്വട്ടേഷൻ മുഖേന നിരക്കുകുറഞ്ഞ വാക്സിൻ വാങ്ങിക്കൂട്ടുമ്പോൾ അവയുടെ ഗുണനിലവാരവും താപനില നിയന്ത്രിച്ചുള്ള സംഭരണവും ഉറപ്പുവരുത്തണം. വിപണനം മുതൽ വിതരണവും ഉപയോഗവും വരെയുള്ള ശൃംഖലയിൽ താപനില രണ്ട് മുതൽ എട്ട് വരെ ഡിഗ്രി സെൽഷ്യസിന് ഇടയിൽ നിലനിറുത്തിയാലേ 2.5 ഇന്റർനാഷണൽ യൂണിറ്റ് / മില്ലി എന്ന , ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള ടൈറ്റർ വാല്യു ഉണ്ടാകൂ. വാക്‌സിൻ ലോബി അതിശക്തമാകയാൽ ഇക്കാര്യത്തിൽ സുതാര്യതയും സൂക്ഷ്മതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

(ലേഖകൻ മൃഗസംരക്ഷണ വകുപ്പിലെ റിട്ട. ജോയിന്റ് ഡയറക്ടറും കഴിഞ്ഞ കാൽനൂറ്റാണ്ടായി പേവിഷപ്രതിരോധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്. ഫോൺ : 9447324846 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD RABIES DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.