കൽപ്പറ്റ: പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് കല്ലുമൊട്ടംകുന്നിൽ മിയ മൻസിലിൽ സലീമിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മാനന്തവാടി എരുമത്തെരുവിലെ ഇയാളുടെ ടയർ കടയിൽ നിന്ന് നാല് വടിവാളുകൾ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ പൊലീസ് സംഘം സലീമിന്റെ വീട്ടിലെത്തി പരിശോധന നടത്തി. മൂന്ന് മൊബൈൽ ഫോണുകളും ചില രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സലീമിന്റെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലും പൊലീസ് പരിശോധന നടത്തി. രാവിലെ 11ന് തുടങ്ങിയ തിരച്ചിൽ ഒരുമണിയോടെ അവസാനിപ്പിച്ചു. മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ, ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, എസ്.ഐമാരായ എം. നൗഷാദ്, വിജയൻ പാണമ്പറ്റ, ബി.ടി. സനൽകുമാർ, ജൂനിയർ എസ്.ഐമാരായ സിബി ടി. ദാസ്, സാബു ചന്ദ്രൻ, അസി. സബ് ഇൻസ്പെക്ടർ കെ. മോഹൻദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കടയിലെ ജീവനക്കാരനായ പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ വാരിക്കോടൻ മുഹമ്മദ് ഷാഹുലിനെ (19) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്നലെ കൽപ്പറ്റ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ വടിവാളുകൾ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. റെയ്ഡ് നടക്കുന്ന വിവരമറിഞ്ഞതോടെ മൊബൈൽ ഓഫാക്കി സലീം ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ അതിർത്തി ഗ്രാമങ്ങളിലുൾപ്പെടെ തിരച്ചിൽ നടത്തുന്നുണ്ട്. പിടികൂടിയ വാളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. സംഘടനയെ നിരോധിച്ച പശ്ചാത്തലത്തിൽ പിഎഫ് ഐ കേന്ദ്രങ്ങൾ പൂട്ടി സീലുചെയ്യാൻ നടപടികൾ ആരംഭിച്ചു.