തൊടുപുഴ: സാംസ്കാരിക വകുപ്പ് നടത്തുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ തുടക്കമായി. പോസ്റ്റർ പ്രചരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് സെക്രട്ടറി വി.ജി. ജയന് നൽകി നിർവഹിച്ചു. പ്രായഭേദമന്യേ ഏവരിലും കലാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ കലാ പരിശീലനം ഒരുക്കിയിരിക്കുന്നത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മുടിയേറ്റും മുടിയേറ്റിന്റെ പ്രാരംഭഘട്ടമായി ചെണ്ടമേളവുമാണ് അഭ്യസിപ്പിക്കുന്നത്. സംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ മുടിയേറ്റ് കലാകാരൻ മിഥുൻ ഷാജിയാണ് കലാദ്ധ്യാപകൻ. മിഥുൻ ഷാജിക്കുള്ള സാംസ്കാരിക വകുപ്പിന്റെ തിരിച്ചറിയൽ കാർഡ് വിതരണം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലം നിർവഹിച്ചു. സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്. സൂര്യലാൽ, കലാ അദ്ധ്യാപകരായ ഹരിത കലാമണ്ഡലം, ടി.ആർ. സൂര്യദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മുടിയേറ്റ്, ചെണ്ടമേളം എന്നിവയിൽ സൗജന്യ കലാപരിശീലനം ആഗ്രഹിക്കുന്നവർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോർഡിനേറ്റർ എസ്. സൂര്യലാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |