SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.27 PM IST

അൻപതാണ്ടു പിന്നിട്ടിട്ടും അദ്ധ്യാപകരോട് അനീതി തന്നെ: ജില്ല മാറിയാൽ ഇന്നും ജൂനിയർ

teacher

പിലാത്തറ: ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറുമ്പോൾ അദ്ധ്യാപകരുടെ സീനിയോരിറ്റി പൂർണമായും നഷ്ടപ്പെടുന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരനൂറ്റാണ്ടായി മാറിമാറി വന്ന മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരെ കണ്ടിട്ടും ഫലമുണ്ടായില്ല. 57 വർഷം മുമ്പ് അന്നത്തെ സാഹചര്യത്തിൽ ഉണ്ടാക്കിയ നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് അദ്ധ്യാപകരുടെ കൂട്ടായ്മ

കണ്ണൂർ, കാസർകോട്, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ അദ്ധ്യാപക ക്ഷാമം ഉണ്ടായിരുന്ന കാലത്തുള്ളതാണ് ഈ ഉത്തരവ് . ഈ ജില്ലകളിൽ നിയമനം ലഭിച്ച പലരും പിന്നീട് സൗകര്യപ്രദമായ മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്തുന്ന അവസ്ഥ വ്യാപകമായപ്പോഴായിരുന്നു 57 വർഷം മുമ്പ് ഇത്തരമൊരു നിയമം പാസാക്കിയത്. എന്നാൽ അദ്ധ്യാപകക്ഷാമം പരിഹരിക്കപ്പെട്ടിട്ടും പഴയ നിയമം ഭേദഗതി ചെയ്യാൻ മടിച്ചുനിൽക്കുകയാണ് അധികൃതർ.

മറ്റു ജില്ലകളിൽ ജോലി ലഭിക്കുന്നവർ അഞ്ചുവർഷം കഴിഞ്ഞു മാത്രമേ സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാവൂവെന്നാണ് നിയമം. അല്ലാത്തപക്ഷം സ്വന്തം സൗകര്യാർത്ഥം സ്ഥലം മാറുന്നവരുടെ സർവീസ് സീനിയോരിറ്റി ഒഴിവാക്കി സ്ഥലംമാറ്റം കിട്ടിയിടത്ത് ഏറ്റവും ജൂനിയറായി ജോലിയിൽ പ്രവേശിക്കണമെന്നാണ് വ്യവസ്ഥ.ഒരു ജില്ലയിൽ ജോലി കിട്ടിയശേഷം അതേ തസ്തികയിൽ ഇതര ജില്ലകളിൽ അപേക്ഷിക്കാൻ പാടില്ലെന്ന പി.എസ്‌.സി നിയമമാണ് മാതൃജില്ലയിൽ എത്താനാകാത്ത അവസ്ഥ ഉണ്ടാക്കിയത്.അഞ്ചു വർഷം മുതൽ 20 വർഷം വരെ സീനിയോരിറ്റിയുള്ള അദ്ധ്യാപകർക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചാൽ സീനിയോരിറ്റി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുമൂലം നിലവിലുള്ളത്.

പാർട്ട് ടൈം ജൂനിയർ അദ്ധ്യാപകർക്ക് ഇളവ്
1968 ൽ നടപ്പാക്കിയ ഉർദു, അറബി തുടങ്ങിയ പാർടൈം ജൂനിയർ ഭാഷാ അദ്ധ്യാപകരെ ബാധിക്കുന്ന
സമാന ഉത്തരവ് അദ്ധ്യാപകസംഘടനയുടെ ഇടപെടൽമൂലം മുമ്പ് പിൻവലിച്ചിരുന്നു. സർവീസിൽനിന്ന് ലീവെടുത്ത് വിദേശത്തും മറ്റും ജോലി ചെയ്തു തിരിച്ചുവരുന്നവർക്ക് ലീവ് കാലം സർവീസ് കാലമായി പരിഗണിച്ച് സ്ഥാനക്കയറ്റം നൽകിയിരുന്നു. അതേസമയം സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ രണ്ട് ജില്ലകളിൽ ജോലി ചെയ്തതിന്റെ പേരിൽ അവരുടെ പത്തും ഇരുപതും വർഷത്തെ സീനിയോരിറ്റി പരിഗണിക്കാത്തത് ശരിയല്ലെന്നാണ് അദ്ധ്യാപകരുടെ വാദം.

ഡി.പി. ഐയുടെ ഉറപ്പും പാലിച്ചില്ല

സ്ഥാനമാറ്റം ലഭിച്ച അദ്ധ്യാപകരുടെ സീനിയോരിറ്റി പരിഗണിക്കുമെന്ന് 2008 ൽ അന്നത്തെ ഡി.പി.ഐ സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ധാരണയാക്കിയിരുന്നതായും അദ്ധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതനുസരിച്ചുള്ള നടപടികൾ ഉണ്ടായില്ല. അതിനിടെയാണ് ജില്ലകൾ മാറി സ്ഥലംമാറ്റം ലഭിച്ച അദ്ധ്യാപകരിൽ ഈ ദുരവസ്ഥ ഇന്നും തുടരുന്നത്.കെ.ബിജു ചെയർമാനും സി.വി. വിജു കൺവീനറുമായ സംഘടനയാണ് ഇപ്പോൾ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രവർത്തിച്ചു വരുന്നത്.

ഭേദഗതിക്കായി അലയാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇനിയും യാഥാർത്ഥ്യമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരും.

സി.വി.വിജു, കൺവീനർ,

ജില്ലാന്തര സ്ഥലം മാറ്റം ലഭിച്ച അദ്ധ്യാപകരുടെ സംസ്ഥാന കൂട്ടായ്മ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.