SignIn
Kerala Kaumudi Online
Saturday, 20 April 2024 8.29 AM IST

പ്രായപരിധി; ആർക്കും ഇളവില്ല

kanam-rajendran

പരസ്യവിമർശനങ്ങളും മത്സരത്തിലേക്ക് നീങ്ങുന്നെന്ന പ്രതീതിയും തുടങ്ങി അങ്ങേയറ്റം പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിൽ സി.പി.ഐ 24 -ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാനസമ്മേളനത്തിലേക്ക് കടക്കുകയാണ്. ഏറ്റവും വലിയ തർക്കവിഷയമായ പ്രായപരിധി നിബന്ധന സംബന്ധിച്ച മാർഗരേഖ സമ്മേളനത്തിൽ നടപ്പാക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സമ്മേളനലക്ഷ്യത്തെപ്പറ്റിയും സംഘടനാവിഷയങ്ങളെക്കുറിച്ചും അദ്ദേഹം കേരളകൗമുദിയോട് സംസാരിക്കുന്നു.

? തർക്കങ്ങളാണ് സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്നത്. യഥാർത്ഥവശങ്ങളിലേക്ക് ചർച്ചകളെത്താത്തത് കൊണ്ട് ചോദിക്കുന്നു, സമ്മേളനത്തിന്റെ മുഖ്യ അജൻഡയെന്താണ്?

- ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വളരെ ഗൗരവമായി ചർച്ചചെയ്യും . കൂടുതൽ വലത്തോട്ട് നീങ്ങുന്ന കേന്ദ്രസർക്കാർ ജനങ്ങൾക്ക് ഏറ്റവുമധികം ദുരിതമുണ്ടാക്കുന്നു. സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പോരാട്ടങ്ങളും നവലിബറൽ നയങ്ങൾക്കെതിരായ ബദലും വളർത്തിക്കൊണ്ടുവരികയാണ് പാർട്ടിയുടെ പ്രധാനലക്ഷ്യം. മതനിരപേക്ഷമായ രാഷ്ട്രസങ്കല്പത്തെ മാറ്റി മതരാഷ്ട്രവാദമുയർത്തുന്ന കക്ഷിയാണ് അധികാരത്തിലുള്ളത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെയും ദുർബലജനവിഭാഗങ്ങളുടെയും പൗരാവകാശങ്ങളുൾപ്പെടെ ചോദ്യം ചെയ്യപ്പെടുന്നു. വർഗീയതയ്ക്കെതിരെ പോരാടുന്ന ശക്തികളെ ഒന്നിപ്പിക്കുകയും മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ട ബാദ്ധ്യത ഇടതുപക്ഷത്തിനുണ്ട്. അതുകൊണ്ട് എൻ.ഡി.എ സർക്കാരിന്റെ വർഗീയപ്രീണനനയങ്ങൾക്കെതിരെ ജനകീയപ്രസ്ഥാനം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചർച്ചചെയ്യും. പല സംസ്ഥാനത്തും ഭൂരിപക്ഷം ആളുകൾ ഈ സർക്കാരിന്റെ നിലപാടിനെതിരാണ് . പക്ഷേ എതിർപ്പുകളെല്ലാം യോജിപ്പില്ലാത്ത പ്രാദേശികപാർട്ടികളുടെയോ മറ്റ് പ്രതിപക്ഷപാർട്ടികളുടെയോ ആയതുകൊണ്ടാണ് ബി.ജെ.പിയെ അധികാരത്തിൽ തുടരുന്നത്. സർക്കാരിനെതിരെ പ്രതിപക്ഷപാർട്ടികൾ ഒരുമിച്ച് ഒരു പ്രസ്ഥാനം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് ഉൾപ്പെടെ അതിപ്രധാന വിഷയങ്ങൾ സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും ചർച്ചയാവും.

? പാർട്ടി സംസ്ഥാനസെക്രട്ടറിയായി രണ്ട് ടേം പൂർത്തിയാക്കുമ്പോൾ സംഘടനാപരമായ വളർച്ച പാർട്ടിക്കുണ്ടായി

- ഞാൻ 2015ൽ കോട്ടയം സമ്മേളനത്തിൽ വരുമ്പോൾ 2014ലെ അംഗത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു സമ്മേളനം. അന്ന് 1,20,000മായിരുന്നു സി.പി.ഐയുടെ കേരളഘടകത്തിലെ അംഗസംഖ്യ. എന്നാലിപ്പോൾ 1,77,000ലധികമായിട്ടുണ്ട്. പാർട്ടി ബ്രാഞ്ചുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. പതിനൊന്നായിരം ബ്രാഞ്ചുകളുണ്ട്. സാന്നിദ്ധ്യം കൂടിയപ്പോൾ പാർട്ടിയുടെ സംസ്ഥാനത്തെ രാഷ്ട്രീയ ഇടപെടൽശേഷി വർദ്ധിച്ചു. പ്രതികരണശേഷിയും കൂടി. ഇത് പാർട്ടി നേതൃത്വം കൊടുക്കുന്ന ബഹുജനസംഘടനകളിലുമുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇതിനെ വളർച്ചയുടെ കാലഘട്ടമെന്ന് പറയാം.

? സി.പി.ഐക്ക് ഇടപെടൽശേഷി കൂടിയപ്പോൾ പാർലമെന്ററിവ്യാമോഹം പോലുള്ള അന്യവർഗ ചിന്താഗതികൾ സഖാക്കളെ പിടികൂടിയോ? ജില്ലാസമ്മേളനങ്ങളിലെ മത്സരങ്ങളൊക്കെ അതിന്റെ സൂചനയല്ലേ?

പാർട്ടിക്കുള്ളിൽ ഉൾപാർട്ടി ജനാധിപത്യം പാർട്ടി ഭരണഘടന അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് സ്വാഭാവികമായും ചില സ്ഥലങ്ങളിൽ മത്സരമുണ്ടാകുന്നുണ്ട്. എങ്കിലും ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് അതിന് പരിഹാരമുണ്ടാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സമൂഹത്തിന്റെ ക്രോസ് സെക്‌ഷനാണ് പാർട്ടിയും. സമൂഹത്തിലെ എല്ലാപ്രശ്നങ്ങളും പാർട്ടിക്കുള്ളിലും കടന്നുവരാം. അതിനെ പ്രതിരോധിച്ച് മുന്നോട്ട് പോവുകയെന്നതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ചുമതല.

? മാവേലിസ്റ്റോർ എന്ന് കേട്ടാൽ ഇ. ചന്ദ്രശേഖരൻനായരെ ഓർക്കുന്നത് പോലെ സി.പി.ഐ മന്ത്രിമാർ അവരുടേതായ മുദ്രപതിപ്പിച്ച കാലഘട്ടമുണ്ടായിട്ടുണ്ട്. അത്തരം നൂതനാശയങ്ങൾക്കുള്ള ചർച്ചകളൊക്കെ ഇപ്പോഴുമുണ്ടോ? കൃഷിയിലൊന്നും ഇപ്പോഴും കേരളം സ്വയംപര്യാപ്തമല്ല

- റെവന്യൂവകുപ്പിലെ ഏറ്റവും പ്രധാനപ്രശ്നമാണല്ലോ റീസർവേ. എത്രയോ വർഷങ്ങളായി. ആദ്യം സർവേ ചെയ്തത് വീണ്ടും ചെയ്യേണ്ട സമയമായി. കൃഷിയിടങ്ങളുടെ വിസ്തൃതി കുറഞ്ഞ് പോയതൊന്നും ആരുടെയെങ്കിലും ഒരാളുടെ കുറ്റമല്ല. തരിശിടാതെ കൃഷി ചെയ്യാനിപ്പോൾ ശ്രമിക്കുന്നു. ഡിജിറ്റൽ സർവേയടക്കം സർക്കാർ ആലോചിക്കുന്നു. പുതിയ ആശയങ്ങൾ കൊണ്ടുവരിക, ശാസ്ത്ര, സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങൾക്ക് നല്ലത് ചെയ്യാൻ സൗകര്യമൊരുക്കുക എന്നത് ആലോചിക്കുന്നുണ്ട്.

? പാർട്ടി മന്ത്രിമാരുടെ പ്രവർത്തനങ്ങളെ സ്വയംവിമർശനപരമായി പരിശോധിച്ചാൽ... മന്ത്രിസഭാംഗങ്ങളുടെ പരിചയക്കുറവൊക്കെ ചർച്ചയാവുന്നുണ്ട്, ഒന്നാം പിണറായി സർക്കാരിനെപ്പോലെ ഉയരുന്നില്ല എന്നൊക്കെ...

- അങ്ങനെയുള്ള വിമർശനങ്ങളിലൊന്നും കാര്യമില്ല. മന്ത്രിമാർക്ക് പരിചയമില്ലെങ്കിൽ 57ലെ സർക്കാരുണ്ടായത്എങ്ങനെ? പരിചയമുള്ള മന്ത്രിമാർ ആരാണുണ്ടായിരുന്നത്. കേരളം രൂപീകരിച്ചശേഷമുണ്ടായ ആദ്യത്തെ തിരഞ്ഞെടുപ്പാണ്. പരിചയമൊക്കെ നമുക്കുണ്ടാക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ സർക്കാരിനെ അങ്ങനെ വിലയിരുത്താൻ സമയമായിട്ടില്ല. ആദ്യവർഷം കഴിഞ്ഞതേയുള്ളൂ. പ്രവർത്തനം മെച്ചപ്പെടുത്താൻ കണിശമായും കഴിയും. ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആദ്യത്തെ വർഷം ഇതൊക്കെത്തന്നെയാണ് നിങ്ങളൊക്കെ പറഞ്ഞത്. അതുകൊണ്ട് ഇതൊക്കെ വെറും ആപേക്ഷികമാണ്.

? ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ സി.പി.ഐ മന്ത്രിമാർ ആദ്യമൊന്നും പ്രതികരിച്ചില്ലെന്ന് വിമർശനങ്ങളുയർന്നില്ലേ...

- അതൊക്കെ മാദ്ധ്യമങ്ങളിൽ വന്നതാണ്. അതിനെ സംബന്ധിച്ച് വ്യത്യസ്താഭിപ്രായമുണ്ടായിരുന്നു. അന്ന് കാബിനറ്റിലുണ്ടായ ധാരണ, ബിൽ വരുമ്പോൾ ആവശ്യമായ ഭേദഗതി വരുത്താമെന്നാണ്. ബിൽ വന്നപ്പോൾ ഭേദഗതി വരുത്തി അംഗീകരിച്ചു. അതിനപ്പുറം വലിയ പ്രശ്നങ്ങളൊന്നുമില്ല.

? ഇടതുമുന്നണിയിലെ തിരുത്തൽശക്തിയെന്നറിയപ്പെടാൻ സി.പി.ഐ ശ്രമിക്കാറുണ്ടായിരുന്നു. വല്യേട്ടൻ സി.പി.എം, വഴികാട്ടി സി.പി.ഐ എന്ന മട്ട്. താങ്കൾ സെക്രട്ടറിയായപ്പോൾ തന്നെ മാവോയിസ്റ്റ് വേട്ട, തോമസ് ചാണ്ടിയുടെ രാജി പോലുള്ള വിഷയങ്ങളിൽ അത്തരമിടപെടൽ നടത്തിയിട്ടുണ്ട്. എന്നാൽ സമീപകാലത്ത് പിന്നാക്കം പോകുന്നു എന്ന വിമർശനം ശക്തമാണ്...

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി ഈ സർക്കാർപോയ സന്ദർഭങ്ങളിലാണ് ഞങ്ങൾ വിമർശിച്ചത്. ആ വിമർശനങ്ങൾ ശരിയുമായിരുന്നു. പിന്നീടത്, പലപ്പോഴായി ദേശീയതലത്തിൽ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമാണെന്ന് ഞങ്ങൾ ചൂണ്ടിക്കാട്ടി. അപ്പോഴുണ്ടായ ധാരണ, ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ രണ്ട് പാർട്ടികളും ഉഭയകക്ഷി ചർച്ചനടത്തി പരിഹരിക്കണമെന്നാണ്. ചർച്ചകൾ നടക്കാറുണ്ട്, വിഷയങ്ങൾ ഉന്നയിക്കാറുണ്ട് . അത് മാദ്ധ്യമങ്ങളെ അറിയിക്കേണ്ടതില്ല. അങ്ങനെ എൽ.ഡി.എഫ് കൂട്ടായി ആലോചിച്ചും ചർച്ച ചെയ്തും പോകേണ്ട സംവിധാനമാകുമ്പോൾ ദിവസവും രാവിലെ എന്തിനാണ് വിമർശനമുന്നയിക്കുന്നത് ?

? പാർട്ടിക്കകത്ത് നിന്നുതന്നെ അത്തരം വിമർശനങ്ങളുയരുകയല്ലേ...

- അത് വാർത്തകളല്ലേ. വാർത്തകൾ സത്യമാകണമെന്നില്ലല്ലോ. ജില്ലാ സമ്മേളനത്തിൽ 40 പേർ ചർച്ചയിൽ പങ്കെടുത്തു. അതിലൊരാൾ ഒരു കാര്യം പറഞ്ഞെന്നിരിക്കും. പക്ഷേ മാദ്ധ്യമങ്ങളിൽ ആ ഒരാൾ പറഞ്ഞതേ വരൂ. 39 പേർ എന്ത് പറഞ്ഞുവെന്നതിന് നിങ്ങൾ പ്രാധാന്യം കൊടുക്കാറില്ല. നെഗറ്റീവായ വാർത്തയാണിന്ന് മാദ്ധ്യമങ്ങൾക്കാവശ്യം. കേരളത്തിൽ 14 ജില്ലാ സമ്മേളനങ്ങൾ നടന്നു. അതിലൊരു ജില്ലാ സമ്മേളനവും ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ നിന്ന് വേറിട്ട് പോകണമെന്ന് പറഞ്ഞിട്ടില്ല. ഒരു സഖാവും പറഞ്ഞിട്ടില്ല. 80 മുതൽ പാർട്ടി സ്വീകരിക്കുന്ന നിലപാട് ശരിയാണെന്നാണ് അത് കാണിക്കുന്നത്.

? ഇടുക്കിയിൽ സംസ്ഥാനനേതൃത്വം വനിതയെ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ആദ്യമായി ഒരു വനിത ജില്ലാസെക്രട്ടറിയാവാനുള്ള അവസരം പോലും സംസ്ഥാനനേതൃത്വത്തെ ധിക്കരിച്ചുകൊണ്ട് മത്സരത്തിലൂടെ അട്ടിമറിക്കപ്പെട്ടു...

സംസ്ഥാന നേതൃത്വത്തിന്റെ ചിന്തയ്ക്കനുസരിച്ചുള്ള വളർച്ച ഒരുപക്ഷേ ഇടുക്കിയിലെ സഖാക്കൾക്ക് ഉണ്ടായിട്ടില്ലെന്ന് കണക്കാക്കിയാൽ മതി.

ഏതുദ്ദേശത്തോടെയാണ് അങ്ങനെയൊരു നിർദ്ദേശം വച്ചതെന്നല്ല അവർ ചിന്തിച്ചത്. ഞങ്ങൾക്ക് നിർദ്ദേശം വയ്ക്കാനേ പറ്റൂ.

? കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിനിർണയത്തിൽ വനിതകളെ തഴഞ്ഞതിന് സി.പി.ഐ പഴി കേട്ടതാണ്?

- കഴിഞ്ഞതവണ മൂന്ന് പേരുണ്ടായതിൽ ഇത്തവണ ഒരാൾക്ക് മാറേണ്ടി വന്നു. അങ്ങനെ വന്നപ്പോൾ രണ്ട് സ്ഥാനാർത്ഥികൾ മാത്രമായി. അതൊരു കുറവാണെന്ന് ഞങ്ങൾതന്നെ സമ്മതിച്ചു. ഞങ്ങളിപ്പോൾ പാർട്ടി ദേശീയകൗൺസിൽ പുറപ്പെടുവിച്ച മാർഗരേഖപ്രകാരം എല്ലാ കമ്മിറ്റികളിലും 15 ശതമാനം സ്ത്രീകൾ വേണമെന്ന് തീരുമാനിച്ചു. അത് കൃത്യമായി 14 ജില്ലാ സമ്മേളനങ്ങളിലും അതിന് മുമ്പത്തെ മണ്ഡലം സമ്മേളനങ്ങളിലും പ്രാവർത്തികമാക്കി.

? ദേശീയകൗൺസിലിന്റെ മാർഗരേഖയാണിപ്പോൾ തർക്കവിഷയം. പ്രായപരിധി മാനദണ്ഡത്തിനെതിരെ എതിർപ്പുയരുന്നു...

- തർക്കിക്കേണ്ട ഒരു കാര്യവുമില്ല. പാർട്ടി ഭരണഘടനയനുസരിച്ച് ദേശീയകൗൺസിലിനുള്ള അധികാരമാണത്. ദേശീയ കൗൺസിലെന്ന് പറയുന്നത് രണ്ട് പാർട്ടി കോൺഗ്രസുകൾക്കിടയിലെ പാർട്ടിയുടെ ഏറ്റവും ഉയർന്ന ബോഡിയാണ്. അവർക്ക് പാർട്ടിയെ സംബന്ധിച്ച് എന്ത് തീരുമാനവുമെടുക്കാനും അധികാരമുണ്ട്. ഭരണഘടനയുടെ 11(7) പറയുന്നത് ഒരു പാർട്ടി കോൺഗ്രസ് നടക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട മാർഗരേഖ പുറപ്പെടുവിക്കണമെന്നാണ്. അതാണിപ്പോൾ പുറപ്പെടുവിച്ചത്. അത് ഇന്ത്യക്കാകെ ബാധകമാണ്. മുഴുവൻ സഖാക്കൾക്കും ബാധകമാണ്. ജില്ലാ സമ്മേളനങ്ങളിലും മറ്റെല്ലാ സമ്മേളനങ്ങളിലും നടപ്പാക്കിയതുമാണ്.

? അപ്പോൾ സംസ്ഥാനസമ്മേളനത്തിലും നടപ്പാക്കും?

- സ്വാഭാവികമായും. ഈ മാർഗരേഖ സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും ചർച്ചചെയ്ത് അംഗീകരിച്ചതാണ്. എതിരെ ആരെങ്കിലും പറഞ്ഞാൽ അതിന് അത്രയും പ്രാധാന്യം കൊടുത്താൽ മതി.

? ചില സംസ്ഥാനങ്ങളിൽ സമ്മേളനം മാർഗരേഖ തള്ളിയതായി വാർത്തകളുണ്ടല്ലോ...ബീഹാറിലും മറ്റും...

- ബീഹാറിലെ പാർട്ടി സെക്രട്ടറിക്ക് 76 വയസ്സുണ്ടെന്നാണ് ഒരു പത്രത്തിൽ വന്ന വാർത്ത. അതെഴുതിയ ആളിന്റെ കൈയിൽ ആധാർ കാർഡുണ്ടോ? ആ സെക്രട്ടറിക്ക് 72 വയസ്സേയുള്ളൂ. തമിഴ്നാട്ടിലെ ഒരു സഖാവിന് 75 വയസ്സ് കഴിഞ്ഞ് അഞ്ച് ദിവസമായി. അദ്ദേഹത്തെ സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കി.

? പാർട്ടി കോൺഗ്രസ് ഭരണഘടനാഭേദഗതി വരുത്തിയാലല്ലേ ഇത് അന്തിമമായി അംഗീകരിക്കപ്പെടൂ...

- അതിൽ കാര്യമില്ല. പാർട്ടി കോൺഗ്രസ് അന്തിമമായി ഭരണഘടനാഭേദഗതി വരുത്തും. അല്ലെങ്കിൽ ഈ തീരുമാനം അംഗീകരിക്കും. ഇന്ത്യയൊട്ടാകെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണിത്. ആരോഗ്യമല്ല, പ്രായമാണ് പ്രശ്നം.

? പ്രായപരിധി കഴിഞ്ഞിട്ടും പാർട്ടിയിൽ സജീവമായി നിൽക്കുന്നവർക്ക് ഉയർന്ന ഘടകങ്ങളിൽ ഇളവുണ്ടാകുമോ? സി.പി.എമ്മിൽ സി.ഐ.ടി.യുവിലൊക്കെ തുടരാൻ അനുവദിച്ചത് പോലുള്ള പുനരധിവാസം?

- ആർക്കും ഇളവുണ്ടാകില്ല. മാർഗരേഖയ്ക്കകത്ത് ഇളവ് പറഞ്ഞിട്ടില്ല.

പുനരധിവാസമൊക്കെ മാർഗരേഖ നടപ്പാക്കിക്കഴിഞ്ഞ് ആലോചിക്കേണ്ടതാണ്. അവരാരും പാർട്ടിയിൽനിന്ന് പോകുന്നില്ല. ഔദ്യോഗികപദവിയിലില്ലെന്നേയുള്ളൂ.

? മുഖ്യമന്ത്രി പിണറായി വിജയന് സി.പി.എം പി.ബിയിൽ ഇളവ് നൽകിയില്ലേ...

സി.പി.എമ്മിൽ മാർഗരേഖ പുറപ്പെടുവിക്കുന്ന സമയത്ത് തന്നെ മുഖ്യമന്ത്രിക്ക് ഇളവ് കൊടുത്തിരുന്നു. പക്ഷേ പി.ബിയിൽ വേറെയാർക്കും ഇളവ് കൊടുത്തില്ലല്ലോ. ആർക്കെങ്കിലും ഇളവ് കൊടുക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല.

? സംസ്ഥാനസമ്മേളനത്തിൽ മത്സരം നടക്കുമെന്നാണ് സി. ദിവാകരൻ പരസ്യമായി പറഞ്ഞത്. ഒരാൾതന്നെ സെക്രട്ടറിയായി തുടരേണ്ടതില്ലെന്നുമൊക്കെ. താൻ തന്നെ സെക്രട്ടറിയായി തുടരുമെന്ന് പറഞ്ഞത് ശരിയല്ലെന്നും പറഞ്ഞു...

- പാർട്ടി ഭരണഘടനയിൽ അഖിലേന്ത്യാ പാർട്ടി സെക്രട്ടറിക്ക് രണ്ട് തവണയും സ്റ്റേറ്റ് സെക്രട്ടറിക്ക് മൂന്ന് തവണയും തുടരാമെന്ന് വ്യക്തമായി പറയുന്നുണ്ട്. അതെനിക്കും ദിവാകരനുമൊക്കെ ബാധകമായ ഭരണഘടനയാണ്. അതിൽത്തന്നെ ദേശീയസെക്രട്ടറിക്ക് മൂന്നാം ടേം വേണമെങ്കിൽ നാലിൽ മൂന്ന് ഭൂരിപക്ഷവും സംസ്ഥാനസെക്രട്ടറിക്ക് നാലാം ടേമിൽ തുടരാൻ നാലിൽ മൂന്ന് ഭൂരിപക്ഷവും വേണമെന്ന് പറയുന്നു. ഇതൊക്കെ ഭരണഘടനയാണ്. അതിന്റെയർത്ഥം എല്ലാവരും സ്ഥിരമായി തുടരണമെന്നല്ല. പന്ത്രണ്ടും പതിനഞ്ചും വർഷം സെക്രട്ടറിമാരായി തുടർന്നയാളുകളുണ്ട് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും. അതിനൊരു നിയന്ത്രണം വരുത്താനാണ് ഇങ്ങനെയൊരു തീരുമാനം. അത് നടപ്പാക്കുന്നു. പാർട്ടി സമ്മേളനമാണ് ആരാണ് സെക്രട്ടറിയാവണമെന്ന് തീരുമാനിക്കുന്നത്. അല്ലാതെ ഞാൻ തന്നെ സെക്രട്ടറിയായി തുടർന്ന് കൊള്ളണമെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല. ദിവാകരൻ എഴുതാപ്പുറം വായിക്കുന്നതാണ്.

? സമ്മേളനം മത്സരത്തിലേക്ക് നീങ്ങിയാൽ താങ്കളുടെ നിലപാടെന്താകും...

- പാർട്ടി തീരുമാനമെന്താണോ അത് നടപ്പിലാക്കും. അത്രയുള്ളൂ. മത്സരമാണോ, മത്സരമില്ലാത്തതാണോ എന്നൊന്നും അറിയേണ്ടതില്ല.

? സമീപദിവസങ്ങളിൽ അസാധാരണ സംഭവങ്ങളാണല്ലോ സി.പി.ഐയിൽ കാണുന്നത്.. പരസ്യവിമർശനങ്ങളൊക്കെ ഉയരുന്നു. ഇത്തരം പ്രവണതകൾക്കൊക്കെ തടയിടാനുള്ള തിരുത്തൽ പ്രക്രിയ സമ്മേളനാനന്തരം സി.പി.ഐയിലുണ്ടാകുമോ...

- ഇപ്പോൾ തന്നെ പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി ആളുകൾ പെരുമാറിയാൽ അതിന്റേതായ കാര്യങ്ങളൊക്കെ ഭരണഘടന നിർദ്ദേശിക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഈ രണ്ട് ദിവസം മുമ്പ് അതൊന്നും നമ്മളിപ്പോൾ വിഷയമാക്കുന്നില്ല. പുതിയ കൗൺസിൽ വരുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ പരിശോധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANAM RAJENDRAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.