SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.19 AM IST

കാര്യവട്ടത്തെ പിച്ചല്ലേ, മാന്തല്ലേ....

karyavattom

തിരുവനന്തപുരം : കാര്യവട്ടം ട്വന്റി-20യിൽ ഇന്ത്യ എട്ടുവിക്കറ്റിന്റെ വിജയം ആഘോഷിച്ചു മടങ്ങുമ്പോഴും വിവാദമദ്ധ്യത്തിൽ നിൽക്കുന്നത് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചാണ്. ബാറ്റിംഗ് പിച്ചായിരിക്കുമെന്നും ട്വന്റി-20യിൽ 180ന് മേൽ സ്കോർ ഉയർത്താൻ കഴിയുമെന്നും പിച്ച് തയ്യാറാക്കിയ ക്യുറേറ്റർ ബിജു മത്സരത്തിന് മുമ്പ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.എന്നാൽ 100 റൺസിനപ്പുറം കടക്കാൻ ദക്ഷിണാഫ്രിക്ക ഏറെ ബുദ്ധിമുട്ടി.

ക്രിക്കറ്റിൽ ബാറ്റിംഗിന് അനുകൂലമായ പിച്ചുകൾ മാത്രമല്ല വേണ്ടത് എന്ന ന്യായമുണ്ടെങ്കിലും സിക്സും ഫോറും പറക്കുന്നത് കാണാൻ ടിക്കറ്റെടുത്ത് കാര്യവട്ടത്തെത്തിയവർക്കാണ് നിരാശപ്പെടേണ്ടിവന്നത്. കളിതുടങ്ങി മൂന്നോവറിനുള്ളിൽ മത്സരത്തിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. ഇതോടെ വെടിക്കട്ട് കാണാനായി ഉത്സവത്തിനെത്തിയവർക്ക് കഥകളി കാണേണ്ടിവന്നതുപോലെയായി കാര്യങ്ങൾ. ട്വന്റി-20യുടെ ആരവം പ്രതീക്ഷിച്ചത്തിയവർക്ക് മുന്നിൽ ടെസ്റ്റ് ശൈലിയിലാണ് ദക്ഷിണാഫ്രിക്കൻ വാലറ്റം കളിച്ചത്. ഇന്ത്യൻ ബാറ്റിംഗിൽ രോഹിതും കൊഹ്‌ലിയും പുറത്തായപ്പോൾ മറ്റൊരു ബാറ്റിംഗ് ദുരന്തസാദ്ധ്യത ഭയപ്പെടുത്തുന്ന രീതിയിലുണ്ടായിരുന്നു. എന്നാൽ വരുന്ന വരവിൽ സൂര്യകുമാർ യാദവ് നേടിയ രണ്ട് സിക്സുകൾ കളിയുടെ ഗതിതന്നെ മാറ്റിക്കളഞ്ഞു. സ്വതസിദ്ധശൈലിയിലെ കെ.എൽ രാഹുലിന്റെ നങ്കൂരമിടൽ കൂടിയായതോടെയാണ് വിജയം ഇന്ത്യയ്ക്ക് അനുകൂലമായി മാറിയത്.

പിച്ചിന് പറ്റിയതെന്ത് ?

1. ബിജുവിന്റെ നേതൃത്വത്തിൽ 10പിച്ചുകളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബി.സി.സി.ഐയിൽ നിന്ന് പിച്ച് പരിശോധിക്കാനെത്തിയ ക്യൂറേറ്റർമാരുടെ എലൈറ്റ് പാനൽ അംഗം പ്രശാന്ത് റാവു ഈ വിക്കറ്റുകളിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആറുമാസം മുമ്പ് കാടുപിടിച്ച് തണ്ണിമത്തൻ വിളഞ്ഞുകിടന്ന സ്ഥലത്താണ് ബിജു പിച്ചുകളൊരുക്കിയത്.

2. എന്നാൽ ബൗളർമാർക്ക് അപ്രതീക്ഷിതമായ സ്വിംഗാണ് പിച്ചിൽ നിന്ന് ലഭിച്ചത്. ദീപക് ചഹറിന്റെ ആദ്യ ഓവറിൽത്തന്നെ പന്ത് വായുവിൽ തിരിയാൻ തുടങ്ങി. അർഷ്ദീപ് സിംഗിനും ഇതേ ആനുകൂല്യം ലഭിച്ചു.

3. ഈ എയർ ബോൺ സ്വിംഗിന് പിച്ച് മാത്രമായിരുന്നില്ല കാരണം. കടലിന്റെ സമീപത്തുള്ള കാര്യവട്ടത്തെ സന്ധ്യാസമയത്തെ കാറ്റും അന്തരീക്ഷ വായുവിന്റെ സാന്ദ്രതാവ്യത്യാസവും ഹ്യുമിഡിറ്റിയും മത്സരത്തിന്റെ ഗതി നിയന്ത്രിച്ചു. നേരിയ തോതിലെങ്കിലുമുണ്ടായിരുന്ന മഞ്ഞുവീഴ്ചയും ബാറ്റർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.

4. മൂന്ന് വർഷം മുമ്പ് ദക്ഷിണാഫ്രിക്ക എ ടീമിനായി ഇവിടെ ആറ് മത്സരങ്ങൾ കളിച്ചിട്ടുള്ള ടെംപ ബൗമയടക്കമുള്ള താരങ്ങൾക്ക് ഈ കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലം മുൻകൂട്ടികാണാൻ കഴിഞ്ഞില്ല. അവർ അന്ന് പകൽസമയത്താണ് കളിച്ചിരുന്നത്. ഇ‌ൗ വരവിലെ പരിശീലന സെഷനുകളും കൂടുതലും പകലായിരുന്നു.

5. പിച്ചും കാലാവസ്ഥയും ബാറ്റിംഗിന് പ്രതികൂലമായിരുന്നു എന്നത് സത്യമാണെങ്കിലും ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റർമാരുടെ അലക്ഷ്യമായ ഷോട്ടുകൾ അവരുടെ കുഴിതോണ്ടലിന് പ്രധാനകാരണമായി. ഡേവിഡ് മില്ലർ,ബൗമ ,ഡി കോക്ക് തുടങ്ങിയവരുടെ കുറ്റിതെറിച്ചത് ഉദാഹരണം.

ലോകകപ്പ്പോലെ ഒരു വലിയ ടൂർണമെന്റിന് ഒരുങ്ങുമ്പോൾ ഇത്തരത്തിലുള്ള ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളിൽക്കൂടി കളിച്ചു പരിശീലിക്കുന്നത് വളരെ നല്ലകാര്യമായാണ് തോന്നുന്നത്. സാഹചര്യം മനസിലാക്കി അതിനനുസരിച്ച് കളിച്ച അർഷ്ദീപും ചാഹറും സൂര്യകുമാറും രാഹുലും അഭിനന്ദനമർഹിക്കുന്നു. പിച്ച് ബൗളർമാരെ തുണയ്ക്കുമെന്ന് തോന്നിയതിനാലാണ് ടോസ് കിട്ടിയപ്പോൾ ബാറ്റിംഗ് തിരഞ്ഞെടുത്തത്.

- രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്ടൻ

രണ്ടുദിവസം ഇവി‌ടെ പരിശീലനം നടത്തിയിട്ടും പിച്ച് ഇങ്ങനെ പെരുമാറുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല. ബാറ്റിംഗ് പിച്ചായാണ് കരുതിയത്. ഇത്ര ചെറിയ സ്കോറിൽ ഒതുങ്ങിയപ്പോഴേ ജയിക്കണമെങ്കിൽ അത്ഭുതമെന്തെങ്കിലും സംഭവിക്കണമെന്ന് തോന്നിയിരുന്നു.

- ടെംപ ബൗമ,ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KARYAVATTO KALI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.