ബീജിംഗ്: കഴിഞ്ഞ ഏതാനും മാസങ്ങളായി തായ്വാനും ചൈനയും തമ്മിലെ ബന്ധം സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനവും തുടർന്ന് തായ്വാൻ കടലിടുക്കിൽ ചൈന നടത്തിയ സൈനികാഭ്യാസങ്ങളും മേഖലയിലെ സമാധാന അന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കി.
ഇതിനിടെ ' ടുവാൻ ടുവാൻ " എന്ന ജയന്റ് പാണ്ടയെ ബാധിച്ച ഗുരുതര രോഗത്തിന്റെ ചികിത്സയ്ക്കായി ചൈനയുടെ സഹായം തേടിയിരിക്കുകയാണ് തായ്വാൻ.
തായ്പെയ് മൃഗശാലയിലാണ് ടുവാൻ ടുവാനുള്ളത്. എം.ആർ.ഐ സ്കാനിൽ ടുവാൻ ടുവാന്റെ തലച്ചോറിൽ കാര്യമായ തകരാറ് കണ്ടെത്തിയതോടെയാണ് അതിന്റെ ജീവൻ രക്ഷിക്കാൻ ചൈനീസ് വിദഗ്ദ്ധരുടെ സഹായം തേടിയതെന്ന് മൃഗശാല അധികൃതർ പറയുന്നു.
അസാധാരണമായി പെരുമാറി തുടങ്ങിയ ടുവാൻ ടുവാൻ ആഹാരം കഴിക്കാതെയായി. ടുവാൻ ടുവാന്‍ ഓഗസ്റ്റ് അവസാനം മൂന്ന് മിനിറ്റ് നീണ്ട അപസ്മാരം ഉണ്ടായതോടെയാണ് സ്കാനിംഗിന് വിധേയമാക്കിയത്. അതേ സമയം, ടുവാൻ ടുവാനെ ചികിത്സിക്കാൻ ചൈന തയാറാകുമോ എന്ന് വ്യക്തമല്ല. സ്വയംഭരണാധികാരമുള്ള ജനാധിപത്യ ദ്വീപായ തായ്വാൻ തങ്ങളുടെ ഭാഗമാണെന്നും അധികാരം കൈക്കലാക്കുമെന്നുമാണ് ചൈനയുടെ വാദം.
തായ്വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ ഒരു യുദ്ധം ആരംഭിക്കാൻ പോലും തങ്ങൾ മടിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ടുവാൻ ടുവാന്റെ കാര്യത്തിൽ ചൈനീസ് ഭരണകൂടത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്നാണ് തായ്വാനിലേയും ചൈനയിലേയും മൃഗസ്നേഹികൾ ഉറ്റുനോക്കുന്നത്.
ചൈനയുടെ സമ്മാനം
2008ൽ നയതന്ത്ര സഹകരണത്തിന്റെ ഭാഗമായി തായ്വാന് ചൈന സമ്മാനമായി നൽകിയതാണ് ടുവാൻ ടുവാനെയും യുവാൻ യുവാൻ എന്ന മറ്റൊരു ജയന്റ് പാണ്ടയേയും. ടുവാൻ ടുവാനിൽ നടത്തിയ പരിശോധനകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. ഇതിന് ശേഷമേ രോഗമെന്താണെന്ന് വ്യക്തമാകു. ആൺ പാണ്ടയായ ടുവാൻ ടുവാന്‍ ഓഗസ്റ്റിൽ 18 വയസായിരുന്നു. 14 മുതൽ 20 വയസുവരെയാണ് പാണ്ടകളുടെ ശരാശരി ആയുസ്. എന്നാൽ മനുഷ്യരുടെ പരിചരണത്തിൽ ഇവയ്ക്ക് വളരെ കൂടുതൽ കാലം ജീവിക്കാനാകും.
അതേ സമയം, ടുവാൻ ടുവാനെ ചികിത്സിക്കാനും തായ്പെയ് മൃഗശാലയ്ക്ക് സാങ്കേതിക സഹായം നൽകാനും ചൈനീസ് വിദഗ്ദ്ധർ തയാറാണെന്ന് സൂചനയുണ്ട്. ഒരു ചൈനീസ് മാദ്ധ്യമം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇതിൽ വ്യക്തത വന്നിട്ടില്ല. പാണ്ടകളുടെ കാര്യങ്ങളിൽ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ജയന്റ് പാണ്ട പ്രൊട്ടക്ഷൻ റിസേർച്ച് സെന്റർ മുമ്പും തായ്പെയ് മൃഗശാലയുമായി സഹകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |