കാന്താരി മുളക് കിട്ടാക്കനിയായതോടെ പലരും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ തുടങ്ങി. അധികം പണച്ചെലവില്ലാതെ ആർക്കും കാന്താരി മുളക് കൃഷി ചെയ്യാമെന്നതാണ് ഇതിന്റെ മേന്മ. നന്നായി ഉണങ്ങിയ ചാണകം നല്ല പൊടിയാക്കി മണ്ണിൽ ചേർക്കുക. ശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം.
മുളച്ച് ഒരു മാസമാകുമ്പോൾ തൈകൾ പറിച്ചുനടാറാകും. തൈകൾ പറിച്ചുനടാൻ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകൾ പിഴുതെടുക്കുക. പറിച്ചുനട്ട തൈകൾക്ക് മൂന്നുനാലുദിവസം തണൽ നൽകണം. പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എന്നിവ നല്കാം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേർത്ത് വളമായി നൽകണം. കടലപ്പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് നൽകുന്നതും നല്ലതാണ്. ചെടികൾക്ക് താങ്ങു നല്കണം. വേനൽ ഒഴികെയുള്ള സമയങ്ങളിൽ നന അത്ര പ്രധാനമല്ല.
വിത്ത് സംഭരിക്കേണ്ടതിലും പ്രത്യേകം ശ്രദ്ധിക്കണം. പഴുത്തു ചുവന്ന നിറമായ കാന്താരി മുളകുകൾ ശേഖരിച്ച് ഒരു പേപ്പർ കവറിലോ പത്രക്കടലാസിലോ നിരത്തുക. പത്രക്കടലാസിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളിൽ നന്നായി അമർത്തി ഉരസുക. മുളകു കുരു (വിത്ത്)വും മാംസളഭാഗവും വെവ്വേറെയായി മാറി എന്ന് ഉറപ്പുവരുന്നതുവരെ ഉരസൽ തുടരണം. വിത്ത് (കുരു) ഒരു പാത്രത്തിൽ ശേഖരിക്കുക. അതിലേക്ക് 60- 70 ഡിഗ്രിവരെ ചൂടുള്ള വെള്ളം ഒഴിക്കുക.
പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തിൽത്തന്നെ വയ്ക്കുക. തുടർന്ന് വിത്ത് കഴുകി മാംസളഭാഗങ്ങൾ ഒഴിവാക്കണം. വീണ്ടും ഒരുതവണ പച്ചവെള്ളത്തിൽക്കൂടി വിത്ത് കഴുകണം. വിത്ത് കഴുകുന്നതും കൈകൊണ്ട് തൊടുന്നതും ഒഴിവാക്കണം. ഗ്ലൗസ് ധരിച്ച ശേഷമാകണം വിത്ത് കഴുകുന്നത്. കഴുകി വൃത്തിയാക്കിയ വിത്ത് അൽപ്പം ചാരംചേർത്ത് ഇളക്കണം. തുടർന്ന് അവ തണലിൽ ഉണങ്ങാൻ ഇടണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനുശേഷം വിത്ത് വിതയ്ക്കാം.
കാന്താരി മുളകിന് കീടങ്ങളുടെ ആക്രമണസാദ്ധ്യത മറ്റു ചെടികളെക്കാൾ കുറവാണ്. ഇലപ്പേൻ രൂപത്തിലുള്ള ഒരു കീടം ഇലകൾക്കിടയിൽ വന്നുനിറയുന്നതാണ് പ്രധാന കീടബാധ. ഇതിനു പരിഹാരമായി വേപ്പെണ്ണ (10 ലിറ്റർ വെള്ളത്തിൽ 100 മില്ലി) നേർപ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കുകയോ ചെയ്താൽ മതി. കാന്താരി മുളകിന്റെ ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കുന്നതും ഒരു രോഗമാണ്.
ചുരുണ്ടുനിൽകുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി കട്ടിയായ തണുപ്പിച്ച കഞ്ഞിവെള്ളം തളിച്ചുകൊടുത്താൽ ഇല ചുരുളൽ പൂർണമായും മാറിക്കിട്ടും. കഞ്ഞിവെള്ളം കാന്താരി മുളകിന്റെ ചുവട്ടിൽ തുടർച്ചയായി ഒരാഴ്ച ഒഴിച്ചുകൊടുക്കുന്നത് മുളകിന്റെ വളർച്ച ത്വരിതപ്പെടുത്താനും ഇടയാക്കും. കാന്താരിമുളകിന്റെ നഴ്സറി തയ്യാറാകുന്നത് ജനുവരി - മാർച്ചിലായാൽ തുടർന്നുള്ള മാസങ്ങളിലെ ജലസേചന പ്രയാസം ഒഴിവാക്കാൻ സാധിക്കും.
കാന്താരിയും ആരോഗ്യവും
പണം മാത്രമല്ല നല്ല ആരോഗ്യവും നൽകുന്നതാണ് കാന്താരി. കൊളസ്ട്രോൾ കുറയ്ക്കാൻ കൺകണ്ട ഔഷധമാണ്. ഒപ്പം വാതരോഗങ്ങൾ, അജീർണം, വായുക്ഷോഭം, പൊണ്ണത്തടി, പല്ലുവേദന എന്നിവ ഭേദപ്പെടുത്താനും കാന്താരി ഉപയോഗിക്കുന്നുണ്ട്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ ചേർത്ത് കീടനാശിനിയായും ഉപയോഗിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |