SignIn
Kerala Kaumudi Online
Thursday, 25 April 2024 12.03 PM IST

വയോജനദിനവും മുതിർന്ന വനിതകളും

ss

ഒക്ടോബർ ഒന്ന് സാർവദേശീയ വയോജന ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത് 1990 ഡിസംബർ 14ന് ചേർന്ന യു.എൻ. ജനറൽ അസംബ്ളിയാണ്. അതിനുമുമ്പ് 1982-ൽ യു.എൻ. സംഘടിപ്പിച്ച 'വേൾഡ് അസംബ്ളി ഓൺ ഏജിംഗ്" വയോജന പ്രശ്നങ്ങൾ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിക്കുകയുണ്ടായി. സ്വാതന്ത്ര്യം, പങ്കാളിത്തം, പരിരക്ഷ, ആത്മസാക്ഷാത്കാരം, അന്തസ് എന്നീ മാർഗനിർദ്ദേശങ്ങളിലൂന്നിയുള്ള നയങ്ങളും പരിപാടികളും വയോജനങ്ങൾക്കുവേണ്ടി എല്ലാ രാജ്യങ്ങളും പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നയങ്ങളും പരിപാടികളും രാജ്യങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയെങ്കിലും അതൊന്നും കാര്യമായ ഫലങ്ങൾ ഉളവാക്കിയില്ല എന്ന് വയോജനങ്ങൾ ഇന്നു നേരിടുന്ന വിവേചനങ്ങളും അവഗണനയും തെളിയിക്കുന്നു.

അന്തർദേശീയ ദിനാചരണങ്ങൾ ഐക്യരാഷ്ട്രസഭയുടെ തുടക്കം മുതൽ തന്നെ പ്രഖ്യാപിച്ചുപോന്നിരുന്ന ഒന്നാണ്. പ്രശ്നങ്ങളിലേക്ക് ജനങ്ങളുടെയും ഭരണാധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശ്രദ്ധതിരിക്കുക, അവരെ ബോധവത്‌ക്കരിക്കുക, അന്തർദേശീയ പ്രശ്നങ്ങൾക്ക് പരിഹാരം തേടുക, മനുഷ്യരാശിയുടെ നേട്ടങ്ങൾ ആഘോഷമാക്കുക എന്നതു മാത്രമല്ല ദിനാചരണങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്. അവകാശങ്ങളും കടമകളും ഓർമ്മിപ്പിക്കാനുള്ള ശക്തമായ ഒരു ആയുധമായിട്ടാണ് ദിനാചരണത്തെ ഐക്യരാഷ്ട്രസഭ കാണുന്നത്.

1982-ൽ വിയന്നയിൽ നടന്ന വേൾഡ് അസംബ്ളി ഓൺ ഏജിംഗ് ഐക്യരാഷ്ട്രസഭയുടെ ആശങ്കകൾ ലോകത്തെ അറിയിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ അവസാനിപ്പിക്കണമെന്ന് അസംബ്ളി ആഹ്വാനം ചെയ്തു. വൃദ്ധരായ സ്‌ത്രീകൾക്ക് സാമൂഹ്യസുരക്ഷയും സാമൂഹ്യപങ്കാളിത്തവും നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് 1983-ൽ നിർദ്ദേശിച്ചു. 1991-ൽ നടന്ന 46-ാം സെഷനിൽ വൃദ്ധസ്‌ത്രീകളുടെ പ്രശ്നം പരിഹരിക്കാനുള്ള മാനദണ്ഡതത്വങ്ങളും യു.എൻ ജനറൽ അസംബ്ളി രൂപപ്പെടുത്തി. കൺവെൻഷൻ ഓൺ ദി എലിമിനേഷൻ ഒഫ് ആൾ ഫോംസ് ഒഫ് ഡിസ്‌ക്രിമിനേഷൻ എഗനസ്റ്റ് വിമൻ (CEDAW) എല്ലാ രാജ്യങ്ങൾക്കും ദിശാബോധം നൽകുന്ന നാഴികക്കല്ലായിരുന്നു. വൃദ്ധസ്‌ത്രീകളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുളള ശക്തമായ ഒരു ആയുധമാണ് CEDAW. അവർക്കെതിരെയുള്ള വിവേചനങ്ങൾ അവസാനിപ്പിക്കാനും അത് ഉപകരിക്കും. 2002ൽ യു.എസ് സംഘടിപ്പിച്ച വാർദ്ധക്യത്തെ സംബന്ധിച്ച രണ്ടാം സമ്മേളനവും 2010ൽ നടത്തിയ 45-ാമത് CEDAW സമ്മേളനവും വൃദ്ധരായ സ്‌ത്രീകളുടെ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുകയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകണമെന്ന് ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഈവർഷത്തെ സാർവദേശീയ വയോജന ദിനാചരണത്തിന്റെ പ്രമേയമായി ഐക്യരാഷ്ട്രസഭ മുതിർന്ന വനിതകളുടെ കഴിവും കരുതലും സംഭാവനയും തിരിച്ചറിയുകയെന്ന സന്ദേശമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കുടുംബവും സമൂഹവും കെട്ടിപ്പടുക്കുന്നതിലും നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിലും അവർ നൽകിയ സേവനങ്ങൾ തിരിച്ചറിയപ്പെടണം.

( സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ജനറൽ സെക്രട്ടറിയാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERNATIONAL DAY OF OLDER PERSONS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.