SignIn
Kerala Kaumudi Online
Friday, 29 March 2024 2.56 PM IST

തസ്തികയ്ക്ക് അനുവദിച്ച ശമ്പളമില്ല: സർക്കാർ പ്രൈമറി പ്രധാനാദ്ധ്യാപകർ കാത്തിരിപ്പിൽ

head

കണ്ണൂർ: സംസ്ഥാനത്താകെ തസ്തികയ്ക്ക് അനുവദിച്ച ശമ്പളം ലഭിക്കാതെ 2,200 ഓളം സർക്കാർ പ്രൈമറി സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ. 2021 നവംബർ മുതൽ സ്ഥാനക്കയറ്റം ലഭിച്ച സർക്കാർ പ്രൈമറി (എൽ.പി, യു.പി) പ്രധാനാദ്ധ്യാപകർക്കാണ് യോഗ്യതകൾ ഉണ്ടായിട്ടും തസ്തികയ്ക്ക് കിട്ടേണ്ടുന്ന ശമ്പളം ലഭിക്കാതിരിക്കുന്നത്.

അതെ സമയം എയിഡഡ് എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപകർക്ക് കൃത്യമായി ശമ്പള സ്‌കെയിൽ ലഭിക്കുന്നുണ്ടു താനും. സർക്കാർ സ്‌കൂളുകളിൽ ഇപ്പോഴും മറ്റ് അദ്ധ്യാപകർക്ക് തുല്യമായ ശമ്പളം മാത്രമേയുള്ളു. വിദ്യാഭ്യാസ അവകാശ നിയമത്തിൽ പ്രധാനാദ്ധ്യാപകർ വകുപ്പു തല പരീക്ഷ പാസാവണമെന്ന നിബന്ധന വന്നതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിക്കാത്തതാണ് സർക്കാർ പ്രഥമാദ്ധ്യാപകരുടെ ശമ്പളത്തെ ബാധിച്ചത്.

അർഹമായ ശമ്പള സ്‌കെയിൽ കിട്ടാതെ കഴിഞ്ഞ മാർച്ചിൽ നിരവധി അദ്ധ്യാപകർ വിരമിച്ചു.ഭൂരിഭാഗം അദ്ധ്യാപകരും വകുപ്പുതല പരീക്ഷ പാസായവരും അമ്പതു വയസ് കഴിഞ്ഞവരുമാണ്. എന്നിട്ടുപോലും അർഹമായ ശമ്പളം ലഭിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.

പ്രൈമറിയിൽ ചെറിയ പണിയില്ല
വിദ്യാലയത്തിന്റെ മുഴുവൻ ചുമതലകളും വഹിക്കുന്നതോടൊപ്പം ഹെഡ് മാസ്റ്റർക്ക് ഒരു ക്ലാസിന്റെ ചുമതലയും വഹിക്കേണ്ടതുണ്ട്. കൂടാതെ ഉച്ച ഭക്ഷണ പദ്ധതി, ക്ലാസ് മേൽനോട്ടം, ഓഫീസിലെ എഴുത്തു കുത്തുകൾ, വിവിധ ഓഫീസുകൾ കയറിയിറങ്ങൽ തുടങ്ങിയവ ചെയ്യണം. ഇതിനും പുറമെ ചില പഞ്ചായത്തുകളിൽ വിദ്യാഭ്യാസ പദ്ധതികളുടെ ചുമതലാ ഉദ്യോഗസ്ഥനും പ്രധാനാദ്ധ്യാപകനാണ്. ഭാരിച്ച ഈ ചുമതലകൾക്ക് പുറമെ ഉച്ചഭക്ഷണ പദ്ധതിക്ക് കൃത്യമായി പണം ലഭിക്കാത്തതിനാൽ സ്വന്തമായി പണം കണ്ടെത്തി കുട്ടികൾക്ക് മുടങ്ങാതെ ഭക്ഷണം നൽകേണ്ടി വരുന്നതും ഇവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.

ഇടപെടണം സർക്കാരെ

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയത്തിൽ സർക്കാർ അടിയന്തിര ഇടപടൽ നടത്തണമെന്നാണ് ഇവരുടെ സംഘടന ആവശ്യപ്പെടുന്നത്.പരിഹാരമുണ്ടാകുന്നില്ലെങ്കിൽ

സംസ്ഥാന തലത്തിലുള്ള പ്രക്ഷോഭം നടത്തുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സ്‌കൂൾ തലം മുതൽ നടക്കാനിരിക്കുന്ന കലാകായിക മേളകളടക്കം ബഹിഷ്‌ക്കാനുള്ള തീരുമാനവു ഇവർ എടുക്കുന്നുണ്ട്.

സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം

പുതുതായി സ്ഥാനക്കയറ്റം ലഭിച്ച പ്രധാനാദ്ധ്യാപകർക്ക് ശമ്പള സ്‌കെയിൽ അനുവദിക്കുക, ഉച്ചഭക്ഷണ കണ്ടിജൻസി കാലോചിതമായി പരിഷ്‌ക്കരിക്കുക, പി.ഇ.ഒ തസ്തിക സൃഷ്ടിച്ച് ഗവ. പ്രൈമറി പ്രധാനാദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ മൂന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹ സമരം നടത്താനാണ് അദ്ധ്യാപകരുടെ തീരുമാനം.

ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത വർഷം കഴിയുമ്പോൾ വിരമിക്കുന്ന ഒരൊറ്റ അദ്ധ്യാപകനും തസ്തികയ്ക്ക് അനുവദിച്ച ശമ്പളമില്ലാതെ പുറത്ത് പോകേണ്ടി വരും. അതിനുശേഷം ഈയൊരു അവഗണനയ്ക്കെതിരെ ശബ്ദിക്കാനും ആരുമില്ലാത്ത അവസ്ഥ വരും.

കെ.പി. മധുസൂദനൻ, സംസ്ഥാന ജനറൽ സെക്രട്ടറി

കേരള ഗവ. പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.