SignIn
Kerala Kaumudi Online
Friday, 19 April 2024 6.52 PM IST

പൊന്നിയിൻ സെൽവന്റെ സൃഷ്ടാവ് മാത്രമല്ല ,​ കൽക്കി കൃഷ്ണമൂർത്തിയെന്ന സാഹിത്യകാരന്റെ പ്രത്യേകതകൾ ഏറെ

kk

സംവിധായകൻ മണിര്തനത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവൻ തീയേറ്ററുകളിൽ തരംഗം തീ‌ത്ത് സെപ്തംബർ 30ന് ലോകമെമ്പാടും പ്രദർശനത്തിനെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. വിഖ്യാത തമിഴ് സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ചോള സാമ്രാജ്യത്തിലെ ചരിത്രസംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് 1955ൽ നോവൽ പുറത്തിറങ്ങിയത്. പത്താം നൂറ്റാണ്ടിലെ ചരിത്രമാണ് നോവലിലും സിനിമയിലും പ്രതിപാദിച്ചിരിക്കുന്നത്. നോവൽ രചിച്ച കൽക്കി കൃഷ്ണമൂർത്തി ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ സാഹിത്യകാരനായിരുന്നു. രാമസ്വാമി കൃഷ്ണമൂർത്തി എന്നായിരുന്നു യഥാർത്ഥ പേര് . ദുഷ്ട ശക്തികളെ ഇല്ലാതാക്കുന്ന, വിഷ്ണുവിന്റെ പത്താമത്തെ അവതാരത്തിന്റെ പേരായ കൽക്കിയാണ് അദ്ദേഹം തന്റെ തൂലികാ നാമമായി തിരഞ്ഞെടുത്തത്.

തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലുള്ള പട്ടമംഗലം എന്ന ഗ്രാമത്തിൽ 1899 സെപ്തംബർ 9നാണ് കൽക്കിയുടെ ജനനം. ഗ്രാമത്തിലെ ഒരു കണക്കെഴുത്തുകാരനായിരുന്നു അച്ഛൻ. ഗ്രാമത്തിലെ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ കൽക്കി മായാവരം മുനിസിപ്പൽ സ്‌കൂളിൽ ചേർന്നാണ് പിന്നീട് പഠിച്ചത്. എന്നാൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരാനായി 1921ൽ അദ്ദേഹം പഠനം ഉപേക്ഷിച്ചതായി ചരിത്രം പറയുന്നു.


1930കളിലും 40കളിലും സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ആക്ടിവിസ്റ്റ്, കവി, നാടകകൃത്ത് എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധ നേടി. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കൽക്കി കൃഷ്ണമൂർത്തി അഞ്ച് നോവലുകളും 10 നോവെല്ലകളും 120 ചെറുകഥകളും എഴുതിയിട്ടുണ്ട്. നേട്ടങ്ങൾ നിരവധിയുണ്ടെങ്കിലും, ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ച രാജവംശങ്ങളിൽ ഒന്നായ ചോള സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ പൊന്നിയിൻ സെൽവനാണ് കൽക്കിയുടെ ഏറ്റവും പ്രശസ്തമായ കൃതി.

സ്വാതന്ത്ര്യ സമരകാലത്ത് അദ്ദേഹം മൂന്നു തവണ ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പിന്നീട്, ഇന്ത്യയിലെ അവസാന ഗവർണ്ണർ ജനറൽ സി രാജഗോപാലാചാരിയുടെ ശിക്ഷണത്തിലായിരുന്നു അദ്ദേഹം. 'മൂൻട്രു മാത കടുങ്കാവൽ' എന്ന പേരിൽ, തന്റെ തടവുകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് ഹാസ്യാത്മകമായി പ്രതിപാദിക്കുന്ന പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്.

തമിഴ് പ്രസിദ്ധീകരണമായ നവശക്തിയിൽ സബ് എഡിറ്ററായി ജോലി തുടങ്ങിയ കൽക്കി 1927ലാണ് തന്റെ ആദ്യ ചെറുകഥ പുറത്തിറക്കിയത്. 'ശാരദയിൻ തന്തിരം' എന്നായിരുന്നു കഥയുടെ പേര്. ജനപ്രിയ നോവലുകളായ 'ശിവഗാമിയിൻ ശപതം,' 'പാർത്ഥിബൻ കനവ്' എന്നീ നോവലുകളിലൂടെ അദ്ദേഹം പല്ലവ രാജാക്കന്മാരെ കുറിച്ച് എഴുതി. മൂന്ന് വർഷമെടുത്താണ് കൽക്കി പൊന്നിയിൻ സെൽവൻ പൂർത്തിയാക്കിയത്. ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന 'സോലൈമലൈ ഇളവരശി' ആണ് അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റൊരു കൃതി. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണ കഥകൾ കൽക്കി തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.


കൽക്കി കുറച്ചുകാലം തമിഴ് ആഴ്ചപ്പതിപ്പായ ആനന്ദ വികടനു വേണ്ടി എഴുതിയിട്ടുണ്ട്. പിന്നീട് അദ്ദേഹം സ്വന്തമായി ഒരു മാസിക ആരംഭിക്കുകയും ചെയ്തു,​ എം.എസ്. സുബ്ബലക്ഷ്മിയോടൊപ്പം തമിഴ് ഇസൈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തി കൂടിയായിരുന്നു കൽക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LITERATURE, BOOKS, , KALKI, KALKI KRISHNA MOORTHY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.