SignIn
Kerala Kaumudi Online
Friday, 19 April 2024 7.03 AM IST

ഇടതുപക്ഷം ഭരിക്കുമ്പോൾ പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്ന് മനസിലാക്കിയ ഒരുകൂട്ടം മുസ്ളിം ചെറുപ്പക്കാർ കളരി അഭ്യസിക്കാൻ തുടങ്ങി: ആർ എസ് എസിനെ ചെറുക്കാൻ രൂപം കൊണ്ട ഒരു സംഘടനയുടെ ചരിത്രം

sdpi

മുസ്‌ലിം സമുദായത്തിന്റെ സംരക്ഷണ അട്ടിപ്പേറവകാശം പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്ക് പതിച്ചുനൽകിയിട്ടുണ്ടോ? നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ചില കോണുകളിൽ നിന്നുയരുന്ന കോലാഹലം കേട്ടാൽ തോന്നിപ്പോവുമിത്. ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിടുന്ന സംഘപരിവാറിനെ ഇനി ആര് പ്രതിരോധിക്കും. പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്ക് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്ക് പിന്നാലെ ഗൂഢതാത്പര്യക്കാർ ഉയർത്തുന്ന പ്രധാന ചോദ്യമാണിത്. സമുദായത്തിനുള്ളിൽ വർഗീയതയുടെ വിഷവിത്ത് വിതയ്ക്കാൻ മറ്റൊരു നിലം പരുവപ്പെടുത്തുകയാണ് ലക്ഷ്യം.

സിമിയും പോപ്പുലർ ഫ്രണ്ടും വരുന്നതിന് മുമ്പ് മുസ്‌ലിങ്ങൾ ഈ നാട്ടിൽ സുരക്ഷിതരായിരുന്നില്ലേ? അവർ വന്നതിന് ശേഷം എന്ത് അധിക സുരക്ഷയാണ് ഉണ്ടായത്. എന്തുകൊണ്ട് മുഖ്യധാര മുസ്‌ലിം സംഘടനകൾ പോപ്പുലർ ഫ്രണ്ടിനെ അകറ്റിനിറുത്തി. ഇത്തരം ചെറുചോദ്യങ്ങൾക്ക് പോലും ഗൂഢതാത്പര്യക്കാർക്ക് മറുപടിയില്ല. വൈകാരികതയിൽ മുങ്ങിനിൽക്കുന്നവർക്ക് ഈ ചോദ്യങ്ങളൊന്നും പ്രസക്തമല്ലെന്നത് മറ്റൊരു കാര്യം. നിരോധനം കൊണ്ട് പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അവർ ഉയർത്തുന്ന ആശയത്തെ ഇല്ലാതാക്കാനാവുമോ? അത്ര പെട്ടെന്ന് കഴിയില്ലെന്നതാണ് മുൻകാല അനുഭവങ്ങളിൽ നിന്നുള്ള പാഠം.

സിമിയിൽ നിന്ന് എൻ.ഡി.എഫിലേക്ക്

തീവ്ര വർഗീയ സംഘടനയായിരുന്ന സിമിയുടെ പ്രവർത്തനം നിരോധിച്ചിട്ട് 21 വർഷം കഴിഞ്ഞു. 2001 സെപ്തംബറിലാണ് ആദ്യമായി സിമിയെ നിരോധിച്ചത്. 2003, 2006, 2008, 2014 വർഷങ്ങളിൽ നിരോധനം പുതുക്കി. സംഘടനയ്ക്ക് ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നിരോധനം. 2008 ജൂലായ് 25ന് നടന്ന ബംഗളൂരു സ്‌ഫോടന പരമ്പര, തൊട്ടുപിന്നാലെ നടന്ന അഹമ്മദാബാദ് സ്‌ഫോടന പരമ്പരയിൽ അടക്കം സിമിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. സിമിയിലെ അംഗങ്ങൾ ഉൾപ്പെട്ട 58 കേസുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

1977 ഏപ്രിൽ 25ന് അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ ഏതാനും വിദ്യാർത്ഥികൾ ഒത്തുകൂടിയാണ് സിമി (സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ്) എന്ന സംഘടന രൂപീകരിച്ചത്. ഇസ്‌ലാമിക ഭരണകൂട വ്യവസ്ഥയായിരുന്നു പ്രധാന ലക്ഷ്യം. പുതുതലമുറയിൽ വർഗീയതയുടെ വിഷം പുരട്ടി. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് തങ്ങളുടെ വർഗീയ ആശയത്തിന് അതിവേഗം വളരാനുള്ള അവസരമാക്കി അവർ. അക്കാലത്ത് നിരോധനം ചർച്ച ചെയ്യപ്പെട്ടെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നീട് നേതാക്കൾ ഉൾപ്പെടെ രാജ്യദ്രോഹമടക്കമുള്ള ഗൗരവമേറിയ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സിമിയുടെ നിരോധനത്തിന് വഴിതുറക്കപ്പെട്ടു. നിരോധനം കൊണ്ട് സംഘടനയെ മാത്രമേ ഇല്ലാതാക്കാനാവൂ. ആശയം അപ്പോഴും നിലനിൽക്കുമെന്നതിന് ഉത്തമ തെളിവായിരുന്നു എൻ.ഡി.എഫ് എന്ന നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ രൂപീകരണം.

1987-88 കാലയളവിൽ കോഴിക്കോട് നാദാപുരത്ത് തുടർച്ചയായി ഉണ്ടായ അക്രമങ്ങളും കലാപങ്ങളുമാണ് എൻ.ഡി.എഫിന് ജീവനേകിയത്. ഒരുവശത്ത് സി.പി.എം പ്രവർത്തകരും മറുവശത്ത് മുസ്‌ലിം സമുദായത്തിൽ നിന്നുള്ള ഒരുവിഭാഗം ചെറുപ്പക്കാരും. 1988ൽ നാദാപുരം കക്കട്ടിന് സമീപം വച്ച് നമ്പോടൻ ഹമീദ് എന്ന യുവാവ് കൊല്ലപ്പെട്ടു. പ്രതിഷേധം അലയടിക്കുന്നതിനിടെ കാറിൽ കുറ്റിയാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇടതുപക്ഷ കാർഷിക സംഘടനയുടെ പ്രധാന നേതാവായിരുന്ന എ.കണാരന് നേരെ കല്ലേറുണ്ടായി. ആക്രമിക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. ഇക്കാര്യം പല കഥകളായി നാട്ടിൽ തീവേഗത്തിൽ പടർന്നതോടെ അക്രമം കലാപത്തിലേക്ക് നീങ്ങി. ഒമ്പത് ജീവനുകൾ പിടഞ്ഞുവീണു. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ രക്തസാക്ഷി പട്ടികയിൽ ഇവരുടെ പേര് ചേർക്കാൻ മത്സരിച്ചു.

ഇടതുപക്ഷം ഭരിക്കുന്നതിനാൽ പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്ന ചിന്ത ഒരുപറ്റം മുസ്‌ലിം ചെറുപ്പക്കാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ വടകര സ്വദേശിയായ ഒരാൾ പ്രതിരോധത്തിനെന്ന പേരിൽ ഒരുകൂട്ടം മുസ്‌ലിം ചെറുപ്പക്കാർക്ക് കളരി അടക്കമുള്ള അഭ്യാസമുറകളിൽ പരിശീലനം നല്കി. കേട്ടറിവിൽ കൂടുതൽ പേർ ഈ ക്യാമ്പിലെത്തി. പിന്നാലെ ആർ.എസ്.എസിന് ബദലെന്ന രൂപത്തിൽ രൂപീകരിച്ച മഅ്ദനിയുടെ നിരോധിത സംഘടനയായ ഐ.എസ്.എസ് (ഇസ്‌ലാമിക് സേവാ സംഘ്),. സിമി നേതാക്കളും പ്രവർത്തകരും ഇതിന്റെ ചുക്കാൻ പിടിക്കാൻ തുടങ്ങി. വടകര വില്യാപ്പിള്ളിയിൽ നാഷണൽ ഡിഫൻസ് ഫോഴ്സ് എന്ന സംഘടന രൂപീകരിച്ചു. അതുവരെ രഹസ്യമായി പ്രവർത്തിച്ചിരുന്നവർ 1993ൽ കോഴിക്കോട് വച്ച് എൻ.ഡി.എഫ് എന്ന പേരിൽ സംഘടനയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നീതിയും സ്വാതന്ത്ര്യവും സുരക്ഷയും എല്ലാവർക്കും ലഭ്യമാക്കുന്ന സമത്വ സമൂഹം സ്ഥാപിക്കുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം.

ചെറുപ്പക്കാരുടെ മനസ്സിൽ വർഗീയതയുടെ വേരുറപ്പിക്കും വിധത്തിലുള്ള എൻ.ഡി.എഫിന്റെ പ്രവർത്തന ശൈലിയിലെ അപകടം തിരിച്ചറിഞ്ഞ മുഖ്യധാരയിലെ മുസ്‌ലിം സംഘടനകളും പാർട്ടികളും എൻ.ഡി.എഫിനെ ഒറ്റപ്പെടുത്തുകയും എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. വ്യാജ വാർത്ത പോലെ വിദ്വേഷവും അതിവേഗത്തിൽ പടരുമെന്നതിനാൽ ഇതിനെ പ്രതിരോധിക്കുക അത്ര എളുപ്പമായിരുന്നില്ല. എൻ.ഡി.എഫിനെതിരെയുള്ള പ്രചാരണത്തിന് മുസ്‌ലിം മതനേതാക്കൾ തന്നെ രംഗത്തുവന്നു. കുറ്റിയാടി പള്ളിയിലെ ബോംബ് സ്‌ഫോടനം ഉൾപ്പെടെ നിരവധി കേസുകളിൽ എൻ.ഡി.എഫിന്റെ പ്രവർത്തകർ പ്രതിക്കൂട്ടിലായി.


സമുദായത്തിലും സമൂഹത്തിലും ഒരുപോലെ എതിർപ്പ് നേരിട്ട എൻ.ഡി.എഫിന്റെ പിന്നീടുള്ള രൂപമാറ്റമായിരുന്നു പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ )​. കൂടുതൽ അപകടകരമായ രൂപമാറ്റം. കർണാടകയിലും തമിഴ്നാട്ടിലും പല പേരുകളിലായി പ്രവർത്തിച്ചിരുന്ന സംഘടനകൾ പോപ്പുലർ ഫ്രണ്ടിന്റെ കീഴിൽ അണിനിരന്നു. ഉത്തരേന്ത്യയിലേക്ക് അടക്കം പ്രവർത്തനം വ്യാപിപ്പിക്കാൻ പോപ്പുലർ ഫ്രണ്ടിനായി. കണ്ണൂർ നാറാത്തിൽ പൊലീസ് റെയ്ഡിൽ ആയുധശേഖരവും വിദ്വേഷ ലഘുലേഖകളും പിടിച്ചെടുത്തതോടെ പൊലീസിന്റെ കണ്ണിലെ നോട്ടപ്പുള്ളിയായി. ചോദ്യപേപ്പറിലെ പ്രവാചക നിന്ദ ആരോപിച്ച് 2010ൽ തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതോടെ പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ സ്വഭാവം വലിയ ചർച്ചയായി. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അകൽച്ചയും സംശയവും വർദ്ധിപ്പിക്കാൻ ഇത് വഴിയൊരുക്കി.


അത് ഞങ്ങളല്ല

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ എസ്.ഡി.പി.ഐയുടെ ( സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒഫ് ഇന്ത്യ) പ്രവർത്തനങ്ങളും സജീവ ചർച്ചയാവുന്നുണ്ട്. ഫണ്ട് വരവ് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ചില ദേശീയ നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് എതിരെയും നടപടി വന്നു. പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് എസ്.ഡി.പി.ഐ നേതൃത്വം ആവർത്തിച്ചു പറയുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിംഗ് എന്ന രൂപത്തിൽ 2009 ജൂൺ 21ന് ന്യൂഡൽഹിയിലായിരുന്നു എസ്.ഡി.പി.ഐയുടെ പ്രഖ്യാപനം. 2010 ഏപ്രിലിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തു. തുടക്കത്തിൽ ഏതാനും സംസ്ഥാനങ്ങളിൽ മാത്രമുണ്ടായിരുന്ന എസ്.ഡി.പി.ഐ ഇന്ന് 21 സംസ്ഥാനങ്ങളിൽ കേഡർ സ്വഭാവത്തോടെ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കായി ക്യാമ്പസ് ഫ്രണ്ടും സ്ത്രീകൾക്കായി വിമൻസ് ഫ്രണ്ടും നിലവിൽ വന്നു. കേരളത്തിൽ 103 ഉും രാജ്യത്ത് 700ൽ അധികവും ജനപ്രതിനിധികളുണ്ട്.

പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും തമ്മിൽ പൊക്കിൾക്കൊടി ബന്ധമാണെന്നത് പരസ്യമായ രഹസ്യമാണെങ്കിലും എല്ലാക്കാലത്തും ഇരുനേതൃത്വങ്ങളും ഇത് നിഷേധിച്ചിട്ടുണ്ട്. ദേശീയ കമ്മിറ്റി മുതൽ ബ്രാഞ്ച് വരെ എവിടെയും പി.എഫ്.ഐയുടെ നേതാക്കളില്ല. പി.എഫ്.ഐ പ്രവർത്തകർ എസ്.ഡി.പി.ഐയിൽ പ്രവർത്തിക്കുന്നുണ്ടാവാം. ഇത്തരത്തിൽ പല സംഘടനകളിൽ ഉള്ളവരും എസ്.ഡി.പി.ഐയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. അതേസമയം പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ ശക്തമായി എതിർത്ത് എസ്.ഡി.പി.ഐ രംഗത്തുണ്ട്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പ്രഖ്യാപിച്ച ഹർത്താലിനും എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അക്രമങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകരും നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാൻ അടക്കമുള്ളവർ അറസ്റ്റിലായി. പൊലീസ് അന്യായമായി അറസ്റ്റ് ചെയ്‌തെന്നാണ് എസ്.ഡി.പി.ഐയുടെ വാദം. രാജ്യത്ത് ആർ.എസ്.എസിനെ എതിർക്കുന്ന ഒരു സംഘടനകൾക്കും പ്രവർത്തിക്കാനാവുന്നില്ല. ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളടക്കം അറസ്റ്റ് ചെയ്യപ്പെട്ടു, ഇതെല്ലാം ഉയർത്തിയാണ് തങ്ങൾക്ക് നേരെയുള്ള ആരോപണങ്ങളെ എസ്.ഡി.പി.ഐ പ്രതിരോധിക്കുന്നത്. എസ്.ഡി.പി.ഐയുടെ കാര്യത്തിൽ ഇതിലെ നെല്ലും പതിരും പരിശോധിക്കപ്പെടേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NDF, PFI, POPULAR FRONT, KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.