SignIn
Kerala Kaumudi Online
Friday, 29 March 2024 5.02 PM IST

പരമ്പര ദക്ഷിണ‌‌യ്ക്ക് ഇന്ത്യ

cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരം ഇന്ന് ഗോഹട്ടിയിൽ

ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം

7pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

ഗോഹട്ടി : കാര്യവട്ടത്തെ കളിയിൽ നേടിയ വിജയത്തിന്റെ ലഹരിയുമായി ഗോഹട്ടിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ന് രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് രണ്ടാണ് ലക്ഷ്യം.

ഒന്ന് : ട്വന്റി-20 ലോകകപ്പിന് മുമ്പ് ഒരു പരമ്പരകൂടി നേടി ടീമിന്റെ ആത്മവിശ്വാസം ഒന്നുകൂടി വർദ്ധിപ്പിക്കുക.

രണ്ട് : പരിക്കേറ്റ ജസ്പ്രീത് ബുറംയു‌ടെ പകരക്കാരനായി ലോകകപ്പിൽ കളിക്കേണ്ടതാരെന്ന് കണ്ടെത്തുക.

ആദ്യ ലക്ഷ്യം താരതമ്യേന എളുപ്പമാണ്. കാര്യവട്ടത്തെ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ദൗർബല്യങ്ങൾ മനസിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.പ്രതികൂലമായ സാഹചര്യങ്ങളെ മറികടക്കാനുള്ള പരിശീലനം കൂടിയായിരുന്നു ഗ്രീൻഫീൽഡിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. എന്നാൽ രണ്ടാമത്തെ ലക്ഷ്യം അത്ര എളുപ്പമല്ല. ബുംറയെപ്പോലൊരു പരിചയസമ്പന്നനായ പേസ് ബൗളറുടെ അഭാവം ആസ്ട്രേലിയയിലെ പിച്ചുകളിൽ ഇന്ത്യയെ പിന്നോട്ടടിക്കും. ആദ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ വെല്ലുവിളിയാകാൻ ബുംറയോളം പോരുന്ന മറ്റൊരു പേസർ ഇന്ത്യയിൽ ഇപ്പോൾ ഇല്ലതന്നെ. മുഹമ്മദ് സിറാജിനെയാണ് ബുറംയുടെ പകരക്കാരനായി ഈ പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പിൽ ബുംറയ്ക്ക് കളിക്കാനാവില്ലെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത് പ്രതീക്ഷകൾക്ക് വകനൽകുന്നതാണ്. ലോകകപ്പിൽ നിന്ന് ബുംറയെ പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നും പരിക്ക് മാറിയാൽ അദ്ദേഹം കളിക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് സൗരവ് പറഞ്ഞത്. രണ്ടുമൂന്നുദിവസത്തിനകം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഥവാ ബുംറയ്ക്ക് കളിക്കാനായില്ലെങ്കിൽ പകരമാര് എന്ന ചോദ്യത്തിനാണ് ദ്രാവിഡിനും രോഹിതിനും ഉത്തരം കിട്ടേണ്ടത്. ലോകകപ്പ് ടീമിലുള്ള പേസർമാരിൽ ഭുവനേശ്വർ കുമാർ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലുള്ളൂ. അവസാന ഓവറുകളിൽ റൺ വഴങ്ങുന്നതിൽ ഒരുനിയന്ത്രണവുമില്ലാത്ത ഭുവിയെ കാര്യവട്ടത്ത് കളിപ്പിച്ചിരുന്നില്ല. കാര്യവട്ടത്ത് ഒരോവറിൽ മൂന്ന് വിക്കറ്റുമായി തിളങ്ങിയ അർഷ്ദീപ് സിംഗിലായിരിക്കും ഇന്നും മുഖ്യ ഫോക്കസ്.ഏഷ്യാകപ്പിൽ അവസാന ഓവറുകളിൽ പന്തെറിഞ്ഞ് തോൽവിയുടെ ചൂടറിഞ്ഞ അർഷ്ദീപ് കാര്യവട്ടത്തെ മാൻ ഒഫ് ദ മാച്ച് പ്രകടനത്തിലൂടെ തിരിച്ചുവന്നിരിക്കുകയാണ്. ഉമേഷ് യാദവ്,ഹർഷൽ പട്ടേൽ എന്നിവർകൂടി സംഘത്തിലുണ്ട്. പരിചയസമ്പത്താണ് ഉമേഷിനെ പരിഗണിക്കാനുള്ള കാരണം. ഹർഷലിനെ ഇന്നിംഗ്സിന്റെ ഏതുസമയത്തും പന്തേൽപ്പിക്കാം.

ബാറ്റിംഗിൽ ഇന്ത്യയ്ക്ക് കാര്യമായ ഭയമില്ല. സൂര്യകുമാർ യാദവിന്റെ മിന്നുന്ന ഫോമാണ് തുറുപ്പ് ചീട്ട്. വിരാട്കൊഹ്‌ലിയും ടച്ചിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. കെ.എൽ രാഹുൽ ,രോഹിത് ശർമ്മ,ദിനേഷ് കാർത്തിക്, റിഷഭ് പന്ത് തുടങ്ങിയവരും കൂടി ചേരുന്നതാണ് ഇന്ത്യൻ ബാറ്റിംഗ് നിര.

മറുവശത്ത് താനുൾപ്പടെയുള്ള ബാറ്റിംഗ് നിരയ്ക്ക് കാര്യവട്ടത്ത് സംഭവിച്ച തിരിച്ചടിയിൽ നിന്ന് കരകയറേണ്ട ഭാരിച്ച ചുമതലയാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ടെംപ ബൗമയെ കാത്തിരിക്കുന്നത്. ഡേവിഡ് മില്ലർ,ക്വിന്റൺ ഡികോക്ക് എന്നീ പരിചയസമ്പന്നന്മാരായ ബാറ്റർമാർ ഷോട്ട് സെലക്ഷനിൽ കാട്ടിയ നിരുത്തരവാദിത്വപരമായ സമീപനമാണ് അവർക്ക് തിരിച്ചടിയായത്. അതിൽ നിന്ന് അവർ പാഠം പഠിച്ചിട്ടുണ്ടെങ്കിൽ ഇന്ത്യയ്ക്ക് അത് വെല്ലുവിളിയായി മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.