ന്യൂയോർക്ക്: ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ആർട്ടെമിസിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് -1ന്റെ വിക്ഷേപണം ഇനി നവംബറിലേ ഉണ്ടാകൂ എന്ന് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ. നവംബർ 12നും നവംബർ 27നും ഇടയിലായിരിക്കും വിക്ഷേപണ ശ്രമം നടത്തുക. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം കൃത്യമായ തീയതി നിർണ്ണയിക്കും.
സെപ്തംബർ 27ന് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ഇയാൻ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. ദൗത്യത്തിനുപയോഗിക്കുന്ന എസ്.എൽ.എസ് (സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റിനെ ലോഞ്ചിംഗ് പാഡിൽ നിന്ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലേക്ക് മാറ്റിയിരുന്നു.
ഇയാൻ കൊടുങ്കാറ്റ് ഫ്ലോറിഡയിൽ കനത്ത നാശം വിതച്ചിരുന്നു. എസ്.എൽ.എസ് റോക്കറ്റ് സുരക്ഷിതമാണെന്ന് നാസ വ്യക്തമാക്കി. നേരത്തെ ആഗസ്റ്റ് 29, സെപ്റ്റംബർ 3 തീയതികളിൽ നടത്തിയ വിക്ഷേപണ ശ്രമങ്ങൾ സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |