പത്തനംതിട്ട : ജില്ലയിലെ ടൂറിസം വികസനത്തിനും സി.പി.എമ്മിന്റെ വളർച്ചയ്ക്കും കരുത്ത് പകർന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണണൻ. ആഭ്യന്തര,ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരിക്കെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ നവീകരണത്തിനും ടൂറിസം വികസനത്തിനുമുള്ള പദ്ധതികൾക്ക് അദ്ദേഹം ഫണ്ട് അനുവദിച്ചിരുന്നു.
പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് മൂന്ന് കോടി അനുവദിച്ചു. നെടുംകുന്നത്ത് മല, ആങ്ങമൂഴി, പോളച്ചിറ തുടങ്ങിയ ടൂറിസം പദ്ധതികൾക്കും തുക അനുവദിക്കുകയുണ്ടായി.
എനാത്ത് പൊലീസ് സ്റ്റേഷൻ അനുവദിച്ചത് കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്. അടൂർ പൊലീസ് സ്റ്റേഷൻ വികസനത്തിന് സർക്കാരിന്റെ സഹായം ലഭ്യമാക്കി. റാന്നിയിൽ ഡിവൈ.എസ്.പി ഓഫീസ് തുടങ്ങാൻ അനുമതി നൽകി.
ശബരിമല വെർച്വൽ ക്യുവിന് പച്ചക്കൊടി
ശബരിമലയിൽ തീർത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് വെർച്വൽ ക്യു സംവിധാനം ഏർപ്പെടുത്തിയത് കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തൻ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് രാത്രിയിൽ മല ചവിട്ടിയെത്തി. ശബരിമലയിൽ ഉദ്യോഗസ്ഥർക്ക് താമസിക്കാനായി ഗസ്റ്റ് ഹൗസ് നിർമാണത്തിന് അഞ്ചുകോടി അനുവദിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
പാർട്ടി ശക്തിപ്പെട്ടു
കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പാർട്ടിയുടെ ജനകീയ അടിത്തറ ജില്ലയിൽ ശക്തിപ്പെട്ടത്. യു.ഡി.എഫ് സ്വാധീനത്തിൽ നിന്ന് ജില്ലയെ ഇടതുപക്ഷത്തോടു ചേർത്തു നിറുത്തുന്നതിൽ എല്ലാ പ്രവർത്തനങ്ങൾക്കും കരുത്ത് പകർന്ന നേതാവായിരുന്നു കോടിയേരിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. കഴിഞ്ഞ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം അടൂരിൽ ഉദ്ഘാടനം ചെയ്തതും കോടിയേരിയായിരുന്നു. അന്തരിച്ച ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ മെത്രാപ്പൊലീത്തയടക്കം ജില്ലയിലെ ഉന്നത വ്യക്തിത്വങ്ങളുമായി ആത്മബന്ധം പുലർത്തിയ നേതാവാണ് കോടിയേരി.
അവസാനമെത്തിയത് ചാത്തങ്കരിയിൽ
ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു കോടിയേരി ബാലകൃഷ്ണൻ ജില്ലയിലേക്ക് അവസാനമായി എത്തിയത്. കൊല്ലപ്പെട്ട തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കുടുംബസഹായനിധി ചാത്തങ്കരി എസ്.എൻ.ഡി.പി സ്കൂൾ മൈതാനത്ത് വച്ച് കൈമാറിയത് കോടിയേരിയായിരുന്നു. സന്ദീപിന്റെ ഇളയകുഞ്ഞ് അഞ്ച് മാസം പ്രായമുള്ള ഇസയെ മാതാവ് സുനിതയുടെ കൈയിൽ നിന്ന് വാങ്ങി ഉമ്മവച്ചുകൊണ്ട് തന്റെ തോളിലേക്ക് ചായ്ച്ച് കിടത്തി. പാർട്ടി പ്രവർത്തകർ ഏറെ വികാരത്തോടെയാണ് ഈ രംഗം നോക്കി നിന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |