SignIn
Kerala Kaumudi Online
Saturday, 20 April 2024 6.48 AM IST

പൊലീസിനെ നന്നാക്കാൻ

police

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അതേപടി നടപ്പിലായാൽ കേരളം രാജ്യത്തിന് അനുകരണീയ മാതൃകയാകുമെന്നതിൽ സംശയമില്ല. ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും ഇപ്പോൾത്തന്നെ നമ്മുടെ പൊലീസ് സേന മുന്നിലാണ്. എന്നാൽ അതോടൊപ്പം തന്നെ കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുമായി പൊലീസ് സേനാംഗങ്ങളിൽ ചിലരുടെ ബന്ധം സേനയുടെ സൽപേരിന് ദോഷകരമാകുന്നുമുണ്ട്. പൊലീസ് വർഗീയശക്തികളുമായി ബന്ധം സ്ഥാപിക്കുന്നതും ആശാസ്യമല്ല. അതുപോലെ ഗുണ്ടാ - മാഫിയാ സംഘങ്ങളുമായി കൂട്ടുചേരുന്നതും അവർക്കു വേണ്ട ഒത്താശ ചെയ്യുന്നതും നാടിനും ജനങ്ങൾക്കും ഒരുപോലെ ആപത്താണ്. പ്രലോഭനങ്ങളാണ് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. ചുമതലാബോധം കുറവായവരാകും അതിൽ എളുപ്പം വീഴാറുള്ളത്. അത്തരക്കാർക്കെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നാൽ അന്വേഷിച്ച് നടപടിയെടുക്കാൻ സർക്കാരിനു കഴിയണം. പൊലീസ് സേനയുടെ ക്രിമിനൽവത്‌കരണം കൂടിവരുന്നതായി ഏറെ നാളായി പല കോണുകളിൽ നിന്നും പരാതികൾ ഉയരുന്നുണ്ട്. അത്തരക്കാരുടെ എണ്ണം ആയിരവും കവിഞ്ഞതായി പൊലീസ് തന്നെ രഹസ്യകണക്കും വച്ചിട്ടുണ്ട്. പൊലീസിൽനിന്ന് ജനങ്ങൾക്കു നിഷ്‌പക്ഷമായ സേവനം ലഭിക്കണമെങ്കിൽ അവർ കർത്തവ്യനിർവഹണത്തിൽ സ്വതന്ത്രവും സത്യസന്ധവുമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായുള്ള ബന്ധം പോലെ വർഗീയ ശക്തികളുമായും പൊലീസിന് ഒരുവിധ ചങ്ങാത്തവും ഉണ്ടായിരിക്കരുതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത് ഇന്നത്തെ സാഹചര്യങ്ങളിൽ ഏറെ ഉചിതമായി. ജനങ്ങളുടെ സ്വൈരജീവിതം തകർക്കാൻ അവസരം കാത്തുകഴിയുന്ന ശക്തികളെ തടയേണ്ട വലിയ ചുമതല പൊലീസിലാണ് അർപ്പിതമായിരിക്കുന്നത്. അതു മറന്നുകൊണ്ട് പൊലീസിലെതന്നെ ചില സ്വാർത്ഥമതികൾ അത്തരം ശക്തികളുമായി കൈകോർത്താലുണ്ടാകാവുന്ന ഭവിഷ്യത്ത് അങ്ങേയറ്റം ഗുരുതരമാകും.

ജനങ്ങളോടുള്ള പെരുമാറ്റം എപ്പോഴും മാന്യമായിരിക്കണമെന്ന് കൂടക്കൂടെ ഓർമ്മിപ്പിക്കാറുണ്ട്. ഇടയ്ക്കിടെ അതിനു വിരുദ്ധമായ കാര്യങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണ് ഇങ്ങനെ ആവർത്തിക്കേണ്ടിവരുന്നത്. കാലം ഏറെ കടന്നുപോയിട്ടും സാധാരണക്കാർക്കു കടന്നുചെല്ലാൻ കഴിയുന്ന സൗഹൃദാന്തരീക്ഷം പല പൊലീസ് സ്റ്റേഷനുകളിലുമില്ലെന്നത് സത്യമായി ശേഷിക്കുന്നു.

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ സംഘടിതമായ കടത്തും വില്പനയും ഭയാനകമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ് സൈബർ കുറ്റങ്ങളും. മണൽ കടത്തുപോലെ തന്നെ മണ്ണുകടത്തും വ്യാപകമാണ്. ഇത്തരം പ്രവൃത്തികളിലേർപ്പെടുന്ന സംഘങ്ങൾക്ക് പൊലീസുമായുള്ള രഹസ്യബന്ധം പരക്കെ അറിവുള്ളതാണ്. സംഘടിത കുറ്റവാളികളുടെ കാര്യത്തിൽ സേന കൂടുതൽ ഉൗർജ്ജിതമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ പൊരുൾ വ്യക്തമാണ്.

മുഴുവൻ പൊലീസ് സേനാംഗങ്ങൾക്കും ആധുനിക പരിശീലനം നൽകുമെന്ന പ്രഖ്യാപനം എത്രയും വേഗം നടപ്പാക്കിത്തുടങ്ങണം. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ മൂന്നാം മുറയ്ക്കു തുനിയരുതെന്നു വ്യക്തമായ നിർദ്ദേശമുള്ളപ്പോഴാണ് ലോക്കപ്പ് മർദ്ദനവും കസ്റ്റഡി മരണങ്ങളും അങ്ങിങ്ങ് ഇപ്പോഴും നടക്കുന്നത്. ഇത്തരം സംഭവങ്ങളിലുൾപ്പെടുന്നവരെ നിയമാനുസൃതം ശിക്ഷിക്കാനുള്ള നടപടിയാണ് എടുക്കേണ്ടത്. കുറ്റകൃത്യം നടത്തിയത് പൊലീസായാലും ശിക്ഷ അനുഭവിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.