SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.05 PM IST

കടുവപ്പേടിയിൽ വിറങ്ങലിച്ച്...

net
കടുവയെ കുടുക്കാൻ വനമേഖലയിൽ കൂടുകൾ സ്ഥാപിക്കുന്നു

വീടുകളിൽ നിന്ന് വാഹനത്തിൽ ഇറങ്ങുന്ന മനുഷ്യർ ശവപ്പെട്ടിയിൽ വീട്ടിലേക്ക് തിരിച്ചെത്തേണ്ടി വരുമോ എന്ന് പരിഹാസച്ചോദ്യം ഹൈക്കോടതി ഉന്നയിച്ചത് റോഡുകളിലെ പടുകുഴികളിൽ വീണ് ആളുകൾ മരിക്കുന്ന സാഹചര്യം കണ്ടാണ്. അപകടക്കെണികൾ ഒഴിവാക്കാൻ സർക്കാർ കാട്ടുന്ന അമാന്തം ജനത്തെ ദുരിതത്തിലാക്കുമ്പോഴാണ് മറ്റൊരാപത്തായി തെരുവ് നായ ശല്യം ഏറിയത്. വഴിയിൽ കുഴി, തെരുവിൽ നായ എന്ന സ്ഥിതിവിശേഷമാണ് നാട്ടിൽ. എന്നാൽ, മലയോര നാടായ പത്തനംതിട്ടയിൽ അൽപ്പംകൂടി കടുത്തതാണ് സാഹചര്യം. കുഴികളും നായകളും കൂടാതെ കാട്ടുപന്നികളും പുലിയും കടുവയും ജന ജീവിതത്തിന് ഭീഷണിയായിരിക്കുന്നു.

കാട്ടുപന്നികളും പുലികളും സ്ഥിരം ശല്യക്കാരണെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി കടുവകളുടെ സാന്നിദ്ധ്യം ആപത്തായി മാറിയിട്ടുണ്ട്. മലയോര മേഖലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി വിഹരിക്കുന്ന കടുവ മനുഷ്യരെയും മൃഗങ്ങളെയും വേട്ടയാടുകയാണ്. ഇൗ വർഷം ജൂലായ് മുതൽ കോന്നി, വട‌ശേരിക്കര, റാന്നി വനമേഖകളിൽ കടുവയെ കണ്ടവരുണ്ട്. ഇക്കഴിഞ്ഞ സെപ്തംബർ ഇരുപതിന് വടശേരിക്കര മുക്കുഴി കോടമലയിൽ അലറിപ്പാഞ്ഞെത്തിയ കടുവയെക്കണ്ട് ടാപ്പിംഗ് തൊഴിലാളികൾ വിരണ്ടോടി.

രണ്ടു വർഷത്തിനുള്ളിൽ പെരിയാർ ടൈഗർ റിസർവ് വനത്തിൽ പെട്ട റാന്നി ഡിവിഷൻ, കോന്നി ഡിവിഷൻ എന്നിവിടങ്ങളിലാണ് കടുവകൾ ജനവാസ മേഖലയിലേക്ക് കടന്നത്. തണ്ണിത്തോട് മേടപ്പാറയിൽ റബർ ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചുകൊന്നത് 2020 മേയ് ഏഴിനായിരുന്നു. 2018 ഏപ്രിൽ ഏഴിന് കോന്നി അപ്പൂപ്പൻതോട് വനത്തിൽ യുവാവിനെ കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഒരു മാസത്തോളം നാടിനെ വിറപ്പിച്ച കടുവയെ ചത്തനിലയിൽ കണ്ടതിനെ തുടർന്ന് കടുവാപ്പേടിയിൽ നിന്ന് ജനം മുക്തമായെന്ന് കരുതിയപ്പോഴാണ് അടുത്തത് പ്രത്യക്ഷപ്പെട്ടത്. പല ദിവസങ്ങളിലും നാട്ടുകാർ കടുവയെ കണ്ടിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ മൂന്ന് വളർത്തു പശുക്കളെയും രണ്ട് കാട്ടുപോത്തുകളെയും കടുവ കൊന്നു തിന്നതായി കണക്കുകളുണ്ട്. ഇര തേടി കാടിറങ്ങുന്ന കടുവകളെ തുരത്താൻ വനംവകുപ്പ് കാര്യമായി ഇടപെടാത്തത് ഗുരുതര സാഹര്യം സൃഷ്ടിച്ചിരിക്കുകയാണ്. കടുവയുടെ ആക്രമണം വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് അവയെ കാട്ടിലേക്ക് തുരത്താൻ പരിശീലനം നേടിയ കുങ്കി ആനകളെ ഉപയോഗിക്കുമെന്ന് 2020 മേയ് ഒൻപതിന് അന്നത്തെ വനംവകുപ്പ് മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങൾ പോലെ അത് വാർത്തകളിലൊതുങ്ങി. ജനവാസ മേഖലയോടു ചേർന്ന വനങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തിയപ്പോൾ കടുവകളെ കണ്ടതാണ്. ഇവിടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതോടെ തങ്ങളുടെ ജോലി കഴിഞ്ഞെന്ന നിലയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ആക്രമണകാരികളായ കടുവകളെ തടയേണ്ട ഉത്തരവാദിത്വമുള്ള വനംവകുപ്പ് ജനങ്ങൾ കടുവയെയോ പുലിയെയോ കാട്ടുപന്നികളെയോ കെണിവച്ച് കൊല്ലുന്നുണ്ടോ എന്നറിയാനുള്ള പരിശോധന ശക്തിപ്പെടുത്തിയിരിക്കുകയാണ്. കാടിന്റെ നിയമം നിരപരാധികൾക്കു നേരെ പ്രയോഗിക്കാനുള്ളതല്ലെന്ന് വനപാലകർക്ക് അറിയാത്തതല്ല.

കടുവാ സംരക്ഷണം

കടലാസിൽ മാത്രം

ദേശീയ മൃഗമായ കടുവകളുടെ എണ്ണം കുറയുന്നതിൽ ആശങ്കപ്പെടുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ കടുവകളെ അവരുടെ ആവാസ മേഖലകളിൽ തന്നെ നിലനിറുത്താൻ പദ്ധതികൾ ആവിഷ്കരിക്കുന്നില്ല. കടുവകൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാൻ കിടങ്ങുകൾ, സോളാർ വേലികൾ തുടങ്ങിയവ നിർമിക്കാനുള്ള പദ്ധതികൾ വെളിച്ചം കണ്ടില്ല. അശാസ്ത്രീയ മാർഗങ്ങളിലൂടെ കടുവയെ കുടുക്കുന്ന രീതി മാത്രമാണ് വനംവകുപ്പിനുളളത്. വന്യജീവികളെ വെടിവച്ച് തുരത്താൻ വനപാലകർ നിറതോക്കുമായി വനത്തിൽ ചുറ്റിത്തിരിയുന്ന നടപടികൾ തുടരുന്നുണ്ട്. കടുവാ ഭീഷണിയുള്ള ഇത്തരം സ്ഥലങ്ങളിൽ ഇറങ്ങിയ വനപാലകർക്ക് ഒന്നിനേപ്പോലും കണ്ടെത്തി തുരത്താൻ കഴിഞ്ഞിട്ടില്ല.

ജില്ലയിൽ സോളാർ വേലികൾ നിർമിക്കേണ്ട സ്ഥലങ്ങളുടെ സർവേ പൂർത്തിയായിട്ടുമില്ല. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കടവകളും പുലികളും കാട്ടുപന്നികളും അടിക്കാടുകൾ തെളിക്കാത്ത റബർ തോട്ടങ്ങങ്ങളിലാണ് പതിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ പാഞ്ഞടുക്കുന്ന വന്യമൃഗങ്ങളുടെ മുന്നിൽ ഞെട്ടി വിറച്ചുനിൽക്കാനേ മനുഷ്യർക്കു കഴിയൂ.

കേരളത്തിൽ പെരിയാർ, പറമ്പിക്കുളം എന്നിവയാണ് കടുവാ സങ്കേത കേന്ദ്രങ്ങൾ. പെരിയാൻ സങ്കേതം ശബരിമല, റാന്നി വനമേഖലകൾ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലും വ്യാപിച്ചു കിടക്കുന്നു. ജില്ലയിൽ ഗവി, ഗൂഡ്രിക്കൽ, കോന്നി, റാന്നി, മണ്ണാറപ്പാറ റേഞ്ചുകളിലാണ് കടുവകളുള്ളത്..

2010 ജൂലായ് 29 മുതലാണ് അന്തർദേശീയ കടുവാ ദിനമായി ആചരിച്ചുവരുന്നത്. സെന്റ് പീ​റ്റേഴ്‌സ് ബർഗിലാണ് കടുവാദിനം വിളംബരം ചെയ്തത്. ലോകത്തിൽ ഇന്ന് 3200 കടുവകൾ മാത്രമാണുള്ളതെന്ന് കണക്കുകൾ പറത്തുവന്നിട്ടുണ്ട്. ഏ​റ്റവും കൂടുതൽ കടുവകളുള്ള രാജ്യമായ ഇന്ത്യയിൽ 2,200 കടുവകൾ ഉണ്ടെന്നാണ് കരുതുന്നത്. ഏ​റ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം കർണാടകയാണ്. ഇവിടെ 326 കടുവകളുണ്ട്. സംരക്ഷിക്കപ്പെടേണ്ട കടുവകൾ ജനവാസ കേന്ദ്രത്തിൽ കടക്കാതിരിക്കാൻ പ്രായോഗികവും ആധുനികവുമായ മാർഗങ്ങൾ തേടേണ്ടതുണ്ട്. അല്ലാതെ, ശല്യമാകുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കാൻ ശ്രമിക്കുന്ന ജനങ്ങളെ വേട്ടയാടുകയല്ല വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DIARY, 10 KILLED
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.