ഹീറോ ഹോണ്ട, ഒരിക്കൽ യുവാക്കൾ നെഞ്ചേറ്റിയ പേരിൽ നിന്നും ഹീറോയും ഹോണ്ടയുമായി വേർപിരിഞ്ഞപ്പോഴും രാജ്യത്തെ ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയുടെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചതായിരുന്നു. എന്നാൽ ഇതാദ്യമായി ഹോണ്ട മോട്ടോർസൈക്കിളും, സ്കൂട്ടർ ഇന്ത്യയും റീട്ടെയിൽ വിൽപ്പനയിൽ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡിനെ മറികടന്നു. സെപ്തംബർ മാസത്തിലെ വാഹന രജിസ്ട്രേഷൻ കണക്കെടുപ്പിലാണ് ഹോണ്ട ഒന്നാമതെത്തിയത്.
വാഹൻ പോർട്ടൽ പ്രകാരം ഹീറോ മോട്ടോകോർപ്പ് 2.51 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങളാണ് വിറ്റഴിച്ചത്. എന്നാൽ ഹോണ്ട മോട്ടോർസൈക്കിളും സ്കൂട്ടറും 2.85 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങൾ വിറ്റു. രാജ്യത്തുടനീളം വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ 2022 സെപ്തംബർ മാസത്തിൽ തങ്ങൾ 519,980 യൂണിറ്റ് മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും നിർമ്മിച്ചയച്ചതായി ഹീറോ മോട്ടോർകോർപ്പ് അറിയിച്ചു.
വരുന്ന ഒക്ടോബർ ഏഴിന് ഇലക്ട്രിക് ഇരുചക്ര വാഹനമായ വിഡ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹീറോ. വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് വിഡ. കാലിഫോർണിയ ആസ്ഥാനമായുള്ള സീറോ മോട്ടോർസൈക്കിളുമായി ഹീറോ സഹകരിക്കാൻ തീരുമാനിച്ചിരുന്നു. പ്രീമിയം ഇലക്ട്രിക് മോട്ടോർ സൈക്കിളുകളുടെ നിർമ്മാണത്തിലേക്ക് ഹീറോ വൈകാതെ കടന്നേക്കും. സീറോ മോട്ടോർസൈക്കിളിൽ 60 മില്യൺ ഡോളർ വരെയുള്ള നിക്ഷേപത്തിനും ഹീറോ കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |