പാർട്ടിയിൽ പൂർണാധിപത്യം സ്ഥാപിച്ചാണ് കാനം രാജേന്ദ്രൻ മൂന്നാമതും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുമെന്നത് അടക്കമുള്ള അഭ്യൂഹങ്ങൾ വെറും ഉണ്ടയില്ലാ വെടിയായിരുന്നെന്ന് തെളിയിക്കുന്നതായിരുന്നു സംസ്ഥാന സമ്മേളനം. എതിർചേരിയെ ഏതാണ്ട് പൂർണമായും തുടച്ചുനീക്കിക്കൊണ്ടുള്ള സമ്പൂർണ വിജയമാണ് കാനം രാജേന്ദ്രൻ നേടിയിരിക്കുന്നത്.
പ്രായപരിധി നിർദ്ദേശം ചോദ്യം ചെയ്യാനുള്ള മറുപക്ഷത്തിന്റെ നീക്കം സംസ്ഥാന സമ്മേളനത്തിൽ നടന്നില്ല. കെ.ഇ. ഇസ്മായിലും സി. ദിവാകരനും 75 എന്ന പ്രായപരിധിയിൽ തട്ടി സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താകുകയും ചെയ്തു. ഇസ്മായിൽ ദേശീയ എക്സിക്യൂട്ടീവിന്റെ ഭാഗമായതിനാൽ പാർട്ടി കോൺഗ്രസ് കഴിയുന്നതുവരെ സാങ്കേതികമായി നേതൃസമിതികളിൽ തുടരും.
ഇടതുജനാധിപത്യ മുന്നണിയിൽ സി.പി.എം കഴിഞ്ഞാൽ ഏറ്റവും പ്രമുഖ പാർട്ടിയായ സി.പി.ഐ കൂടുതൽ കരുത്താർജ്ജിച്ച് മുന്നോട്ട് പോകുമെന്നതിന്റെ സൂചനയാണ് വിഭാഗീയതയുടെ തരംഗങ്ങൾ നിലച്ചതിലൂടെ പ്രകടമാകുന്നത്. സി.പി.ഐയിൽ ഗ്രൂപ്പുകളോ വിഭാഗീയതയോ ഇല്ലെന്നും അത്തരം കഥകൾ മെനഞ്ഞവർക്ക് സംസ്ഥാന സമ്മേളനം നിരാശയാണ് സമ്മാനിച്ചതെന്നും കാനം അഭിപ്രായപ്പെടുകയുണ്ടായി.
പാർട്ടികളിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടാകുന്നതിനെയെല്ലാം വിഭാഗീയത എന്ന ലേബൽ നൽകി അടിച്ചമർത്തുന്ന പ്രവണത അടുത്തകാലത്തായി എല്ലാ പാർട്ടികളിലും നിലനിൽക്കുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങളുടെ സമന്വയമാണ് ഏതൊരു പാർട്ടിയുടേയും സജീവതയും ജനാധിപത്യവും നിലനിറുത്തുന്നതെന്ന യാഥാർത്ഥ്യം കാണാതിരിക്കരുത്. എതിർപ്പുകൾ ഇല്ലാതായി സ്തുതിപാഠകർ മാത്രം അവശേഷിക്കുമ്പോൾ നേതാവ് കാലക്രമേണ ദുർബലനാകുമെന്ന വസ്തുതയും വിജയത്തിന്റെ ആവേശത്തിൽ ആരും മറന്നുപോകരുത്. പാർട്ടിയിൽ താൻ നേടിയ പൂർണ വിജയം മറ്റൊരർത്ഥത്തിൽ ജനങ്ങളുടെ വിജയമാക്കി പരിണമിപ്പിക്കാനുള്ള നീക്കങ്ങളും നടപടികളുമാണ് കേരളം കാനം രാജേന്ദ്രനിൽ നിന്ന് ഇനി പ്രതീക്ഷിക്കുന്നത്.
ഇടതുമുന്നണിയെക്കൊണ്ട് ജനപക്ഷത്തു നിൽക്കുന്ന പല സുപ്രധാന തീരുമാനങ്ങളും എടുപ്പിക്കാൻ സി.പി.ഐയ്ക്ക് കൂടുതൽ കരുത്തോടെ തുടർന്നും കഴിയുമെന്ന് പ്രതീക്ഷിക്കാം. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന പല സുപ്രധാന വകുപ്പുകളുടെയും ചുമതലയുള്ള പാർട്ടി എന്ന നിലയിൽ കാതലായ പല പരിഷ്കാരങ്ങളും മാറ്റങ്ങളും അതത് വകുപ്പുകളിൽ കൊണ്ടുവരാനുള്ള നടപടികൾക്കാണ് ഈ മൂന്നാമൂഴം അദ്ദേഹം കൂടുതൽ വിനിയോഗിക്കേണ്ടത്. റവന്യൂ വകുപ്പിലെ തന്നെ, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ചില പഴഞ്ചൻ നിയമങ്ങൾ സമഗ്രമായി മാറ്റാനുള്ള ഒരു നീക്കം പാർട്ടിതലത്തിലെ ചർച്ചകൾക്ക് ശേഷം സംസ്ഥാന സെക്രട്ടറിക്ക് തുടങ്ങാവുന്നതാണ്. സി.പി.ഐ ഒരു വേറിട്ട പാർട്ടിയാണെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. അതു കാത്തുസൂക്ഷിക്കുന്നതിനൊപ്പം ഐക്യത്തോടെ പാർട്ടിയെ മുന്നോട്ടു നയിക്കാനുള്ള തന്ത്രജ്ഞതയും കാനം രാജേന്ദ്രൻ എന്ന പരിണിതപ്രജ്ഞനായ നേതാവിൽനിന്ന് ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. ജനങ്ങൾക്ക് ഗുണകരമായ തീരുമാനങ്ങൾ എടുക്കാനും അത് ഫലപ്രദമായ നിലയിൽ നടപ്പാക്കാനുമുള്ള സമയം ഇടതുസർക്കാരിനുണ്ട്. ആ ദിശയിലേക്ക് പാർട്ടിയേയും മുന്നണിയേയും നയിക്കാനുള്ള വലിയ ഉത്തരവാദിത്വം കൂടിയാണ് ഈ മൂന്നാം വരവിൽ അദ്ദേഹത്തിന്റെ ചുമലിൽ വന്നുചേർന്നിരിക്കുന്നത്.