ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് തോട്ടുംകര ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും വൻ ആയുധ ശേഖരം പിടികൂടി. മുഴക്കുന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെത്തിയത്. ഏഴ് വലിയ വാൾ, ഒരു കഠാര, ഒരു നഞ്ചക്ക്, മഴു എന്നിവയാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി തോട്ടുംകരയിലെ വലിയ കുഴിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അടുത്ത കാലത്താണ് ഇവ ഇവിടെ സൂക്ഷിച്ചതെന്നാണ് കരുതുന്നത്. ആയുധങ്ങൾ തുരുമ്പെടുത്ത് നിലയിലായിരുന്നില്ല. നേരത്തെ രാഷ്ട്രീയ സംഘർഷങ്ങളും മറ്റും ഉണ്ടായ പ്രദേശമാണ് ഇവിടം . ആയുധ ശേഖരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ മേഖലയിൽ വ്യാപക പരിശോധന നടത്തി.