ഗുരുവായൂർ: വിജയദശമി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിച്ചത് 500 ഓളം കുരുന്നുകൾ. രാവിലെ ശീവേലിക്ക് ശേഷം ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലായിരുന്നു എഴുത്തിനിരുത്തൽ. ശീവേലിക്ക് ശേഷം കൂത്തമ്പലത്തിൽ നിന്നും സരസ്വതി ദേവിയുടെയും, ശ്രീഗുരുവായൂരപ്പന്റെയും, ഗണപതിയുടെയും ഛായാചിത്രം നാദസ്വരത്തിന്റെ അകമ്പടിയിൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലേയ്ക്ക് എഴുന്നള്ളിച്ചു.
തുടർന്നായിരുന്നു എഴുത്തിനിരുത്തൽ. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ആചാര്യന്മാരായി. തേലമ്പറ്റ കൃഷ്ണൻ നമ്പൂതിരി, കീഴേടം രാമൻ നമ്പൂതിരി, ചെറുതയ്യൂർ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, വേങ്ങേരി നാരായണൻ നമ്പൂതിരി, മൂത്തേടം വാസുദേവൻ നമ്പൂതിരി, അക്കാരപ്പള്ളി മാധവൻ നമ്പൂതിരി തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. കുരുന്നുകൾക്ക് ഭഗവത് പ്രസാദവും നൽകി. എഴുത്തിനിരുത്തുന്ന ചടങ്ങിന്റെ ഫോട്ടോ ദേവസ്വം സൗജന്യമായി നൽകി.