SignIn
Kerala Kaumudi Online
Thursday, 25 April 2024 5.29 PM IST

കല്ലാർവട്ടക്കയം എന്ന മരണക്കയം 20 വർഷം, 39 മരണം

vattakkayam

വിതുര: വാമനപുരം നദിയിലെ വിതുര കല്ലാർ വട്ടക്കയത്തിൽ വീണ്ടും മുങ്ങിമരണം. മരണക്കയമായ വട്ടക്കയത്തിൽ 20 വർഷത്തിനിടെ 39 പേരുടെ ജീവനാണ് പൊലിഞ്ഞുവീണത്. കല്ലാറിൽ ഏറ്റവും കൂടുതൽ മരണം നടന്നതും വട്ടക്കയത്തിൽ തന്നെ. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ബീമാപള്ളി സ്വദേശികളും ബന്ധുക്കളുമായ മൂന്ന് പേർ വട്ടക്കയത്തിൽ മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മരണം പതിയിരിക്കുന്ന വട്ടക്കയത്തിൽ അറിഞ്ഞുകൊണ്ട് ആരും കുളിക്കാനിറങ്ങാറില്ല. മറ്റ് ജില്ലകളിൽ നിന്നുമെത്തുന്നവരാണ് വട്ടക്കയത്തിൽ വീണ് മരിച്ചവരിൽ ഭൂരിഭാഗവും. പൊന്മുടി- വിതുര റോഡിൽ ചേർന്നുള്ള വട്ടക്കയത്തിന് ഇരുപത് അടിയോളം താഴ്ചയുണ്ട്. ഇവിടെ മുങ്ങിമരിച്ചവരുടെ കണക്ക് നിരത്തി നിരവധി അപായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളിക്കാനിറങ്ങുന്നവർ ആരും ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ദിവസം ബീമാപള്ളിയിൽ നിന്നെത്തിയ എട്ടംഗ സംഘത്തോടും വട്ടക്കയത്തിൽ നടന്ന അപകടമരണങ്ങളെ കുറിച്ചും, അപകടം പതിയിരിക്കുന്ന കയങ്ങളെകുറിച്ചും നാട്ടുകാർ പറഞ്ഞിരുന്നു. രണ്ട് മാസം മുൻപ് പോത്തൻകോട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചപ്പോൾ അപകടമരണത്തിന് തടയിടുന്നതിനായി വിതുര പൊലീസും പഞ്ചായത്തും ചേർന്ന് വട്ടക്കയം ഭാഗത്ത് മുള്ളുവേലി കെട്ടി അടയ്ക്കുകയും, അപായബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരുമാസം പിന്നിട്ടപ്പോൾ മുള്ളുവേലി തകർത്ത് വീണ്ടും സഞ്ചാരികൾ വട്ടക്കയത്തിൽ ഇറങ്ങി കുളിക്കുന്ന സ്ഥിതി സംജാതമാകുകയായിരുന്നു.

അപകടങ്ങൾ ഇനിയും ഏറും

വട്ടക്കയത്തിൽ എത്തുന്ന സഞ്ചാരികളോട് നാട്ടുകാർ വട്ടക്കയത്തിൽ നടക്കുന്ന അപകടവിവരങ്ങൾ ചൂണ്ടിക്കാണിച്ചാൽ തിരിച്ചടിക്കുന്ന സ്വഭാവമാണെന്ന് വ്യപകമായ പരാതിയുണ്ട്. കുളിക്കുന്നതിനിടയിൽ വട്ടക്കയത്തിൽ മുങ്ങിത്താഴ്ന്ന അനവധി പേരെ ഇതിനകം നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിൽ മരണസംഖ്യ ഇതിലും കൂടിയേനെ. കല്ലാറിൽ കുളിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികാരികൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇനിയും അപകടമരണങ്ങൾ അരങ്ങേറുമെന്ന് നാട്ടുകാർ പറയുന്നു.

ഒളിഞ്ഞിരിക്കുന്ന മരണക്കയങ്ങൾ

പൊന്മുടി സന്ദർശിക്കാനെത്തുന്ന യുവാക്കളിൽ ഭൂരിഭാഗം പേരും കല്ലാറിൽ മുങ്ങിക്കുളിച്ച ശേഷമാണ് മടങ്ങുന്നത്. ഉരുളൻകല്ലുകൾക്ക് മീതെ ഒഴുകുന്ന കല്ലാറിന്റെ ഹൃദയമുഖത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ തിരിച്ചറിയാൻ കഴിയാത്തതുമൂലമാണ് മുങ്ങിമരണം വർദ്ധിക്കുന്നത്. കല്ലാർ നിവാസികളുടെ ഇടപെടൽമൂലം അനവധി പേർ മരണത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ നാട്ടുകാർ അപകടങ്ങളെക്കുറിച്ച് പറഞ്ഞാൽ ടൂറിസ്റ്റുകൾ കേൾക്കാറുമില്ല. വഴുക്കൻ പാറകളുള്ള നദിയിൽ നിറയെ മണൽക്കുഴികളാണ്. ഇത്തരം കയങ്ങളിൽ പതിച്ചാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. 25 വർഷം മുമ്പ് തിരുവനന്തപുരം ഡെന്റൽ കോളേജിലെ എട്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചതാണ് ഏറ്റവും വലിയ ദുരന്തം. ഇതിന് ശേഷം 2005ൽ ആറ്റിങ്ങലിൽ നിന്നും എത്തിയ മൂന്ന് യുവാക്കൾ കല്ലാറിൽ മുങ്ങിമരിച്ചിരുന്നു. പിന്നീട് ഇങ്ങോട്ട് മരണ പരമ്പരതന്നെ അരങ്ങേറി.

പൊലീസ് ഔട്ട്പോസ്റ്റ് ജലരേഖയായി

15വ‌ർഷം മുമ്പ് റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ കല്ലാർ ഗവൺമെന്റ് എൽ.പി.എസിൽ സംഘടിപ്പിച്ച പൊതുജനസമ്പർക്ക പരിപാടിയിൽ അപകടങ്ങൾ തടയാൻ കല്ലാർ കേന്ദ്രമാക്കി പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുമെന്ന് റൂറൽ എസ്.പി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ വാഗ്ദാനം ജലരേഖയായി മാറുകയായിരുന്നു. പിന്നീട് വാഗ്ദാനം നടത്തിയ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ നിവേദനം നൽകി. തുടർന്ന് സമരങ്ങൾ നടത്തിയെങ്കിലും പൊലീസ് അനങ്ങിയില്ല.

ലൈഫ്ഗാർഡുകളെ നിയമിക്കണം

കല്ലാറിൽ വർദ്ധിച്ചുവരുന്ന അപകടമരണങ്ങൾക്ക് പരിഹാരം കാണാൻ വനംവകുപ്പിന്റെയും, പൊലീസിന്റെയും നേതൃത്വത്തിൽ ലൈഫ്ഗാർഡുകളെ നിയമിക്കണമെന്ന് സി.പി.എം കല്ലാർ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി മംഗലകരിക്കകം മോഹനൻ ആവശ്യപ്പെട്ടു. അപകടമരണങ്ങൾക്ക് തടയിടണം.

കല്ലാർ എക്‌സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.