തോപ്പുംപടി: ഹാർബർ പാലത്തിൽ ഗതാഗത സ്തംഭനം പതിവാകുന്നു. വലിയ വാഹനങ്ങൾക്ക് നിരോധനമുണ്ടെങ്കിലും ഇന്നലെ രാവിലെ പത്തര മണിയോടെ 50 ടണ്ണിലേറെ ഭാരമുള്ള വാഹനം പാലത്തിൽ കയറിയത് ഏറെ നേരം ട്രാഫിക് സ്തംഭനത്തിന് ഇടയാക്കി. ഏറെ പണിപ്പെട്ടാണ് ഈ വാഹനം പാലത്തിന് പുറത്തെത്തിയതും ഗതാഗതം സുഗമമാക്കിയതും. ഹാർബർ പാലം ഇനിയും അപകടത്തിലായാൽ പശ്ചിമകൊച്ചിയിലെ യാത്രക്കാരുടെ ദുരിതം ഇരട്ടിക്കുന്ന സ്ഥിതിവിശേഷം സംജാതമാകും. വലിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി അറിയിച്ച് പാലത്തിന്റെ ഇരുകരകളിലും ബോർഡുകൾ സ്ഥാപിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.