തൃശൂർ : ശക്തൻ ബസ് സ്റ്റാൻഡിന് സമീപം മൂന്ന് നില കെട്ടിടത്തിലെ സൈക്കിൾ കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. സ്ഥാപനത്തിലെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
വെളിയന്നൂരിൽ ശക്തൻ കെ.എസ്.ആർ.ടി.സി റോഡിലെ ചാക്കപ്പായ് സൈക്കിൾ സ്റ്റോറിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപിടിത്തം. കുന്നംകുളം കൊള്ളന്നൂർ വീട്ടിൽ കുര്യാക്കോസിന്റെ സ്ഥാപനമാണിത്. മൂന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. ക്രമേണ മറ്റ് നിലയിലേക്കും പടർന്നു. തീ പിടിത്ത കാരണം വ്യക്തമായിട്ടില്ല. പ്രദേശമാകെ പുക ഉയർന്നു.
അഗ്നിശമന മുൻകരുതലെടുത്തതിനാൽ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. പുക ശ്വസിച്ചുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം സമീപവാസിയായ വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റി.
മുകളിലത്തെ നിലകളിലെ സൈക്കിളുകൾ കത്തിനശിച്ചു. ജില്ലാ ഫയർ ഓഫീസർ അരുൺഭാസ്കറിന്റെ നേതൃത്വത്തിൽ ഒമ്പത് യൂണിറ്റുകളാണ് തീ അണച്ചത്. വൈകിട്ട് അഞ്ചര മുതൽ രാത്രി എട്ട് വരെ പരിശ്രമിച്ചാണ് തീ അണച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |