ചെങ്ങന്നൂർ : അറിവിന്റെ ആദ്യക്ഷരം നുകരാൻ മലയാളനാട്ടിലെ കുരുന്നുകൾക്കൊപ്പം അതിഥി തൊഴിലാളികളുടെ മക്കളുമെത്തി. എസ്.എൻ.ഡി.പി യോഗം 74-ാം വല്ലന ശാഖയിലെ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ നേപ്പാളി ബാലൻ രാകേഷും മുളക്കുഴ പിരളശേരി കണ്ണുവേലികാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ബംഗാളി ബാലിക ജമാ പ്രായാണികും ആണ് ഹരി ശ്രീ... കുറിച്ചത്.
ഒരു വർഷം മുൻപ് നേപ്പാളിലെ ഗ്രാമത്തിൽ നിന്ന് വല്ലന ശ്രീമംഗലം ഡയറി ഫാമിൽ ജോലിക്കെത്തിയ ബാഹാദൂർ - മോൻഷാബാ ദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് രണ്ടരവയസുകാരൻ രാകേഷ്. അന്തരിച്ച വല്ലന മോഹനൻ തന്ത്രികളുടെ മകനും തന്ത്രിയുമായ മഹേഷ് ശാന്തിയുടെ മടിയിലിരുന്നാണ് രാകേഷ് ഹരിശ്രീ കുറിച്ചത്. കുട്ടിയെ വല്ലന എസ്.എൻ.ഡി.പി യു.പി സ്‌കൂളിൽ ചേർത്തു പഠിപ്പിക്കാനാണ് മാതാപിതാക്കൾക്കിഷ്ടം. അറിവിന് കാലദേശാന്തരമോ ഭാഷയോ തടസമാകില്ലെന്നും കുട്ടിയുടെ പഠനകാര്യങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകുമെന്നും വല്ലന മഹാദേവക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററും ശ്രീമംഗലം ഡയറിഫാം ഉടമയുമായ സുരേഷ് മംഗലത്തിൽ പറഞ്ഞു.
പശ്ചിമ ബംഗാൾ സ്വദേശികളായ രാകേഷ് - ഷഷ്ട്ടി ദമ്പതികളുടെ മകൾ ജമാ പ്രായാണികിന് മേൽശാന്തി റെജികുമാർ ആദ്യക്ഷരം പകർന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഇ.ടി.അജയഘോഷ് നേതൃത്വം നൽകി. സെക്രട്ടറി എം.സുരേഷ് മധുരംനൽകി. ദക്ഷിണ ദിനാജ്പൂർ ജില്ലയിലെ ഫുൽബാരി സ്വദേശികളായ രാകേഷും - ഷഷ്ടിയും കേരളത്തിലെത്തിയിട്ട് മൂന്നു വർഷമായി. ഇരുവരും മുളക്കുഴ പെരിങ്ങാലയിൽ വീട്ടുജോലി ചെയ്തു വരികയാണ്.