പി.എസ്.ജിയെ സമനിലയിൽ തളച്ച് മക്കാബി ഹൈഫ
മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ മിന്നുന്ന വിജയം നേടി വമ്പൻ ക്ളബുകളായ റയൽ മാഡ്രിഡും ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും. അതേസമയം മെസിയും നെയ്മറും എംബാപ്പെയും കളിക്കുന്ന പാരീസ് എസ്.ജിയെ പോർച്ചുഗീസ് ക്ളബ് ബെൻഫിക്ക സമനിലയിൽ തളച്ചു.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ യുക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്കിനെയാണ് തോൽപ്പിച്ചത്. 13-ാം മിനിട്ടിൽ റോഡ്രിഗോയും 28-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറുമാണ് റയലിനായി സ്കോർ ചെയ്തത്. 39-ാം മിനിട്ടിൽ ഒലക്സാണ്ടർ സുഖ്ബോയിലൂടെ ഷാക്തർ ഒരു ഗോൾ തിരിച്ചടിച്ചു. ഗ്രൂപ്പ് എഫിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച റയൽ ഒൻപത് പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്.
ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി എഫ്.സി കോപ്പൻഹേഗനെ തോൽപ്പിച്ചത്. എർലിംഗ് ഹാലാൻഡ് രണ്ട് ഗോളുകൾ നേടിയപ്പോൾ റിയാദ് മഹ്റേസും യൂലിയാൻ അൽവാരേസും ഓരോഗോളടിച്ചു. ഡാവിറ്റ് കൊച്ചോലാവയുടെ സെൽഫ് ഗോളും സിറ്റിക്ക് തുണയായി. ഗ്രൂപ്പിലെ മൂന്നാം ജയത്തോടെ സിറ്റി ഒന്നാമതാണ്. സെവിയ്യയെ 4-1ന് തോൽപ്പിച്ച ഡോർട്ട്മുണ്ടാണ് രണ്ടാം സ്ഥാനത്ത്.
ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെൽസി മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് കരുത്തരായ ഇറ്റാലിയൻ ക്ളബ് എ.സി മിലാനെയാണ് തോൽപ്പിച്ചത്. വെസ്ലി ഫൊഫാന,ഒൗമയാംഗ്, റീസ് ജെയിംസ് എന്നിവരാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്. ഗ്രൂപ്പ് ഇയിൽ ആദ്യ ജയം നേടിയ ചെൽസി ഇതോടെ നാലുപോയിന്റുമായി രണ്ടാമതേക്കുയർന്നു. ഡൈനാമോ സാഗ്രെബിനെ 1-0ത്തിന് തോൽപ്പിച്ച സാൽസ്ബർഗാണ് അഞ്ചുപോയിന്റുമായി ഒന്നാമത്.
ഗ്രൂപ്പ് എച്ചിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് ഇസ്രയേലി ക്ളബ് മക്കാബി ഹൈഫയെ തോൽപ്പിച്ചത്. യുവന്റസിനായി അഡ്രിയാൻ റബിയോട്ട് രണ്ട് ഗോളുകളും ദുസാൻ വ്ളാഹോവിച്ച് ഒരു ഗോളും നേടിയപ്പോൾ ഡീൻ ഡേവിഡ് ഹൈഫയുടെ ആശ്വാസഗോൾ നേടി. മദ്ധ്യനിരയിൽ ഏൻജൽ ഡി മരിയയുടെ മിന്നുന്ന പ്രകടനമാണ് യുവന്റസിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൻഫിക്കയോട് 1-1ന് സമനിലയിൽ പിരിഞ്ഞെങ്കിലും പാരീസ് എസ്.ജിതന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 22-ാ ംമിനിട്ടിൽ മെസിയുടെ ഗോളിലൂടെ പി.എസ്.ജി മുന്നിലെത്തിയിരുന്നെങ്കിലും 43-ാം മിനിട്ടിലെ ഡാനിലോ പെരേരയുടെ സെൽഫ് ഗോൾ ബെൻഫിക്കയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു. പി.എസ്.ജിക്കും ബെൻഫിക്കയ്ക്കും ഏഴുപോയിന്റ് വീതമായപ്പോൾ യുവന്റസ് മൂന്ന് പോയിന്റുമായി മൂന്നാമതാണ്.
മത്സരഫലങ്ങൾ
പാരീസ് എസ്.ജി 1 - ബെൻഫിക്ക 1
റയൽ മാഡ്രിഡ് 2 - ഷാക്തർ 1
മാഞ്ചസ്റ്റർ സിറ്റി 5- കോപ്പൻഹേഗൻ 0
ചെൽസി 3- എ.സി മിലാൻ 0
യുവന്റസ് 3- മക്കാബി ഹൈഫ 1
ഡോർട്ട്മുണ്ട് 4- സെവിയ്യ 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |