SignIn
Kerala Kaumudi Online
Friday, 19 April 2024 11.33 AM IST

ജീവന് കെണിയുമായി ഉന്മാദവഴികൾ

dd

ഒരു മാസം മുൻപാണ്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിലൂടെ ജനറലാശുപത്രിയിലേക്കുള്ള റോഡിലൂടെ പോയവരെല്ലാം ആ കാഴ്ചകണ്ട് സ്തബ്‌ധരായി. കസവുകരയുള്ള സെറ്റുമുണ്ടുടുത്ത പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടുകയാണ് മുണ്ടുടുത്ത നാലുപേർ. ഷൂസുകൊണ്ടുള്ള ചവിട്ടേറ്റ് അവൾ നിലവിളിക്കുന്നു. ഒപ്പമുള്ള മറ്റൊരു പെൺകുട്ടി ഉന്മാദിയായി പൊട്ടിച്ചിരിച്ചുകൊണ്ട് ആ ദൃശ്യങ്ങളുടെ വീഡിയോ ഫോണിൽ പകർത്തുന്നു. എല്ലാവരുടേയും തോളിൽ സ്കൂൾബാഗുണ്ട്. പിടിച്ചുമാറ്റാനെത്തിയ ഓട്ടോഡ്രൈവറെ സംഘം വിരട്ടിയോടിച്ചു. നഗരത്തിലെ പ്രമുഖ സ്കൂളിലെ ഓണാഘോഷത്തിനിടെ ലഹരിമരുന്നുപയോഗിച്ച് ഉന്മാദാവസ്ഥയിലായ കുട്ടികൾ അരമണിക്കൂറോളം നടുറോഡിൽ ഭീതിവിതച്ചു. നമ്മുടെ മക്കൾ ലഹരിയുടെ അടിമകളായി മാറുന്നത് വീട്ടുകാർ പോലും ഏറെ വൈകിയാണ് അറിയുന്നത്. സ്കൂൾ, കോളേജ് വ്യത്യാസമില്ലാതെ ലഹരി ഉപയോഗവും വിൽപ്പനയും തകൃതിയാണ്.

ചേച്ചി

എത്തിക്കുന്ന

ലഹരി

പൊലീസിന്റെ കണ്ണിൽപ്പെടാതെ തൊടുപുഴയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്നെത്തിച്ച 'ചേച്ചി'എന്ന വിളിപ്പേരുള്ള 22കാരി 85ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ച് കോതമംഗലത്തെ കോളേജിൽ ഒന്നാംക്ലാസോടെ ബിരുദം നേടിയ മിടുമിടുക്കിയാണ്. ചിത്രരചനയിലും ഗാനാലാപനത്തിലുമെല്ലാം ഒന്നാമത്. എറണാകുളത്ത് അക്കൗണ്ടിംഗ് പഠിക്കാനെത്തിയപ്പോൾ പരിചയപ്പെട്ട യുവാവാണ് ലഹരിമാഫിയയുടെ കണ്ണിയാക്കിയത്. പിന്നീട് അവളുടെ ജീവിതം മാറിമറിഞ്ഞു. കാമുകനുമൊത്ത് ലോഡ്ജിൽ മുറിയെടുത്തായി ലഹരിവ്യാപാരം. ഒരുതവണ മുറിയെടുത്താൽ അഞ്ചുലക്ഷം രൂപയുടെ ലഹരിമരുന്ന് വിൽക്കും. ലഹരിമരുന്ന് ചൂടാക്കാനുള്ള സ്ഫടികക്കുഴലും കുത്തിവയ്ക്കാനുള്ള സിറിഞ്ചുകളുമെല്ലാം നൽകി കുട്ടികളെ അടിമകളാക്കുന്നതായിരുന്നു രീതി. ലഹരിവലയിൽ കുടുങ്ങിയെന്ന് മനസിലാക്കി ഭൂതത്താൻകെട്ട് അണക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോഡ്രൈവർ രക്ഷിച്ചു. തൊടുപുഴയിൽ എം.ഡി.എം.എയുമായി പൊലീസിന്റെ പിടിയിലായപ്പോൾ അവളുടെ അലർച്ച കേരളത്തെ കരയിച്ചു. അവളെപ്പോലെ ഒരിക്കലും തിരിച്ചുകയറാനാവാത്ത കയങ്ങളിലേക്ക് നമ്മുടെ മക്കളെ തള്ളിയിടുകയാണ് ലഹരിമാഫിയ.

ആദ്യം സൗജന്യമായി ലഹരിമരുന്ന് നൽകും. പിന്നെ പണം ചോദിക്കും. ലഹരിക്ക് അടിമകളായവർ പണം കണ്ടെത്താൻ എന്തും ചെയ്യും. അവരെ ഉപയോഗിച്ചാവും പിന്നീട് കച്ചവടം നടത്തുക. സ്കൂളുകളിലും കോളേജുകളിലും ഇങ്ങനെ വിൽപ്പനക്കാരായി നിരവധി കുട്ടികളുണ്ട്. കോളേജിലേക്കുള്ള കാരിയർമാരും സഹപാഠികൾക്ക് ലഹരികച്ചവടം നടത്തുന്നവരും ഈ കുട്ടികളാണ്. കോളേജ് ഹോസ്റ്റലുകളിൽ ലഹരിപാർട്ടി നടത്തിയും ലഹരിയുപയോഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചും കൂസലില്ലാതെ വിലസുകയാണ് ആൺ-പെൺ വ്യത്യാസമില്ലാതെ യുവതലമുറ. നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി സ്റ്റിക്കറുകളായും കഞ്ചാവ് പൊതികളായും കുത്തിവയ്ക്കാനുള്ള മരുന്നായുമൊക്കെ ലഹരി ഒഴുകുകയാണ്. നിയന്ത്രിക്കാനാവാതെ അദ്ധ്യാപകരും മാനേജ്മെന്റുകളും പകച്ചുനിൽക്കുന്നു. സർക്കാർ കോളേജുകളിൽ ലഹരിയുപയോഗത്തിന് യാതൊരു നിയന്ത്രണവുമില്ല. ലഹരിയുടെ ഉന്മാദത്തിൽ ഇവർ ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുന്നതും ഇവരെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതും പതിവായിട്ടുണ്ട്. എൻജിനിയറിംഗ്, മെഡിക്കൽ കോളേജുകളിലും ലഹരിമാഫിയ പിടിമുറുക്കിയിട്ടുണ്ട്. ഹോസ്റ്റലുകളിൽ ലഹരിമരുന്ന് സൂക്ഷിക്കുന്ന രഹസ്യകേന്ദ്രങ്ങൾ പോലുമുണ്ട്. ഒന്നരവർഷത്തിനിടെ, 21വയസിൽ താഴെയുള്ള 3933പേരെയാണ് ലഹരിവിമുക്തകേന്ദ്രത്തിലയച്ചത്. 40 ശതമാനവും 18 വയസിൽ താഴെയുള്ളവരാണ്. ഇക്കൊല്ലം ആദ്യ ആറുമാസം 21വയസിൽ താഴെയുള്ളവർ പ്രതികളായ 389കേസുകളുണ്ട്.

പ്ലസ്ടു അദ്ധ്യാപികയുടെ

തുറന്നുപറച്ചിൽ

''ലഹരിക്ക് അടിമകളായവരെ നിയന്ത്രിക്കാനാവില്ല. ഏഴാം ക്ലാസ് മുതൽ ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥി ഇപ്പോൾ മൊത്തകച്ചവടക്കാരനാണ്. പൊലീസ് പിടിയിലായ പ്ലസ്ടു വിദ്യാർത്ഥിനി ലഹരി ഉപയോഗിക്കുന്ന 19 കൂട്ടുകാരികളുടെ പേരുകൾ വെളിപ്പെടുത്തി. ലഹരിവാങ്ങുന്നതിനിടെ ഒൻപത് കുട്ടികളെ എക്സൈസ് പിടികൂടി.

കുഞ്ഞുങ്ങൾ സാമൂഹ്യദ്രോഹികളായി മാറുകയാണ്. ഏറെ വൈകിപ്പോയി. ഇനിയെങ്കിലും എന്തെങ്കിലും ചെയ്യണം. വെള്ളമെല്ലാം ഒഴുകിപ്പോയിട്ട് ബണ്ടുകെട്ടാനിരിക്കരുത്.''- കൂപ്പുകൈകളോടെ പ്ലസ്ടു അദ്ധ്യാപികയുടെ ഈ അപേക്ഷ കേരളം കേട്ടതാണ്. അത്രയേറെ ഗുരുതരമാണ് സ്ഥിതി. ഭൂഖണ്ഡങ്ങൾ കടന്നെത്തുന്ന സിന്തറ്രിക് ലഹരിയിൽ ഉന്മാദികളായി സ്വയം നശിക്കുകയാണ് നമ്മുടെ മക്കൾ. സഹപാഠികൾക്ക് ലഹരിമരുന്നുകൾ വിറ്റഴിക്കുന്നത് കുട്ടികളാണെന്നും അറുപത് കുട്ടികളുള്ള ക്ലാസിൽ പത്ത് കുട്ടികളെങ്കിലും ലഹരിക്ക് അടിമകളാണെന്നും അദ്ധ്യാപകർ പറയുന്നു. കഞ്ചാവ്, ലഹരി ഇൻജക്‌ഷൻ, മയക്കുഗുളികകൾ എന്നിവയെല്ലാം കടന്ന് നാവിലൊട്ടിക്കുന്ന എൽ.എസ്.ഡിയാണ് ഇപ്പോഴത്തെ ട്രെൻഡ്. 100രൂപ നൽകിയാൽ പത്തുമണിക്കൂർവരെ ലഹരിയെന്നാണ് വാഗ്ദാനം. മണവും നിറവുമില്ലാത്തതിനാൽ കണ്ടെത്താനും പ്രയാസം. ലഹരിവിൽപ്പന പാടില്ലെന്ന് നിയമമുണ്ടെങ്കിലും കച്ചവടം തകൃതി. ലഹരിക്ക് അടിമകളായ കുട്ടികൾ കുറ്റകൃത്യങ്ങളിലേർപ്പെടുമ്പോഴാണ് പൊലീസും എക്സൈസുമൊക്കെ ഉണരുക.

താലിബാന്റെ

സർജിക്കൽ സ്ട്രൈക്ക്

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതോടെ, മയക്കുമരുന്നുകളും രാസലഹരികളും വൻതോതിൽ ഇന്ത്യയിലേക്കൊഴുകുകയാണ്. അഫ്ഗാൻ ലാബുകളിൽ ശുദ്ധീകരിച്ചെടുക്കുന്ന ഹെറോയിനും ഉന്മാദ ലഹരിയായ 'മെത്ത്ട്രാക്‌സും' കേരളത്തിൽ സുലഭമാണ്. ഇന്ത്യയാണ് അവരുടെ ഏറ്റവും വലിയ വിപണി. അഫ്ഗാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ശതകോടികളുടെ മയക്കുമരുന്നാണെത്തുന്നത്. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്ത അടിമയാക്കുന്ന 'മെത്ത്ട്രാക്‌സ്" എന്ന രാസലഹരിയാണ് അഫ്ഗാനിൽ നിന്നെത്തുന്നതിൽ ഏറ്റവും അപകടകരം. കിലോയ്‌ക്ക് ഒരുകോടി രൂപയാണ് വില. അഞ്ച് മില്ലിഗ്രാം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ഉന്മാദം. ലോകം മുഴുവൻ നിരോധിച്ചതായതിനാൽ ഡിമാന്റ് ഏറെയാണ്.

എൽ.എസ്.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലൈസർജിക് ആസിഡ് ഡൈ ഈഥൈൻ അമൈഡ് എന്ന ഗന്ധമില്ലാത്ത മയക്കുമരുന്നിന്റെ പ്രധാന ഉത്പാദകരാണ് അഫ്ഗാൻ ലാബുകൾ. ഇത് സ്റ്റിക്കറായി നാവിലൊട്ടിക്കാം, ക്രിസ്റ്റലുമുണ്ട്. 12മണിക്കൂർ വരെ ലഹരി കിട്ടും. ടൂറിസം കേന്ദ്രങ്ങളിലെ ലഹരിമരുന്ന് പാർട്ടികളിൽ അഫ്ഗാൻ നിർമ്മിത എൽ.എസ്.ഡി പാക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. നിശാപാർട്ടികൾക്കും ഐ.ടി, സിനിമ മേഖലകളിലും ക്വട്ടേഷൻകാർക്കുമായി അഫ്ഗാനിൽ നിന്ന് ഓപിയവും ഹെറോയിനുമെത്തുന്നു.

ലോകത്തെ വലിയ കറുപ്പ് (ഓപിയം) ഉത്പാദനം അഫ്ഗാനിലാണ്. താലിബാൻ നിയന്ത്രിത മേഖലകളിലാണ് കൃഷിയേറെയും. ഓപിയം ഹെറോയിനാക്കി മാറ്റുന്ന ലാബുകൾ നിരവധിയാണ്. ലഹരിമരുന്ന് വ്യാപാരത്തിലൂടെ 30,000കോടി രൂപയാണ് താലിബാന്റെ വാർഷികവരുമാനമെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്. ലാബുകൾ, കള്ളക്കടത്തുകാർ എന്നിവർ താലിബാന് നികുതിയും നൽകണം. ഓപിയം നിർമ്മാണത്തിനുള്ള പോപ്പി കൃഷിക്കും സംസ്കരിച്ചെടുക്കുന്ന ലാബുകൾക്കും രാജ്യത്തിനു പുറത്തേക്കെത്തിക്കുന്ന കള്ളക്കടത്തുകാർക്കുമെല്ലാം താലിബാന്റെ സുരക്ഷയുണ്ട്. ഇതിന് കൃഷിക്കാരും കച്ചവടക്കാരും 10ശതമാനം നികുതിയടയ്ക്കണം. ഇന്ത്യയിലേക്ക് കടൽ, കരമാർഗ്ഗങ്ങളിലൂടെ ലഹരി കള്ളക്കടത്തുണ്ട്. ഗൾഫിലെത്തിച്ച് വ്യോമമാർഗവും കടത്തുന്നു. താലിബാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമുണ്ട്.

---------------കണക്കുകൾ ഭീകരം---------

കേസുകൾ

2020-------------4,650

2021-------------5,334

2022-------------16,128

(ആഗസ്റ്റ് വരെ)

അറസ്റ്ര്

2020-------------5,674

2021-------------6,704

2022-------------17,834

ഇക്കൊല്ലം പിടികൂടിയത്

കഞ്ചാവ്-1,340കിലോ

എം.ഡി.എം.എ-6.7കിലോ

ഹാഷിഷ് ഓയിൽ-23.4കിലോ

അഞ്ചുവർഷത്തിനിടെ എക്സൈസ് പിടിച്ച എം.ഡി.എം.എയുടെ മൂല്യം - 75കോടി

''എല്ലാവിഭാഗം ജനങ്ങളെയും ലഹരിക്കെതിരായ യുദ്ധത്തിൽ അണിനിരത്തും.

ബോധവത്കരണത്തിലൂടെ ലഹരി വിപത്തിനെ തടയണം. പ്രതിരോധ പ്രവർത്തനത്തിൽ അദ്ധ്യാപകർക്കും പി.ടി.എകൾക്കും നിർണായക പങ്കുണ്ട്. ''

പിണറായി വിജയൻ

മുഖ്യമന്ത്രി

(തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRUG TRAFFICKING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.