SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.16 PM IST

പ്രതിദിന നഷ്ടം രണ്ട് കോടി, വിഴിഞ്ഞം കുഴയും സമരം നീണ്ടാൽ

p

തിരുവനന്തപുരം. നാലായിരം കോടി രൂപ മുതൽമുടക്കിക്കഴിഞ്ഞ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ഒരു വിഭാഗത്തിന്റെ സമരംമൂലം മുടങ്ങിയതോടെ പ്രതിദിനം രണ്ട് കോടി രൂപയുടെ നഷ്ടം. ഉപരോധ സമരം 53 ദിവസം പിന്നിട്ടപ്പോൾ പലിശയിനത്തിൽ മാത്രമുണ്ട് 106 കോടിരൂപയുടെ നഷ്‌ടം.

അദാനി വിഴിഞ്ഞം പോർട്ട് അധികൃതർ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ നേരിൽക്കണ്ട് സമർപ്പിച്ച കണക്കാണിത്. സമരം നീണ്ടാൽ അടുത്ത വർഷവും തുറമുഖം കമ്മിഷൻ ചെയ്യാനാവില്ല. നിർമ്മാണത്തിന് കല്ലുകൾ എത്തിക്കാൻ കഴിയുന്നില്ല. വിഴിഞ്ഞത്തേക്കുള്ള ബാർജുകളും ടഗുകളും കൊല്ലം ഉൾപ്പെടെ തീരങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.

നിയമവകുപ്പുമായി ആലോചിച്ച് അടിയന്തര തീരുമാനമെടുക്കാമെന്നാണ് മന്ത്രി അദാനി ഗ്രൂപ്പുകാരെ അറിയിച്ചിരിക്കുന്നത്. വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രിയും നിയമമന്ത്രി പി. രാജീവും തിരിച്ചെത്തിയാലുടൻ ചർച്ച നടന്നേക്കും.

സമരംമൂലം ആഗസ്റ്റ് 16 മുതൽ പണി നിറുത്തിവച്ചിരിക്കയാണെന്നും പ്രദേശവാസികൾക്കടക്കം തൊഴിലവസരം നഷ്ടപ്പെടുന്നെന്നും അദാനി വിഴിഞ്ഞം പോർട്ട് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ രാജേഷ് ഝാ കേരളകൗമുദിയോടു പറഞ്ഞു.

500 തൊഴിലാളികളാണ് നിർമ്മാണ ജോലിചെയ്തുവന്നിരുന്നത്. തുറമുഖത്തിന്റെ ഓരോ ഘട്ടവും പൂർത്തിയാകുന്ന മുറയ്ക്ക് തൊഴിലവസരങ്ങളും വർദ്ധിക്കും. ആദ്യഘട്ടത്തിൽ ആയിരം പേർക്ക് നേരിട്ടും അതിന്റെ പത്തിരട്ടിപ്പേർക്ക് തുടർന്നും തൊഴിൽ ലഭിക്കും. ഇതിൽ പ്രദേശവാസികൾക്കാണ് ആദ്യ പരിഗണന.

ഇപ്പോൾ സമരം നിറുത്തിയാൽ ആദ്യ ബെർത്ത് 350 ദിവസത്തിനകം പൂർത്തീകരിക്കാനാവും. പ്രധാന ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ കേരള വികസനത്തിന് വൻ കുതിപ്പേകുന്ന തുറമുഖം യാഥാർത്ഥ്യമാക്കാൻ സമരം നിറുത്തി സഹകരിക്കണമെന്നും സി.ഇ.ഒ അഭ്യർത്ഥിച്ചു.

സെപ്തംബർ പകുതി മുതൽ 200 ദിവസമാണ് കടലിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയം. കരയിലും ധാരാളം പ്രവർത്തനങ്ങൾ ബാക്കിയുണ്ട്.

വിഴിഞ്ഞം തുറമുഖത്തിനെതിരെ അന്താരാഷ്ട്ര ലോബികളുണ്ടെന്ന് വലിയ ആക്ഷേപം നിലിനിൽക്കുന്നു. ശ്രീലങ്കയിലെ പുതിയ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന് വൻകുതിപ്പ് ലഭിക്കുമെന്ന് ഉറപ്പാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നാണ് പ്രദേശവാസികളുടെയും ആവശ്യം.

നിർമ്മാണം ഹരിത ട്രൈബ്യൂണൽ

മേൽനോട്ടത്തിൽ

ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച രണ്ട് കമ്മിറ്റികളിലെ പതിനേഴ് വിദഗ്ദ്ധർ നിർമ്മാണ പ്രവർത്തനങ്ങൾ ആറു മാസത്തിലൊരിക്കൽ അവലോകനം ചെയ്യുന്നുണ്ട്. ട്രൈബ്യൂണലിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ നിർമ്മാണം നടക്കുന്ന ഏക പദ്ധതിയാണിത്. കേരള സർവകലാശാല ഫ്യൂച്ചർ സ്റ്റഡീസ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്രദേശവാസിയായ ക്ളമന്റ് ലോപ്പസ് പ്രസിദ്ധീകരിച്ച പഠനത്തിൽ തുറമുഖ നിർമ്മാണം ഒരു വിധത്തിലും തീരശോഷണത്തെ സ്വാധീനിച്ചിട്ടില്ലെന്ന് വിശദമാക്കുന്നു. 2011 നും 2022നുമിടയിൽ മേഖലയിലെ മത്സ്യോത്പാദനത്തിൽ അഞ്ചുശതമാനം വർദ്ധനയുമുണ്ട്.

നഷ്‌ടക്കണക്ക് പെരുകും

# നിർമ്മാണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ ടഗുകളും ബാർജുകളും കൊല്ലത്തും തിരുവനന്തപുരത്തുമായി നിലനിറുത്തിയത് വഴി മാത്രം 57 കോടി നഷ്‌ടമുണ്ടായി

# സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ സർക്കാരിന് ആദാനി നഷ്ടപരിഹാരം നൽകണം. നിർമ്മാണം നടത്താൻ സാഹചര്യം ഒരുക്കിയില്ലെങ്കിൽ സർക്കാർ തിരിച്ചും നഷ്‌ടപരിഹാരം നൽകണം

`എന്തു വിട്ടുവീഴ്‌ച ചെയ്‌തും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കും. അദാനി ഗ്രൂപ്പുമായും സമരസമിതിയുമായും തുടർചർച്ചകൾ നടത്തും'

-അഹമ്മദ് ദേവർകോവിൽ,

തുറമുഖ വകുപ്പ് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHIJNJAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.