SignIn
Kerala Kaumudi Online
Thursday, 25 April 2024 8.05 PM IST

നീതിപീഠത്തെ വെല്ലുവിളിക്കരുത്

photo

വിഴിഞ്ഞം രാജ്യാന്തര തുറമുഖനിർമ്മാണം നിറുത്തിവയ്ക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അൻപതു ദിവസമായി നിർമ്മാണ മേഖലയിൽ പന്തൽകെട്ടി തീരദേശവാസികൾ സമരം നടത്തിവരികയാണ്. റോഡിൽ സമരപ്പന്തൽ നിൽക്കുന്നതു നിർമ്മാണ പ്രവർത്തനങ്ങൾക്കു തടസം സൃഷ്‌ടിക്കുന്നു എന്നാണ് തുറമുഖ നിർമ്മാണത്തിനു ചുക്കാൻപിടിക്കുന്ന അദാനി കമ്പനിയുടെ ആക്ഷേപം. നിർമ്മാണം തടസപ്പെടുത്തുന്ന തരത്തിൽ സമരം പാടില്ലെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിനുശേഷവും തടസപ്പെടുത്തൽ തുടരുകയാണെന്നു ചൂണ്ടിക്കാട്ടി അദാനിയും നിർമ്മാണക്കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയും സമർപ്പിച്ച ഹർജിയിൽ സമരപ്പന്തൽ പൊളിച്ചുനീക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ സമരപ്പന്തൽ പൊളിക്കുകയില്ലെന്ന നിലപാടിലാണ് സമരസമിതി. ഇക്കാര്യം അവർ കോടതിവിധി പുറത്തുവന്ന ഉടനെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്തിന്റെ പേരിലായാലും കോടതി ഒരു പ്രശ്നത്തിൽ ഉത്തരവു പുറപ്പെടുവിച്ചുകഴിഞ്ഞാൽ അത് പാലിക്കുകയെന്നതാണ് വ്യവസ്ഥാപിതമാർഗം. ഉത്തരവു സ്വീകാര്യമല്ലെങ്കിൽ അതിനെതിരെ നിയമപരമായി നീങ്ങാൻ അവകാശമുണ്ട്. അപ്പോഴും മേൽകോടതി തീർപ്പു വരുന്നതുവരെ നേരത്തെയുള്ള ഉത്തരവ് നിലനിൽക്കും. തീർപ്പ് അനുസരിക്കില്ലെന്നു പറയുന്നത് നീതിപീഠത്തോടുള്ള അവഹേളനമായിട്ടേ കാണാനാവൂ. നീതിപീഠത്തെയും നിയമവ്യവസ്ഥയെയും പരസ്യമായി ധിക്കരിക്കുന്ന ഈ നിലപാട് എങ്ങനെ അംഗീകരിക്കാനാകും. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് തുറമുഖ നിർമ്മാണ കമ്പനികൾ സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന വിധി സമ്പാദിച്ചതെന്നാണ് സമരസമിതിക്കാർ പറയുന്നത്. അങ്ങനെ പറഞ്ഞതുകൊണ്ടുമാത്രം കോടതി ഉത്തരവ് ഇല്ലാതാവുന്നില്ല. വസ്തുതകൾ ഹർജി പരിഗണിച്ച ഘട്ടത്തിൽ അർത്ഥശങ്കയ്‌ക്ക് ഇടനൽകാത്തവിധം കോടതിയെ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത സമരസമിതിക്കായിരുന്നു. അതു ചെയ്യാതെ ഹർജിയിൽ തീർപ്പുണ്ടായശേഷം കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അതുകൊണ്ട് ഉത്തരവ് തങ്ങൾ അനുസരിക്കുകയില്ലെന്നും മറ്റും പറയുന്നത് നിയമനിഷേധമായേ കാണാനാവൂ.

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണത്തിനു കാരണമാകുന്നു എന്ന സമരസമിതിയുടെ ആക്ഷേപം പഠിക്കാൻ കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ വിദഗ്ദ്ധ സമിതി രൂപീകരിച്ചുകഴിഞ്ഞു. സമിതിയിലെ നാല് അംഗങ്ങളും അതതു മേഖലകളിലെ വിദഗ്ദ്ധർ തന്നെയാണ്. സമരസമിതിയുടെ പ്രതിനിധിയായി ആരെയും ഉൾപ്പെടുത്താത്തത് വിമർശനത്തിനു കാരണമായിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദഗ്ദ്ധർ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമായതിനാൽ ഈ എതിർപ്പിൽ വലിയ കാര്യമൊന്നുമില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെത്തുടർന്നാണ് വിഴിഞ്ഞം ഉൾപ്പെടെ തിരുവനന്തപുരം ജില്ലയിൽ തീരശോഷണം സംഭവിക്കുന്നതെന്നാണ് തീരവാസികളുടെയും അവരെ നയിക്കുന്ന സമരസമിതിയുടെയും ആക്ഷേപം. എന്നാൽ ഈ നിഗമനം ഇതേക്കുറിച്ചു നേരത്തെ പഠനം നടത്തിയ വിദഗ്ദ്ധസംഘം പാടേ നിരാകരിച്ചതാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രമല്ല സംസ്ഥാനത്തിന്റെ തീരപ്രദേശമാകെ കടലേറ്റം കൂടിക്കൂടി വരുന്നത് കാലാവസ്ഥാ വ്യതിയാന ഫലമായിട്ടാണെന്ന വാദവും നിലവിലുണ്ട്. ഒരു തുറമുഖം നിർമ്മിക്കുന്നതു കാരണം തീരശോഷണത്തിന് ആക്കം കൂടുമെന്ന വാദത്തിനും ശാസ്ത്രാടിത്തറ കുറവാണ്.

വിഴിഞ്ഞം പ്രദേശവാസികളുടെ ആവലാതികൾ പരിഹരിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. തീരശോഷണമെന്ന വലിയ പ്രശ്നം പഠിക്കാനും ഇപ്പോൾ വിദഗ്ദ്ധ സമിതി നിയമിതമായിരിക്കുന്നു. അവരുടെ പഠന റിപ്പോർട്ട് വരട്ടെ. അതുവരെ സമരം നിറുത്താനുള്ള ഔചിത്യമാണ് ഇപ്പോൾ കാട്ടേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROTEST AGAINST VIZHINJAM PORT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.