ഗാന്ധിനഗർ: ദേശീയ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി കേരളം ജൂഡോയിൽ സ്വർണം നേടി. അതും ഒന്നല്ല രണ്ടെണ്ണം. പുരുഷന്മാരുടെയും വനിതകളുടെയും ജൂഡോയിലാണ് ഇന്നലെ കേരളം സ്വർണം നേടിയത്. പുരുഷ വിഭാഗത്തിൽ എ.ആർ അർജുനും വനിതാ വിഭാഗത്തിൽ പി.ആർ അശ്വതിയുമാണ് സ്വർണത്തിൽ ആറാടിയത്.
പുരുഷന്മാരുടെ 90 കിലോയിൽ താഴെയുള്ള വിഭാഗത്തിലായിരുന്നു അർജുന്റെ സ്വർണം. ഫൈനലിൽ ഹരിയാനയുടെ വിക്രമിനെ 1-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് അർജുൻ സ്വർണം നേടിയത്. വനിതകളുടെ 78 കിലോ വിഭാഗത്തിലാണ് അശ്വതിയുടെ സ്വർണം.ഫൈനലിൽ ഉത്തർ പ്രദേശിന്റെ തരുണയെ അശ്വതിയും 1-0 എന്ന സ്കോറിനാണ് കീഴടക്കിയത്.
ഈ രണ്ട് മെഡലുകളോടെ ദേശീയ ഗെയിംസിലെ കേരളത്തിന്റെ സ്വർണനേട്ടം 17 ആയി ഉയർന്നു.16വെള്ളിയും 13 വെങ്കലങ്ങളുമായി 46 മെഡലുകൾ തികച്ച കേരളം മെഡൽപ്പട്ടികയിൽ എട്ടാമതാണ്. 51 സ്വർണം ഉൾപ്പടെ 113 മെഡലുകൾ നേടിയ സർവീസസാണ് ഒന്നാമത്.
അതേസമയം മെഡലുറപ്പാക്കി കേരളം ഫുട്ബാളിൽ കേരളം ഫൈനലിലെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന സെമിഫൈനലിൽ 2-0ത്തിന് കർണാടകത്തെയാണ് കേരളം തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |