SignIn
Kerala Kaumudi Online
Thursday, 25 April 2024 11.57 AM IST

ഖാർഗെയും തരൂരും മാറ്റുരയ്ക്കുമ്പോൾ

photo
മല്ലികാർജ്ജുൻ ഖാർഗെ ശശി തരൂർ

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മല്ലികാർജ്ജുൻ ഖാർഗെയായിരിക്കും കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷൻ. അദ്ദേഹം അടിമുടി കോൺഗ്രസുകാരനാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സജീവരാഷ്ട്രീയത്തിൽ പ്രവേശിച്ചു. നിയമബിരുദധാരിയാണ് ; കുറച്ചുകാലം അഭിഭാഷകനുമായിരുന്നു. അപ്പോഴും കോൺഗ്രസ് രാഷ്ട്രീയം കൈവിട്ടില്ല. 1972 മുതൽ 36 വർഷം നിയമസഭാംഗമായിരുന്നു. പത്തുതവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. ആദ്യം വീരപ്പമൊയ്‌ലിയുടെയും പിന്നീട് എസ്.എം കൃഷ്‌ണ, ധരംസിംഗ് എന്നിവരുടെയും മന്ത്രിസഭകളിൽ അംഗമായി. ഇടക്കാലത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായും നിയമസഭയിലെ പ്രതിപക്ഷനേതാവായും പ്രവർത്തിച്ചു. 2014 ൽ ലോക്‌സഭാംഗമായി ; കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. (നിശ്ചിത അംഗബലമില്ലാത്തതുകൊണ്ട് അദ്ദേഹത്തിന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികപദവിയും ആനുകൂല്യങ്ങളും ലഭിച്ചില്ല.) 2019 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് രാജ്യസഭാംഗമായി. 2021 ൽ ഗുലാംനബി ആസാദ് ഒഴിഞ്ഞപ്പോൾ രാജ്യസഭയിലെ പ്രതിപക്ഷനേതാവായും തിരഞ്ഞെടുക്കപ്പെട്ടു. എക്കാലവും നെഹ്റു - ഗാന്ധി കുടുംബത്തോടു വിധേയത്വം പുലർത്തിയാളാണ് ഖാർഗെ. കോൺഗ്രസ് പ്രസിഡന്റാകാൻ അദ്ദേഹത്തിന്റെ പ്രധാന യോഗ്യതയും വിധേയത്വം തന്നെ. ഖാർഗെ പട്ടികജാതി സമുദായക്കാരനാണ്. മുമ്പ് ബാബു ജഗ്‌ജീവൻ റാം മാത്രമാണ് (1970 -71) പട്ടികവിഭാഗത്തിൽ നിന്ന് കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷപദവിയിൽ എത്തിയിട്ടുള്ളത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പട്ടികസമുദായക്കാർ വളരെക്കാലം കോൺഗ്രസിന്റെ വോട്ടുബാങ്കായിരുന്നു. കാൻഷിറാം ബഹുജൻ സമാജ് പാർട്ടിയും രാം വിലാസ് പാസ്വാൻ ലോക് ജനശക്തി പാർട്ടിയും ഉണ്ടാക്കുംവരെ അതായിരുന്നു അവസ്ഥ. പക്ഷേ പിൽക്കാലത്ത് പട്ടികജാതിക്കാർ കോൺഗ്രസിൽനിന്ന് അകന്നു. ഗംഗാസമതലത്തിൽ കോൺഗ്രസിനെ നിലംപരിശാക്കിയ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് പരമ്പരാഗത വോട്ടുബാങ്കുകളായിരുന്ന ബ്രാഹ്മണ, മുസ്ളിം, ദളിത് വിഭാഗങ്ങളുടെ അകൽച്ചയായിരുന്നു. ബി.എസ്.പിയും എൽ.ജെ.പിയും പോലും അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പട്ടികജാതി സമുദായങ്ങളെ ഒന്നടങ്കം തങ്ങളുടെ ചിറകിനുകീഴിൽ നിറുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രണ്ടായിരാമാണ്ടിൽ അവർ ബംഗാരു ലക്ഷ്‌മണെ പാർട്ടി പ്രസിഡന്റാക്കി ; പിന്നീട് രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുർമുവിനെയും രാഷ്ട്രപതി സ്ഥാനത്തും എത്തിച്ചു. അന്യാധീനപ്പെട്ടുപോയ ദളിത് വോട്ടർമാരെ തിരികെ കൊണ്ടുവരാനുള്ള എളിയ പരിശ്രമമായും ഖാർഗെയുടെ സ്ഥാനാർത്ഥിത്വത്തെ കരുതാം.

1978 ജനുവരി ഒന്നിന് ഇന്ദിരാഗാന്ധി കോൺഗ്രസ് (ഐ) രൂപീകരിച്ചശേഷം എക്കാലവും നെഹ്റു - ഗാന്ധി കുടുംബക്കാരുടെ കുത്തകയായിരുന്നു പാർട്ടി അദ്ധ്യക്ഷപദം. 1984 ഒക്ടോബർ 31 നു വെടിയേറ്റു മരിക്കുംവരെ ഇന്ദിരാഗാന്ധി പാർട്ടി പ്രസിഡന്റായി പ്രവർത്തിച്ചു. അതിനുശേഷം രാജീവ് ഗാന്ധി അദ്ധ്യക്ഷപദം ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ഭാരിച്ച ചുമതലകൾക്കിടയിലും കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം അദ്ദേഹം കൈവെടിഞ്ഞില്ല. പകരം അർജ്ജുൻ സിംഗിനെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. രാജീവ് ഗാന്ധി ബോംബുസ്ഫോടനത്തിൽ കൊല്ലപ്പെട്ടശേഷം അദ്ധ്യക്ഷപദം ഏറ്റെടുക്കാൻ സോണിയ ഗാന്ധിയോടു മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. അവർ നിരാകരിച്ചതുകൊണ്ടു മാത്രം പി.വി. നരസിംഹറാവു പകരക്കാരനായി. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിയായും സ്ഥാനമേറ്റു. അപ്പോഴും അദ്ധ്യക്ഷപദം കൈവിട്ടില്ല. 1996 മേയിൽ പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ടശേഷം കുറച്ചുകാലം കൂടി അദ്ദേഹം പാർട്ടി അദ്ധ്യക്ഷസ്ഥാനത്തു തുടർന്നു. പിന്നീട് അഴിമതിയാരോപണവും ക്രിമിനൽകേസും ഉൗർജ്ജിതമായതോടെയാണ് റാവു അദ്ധ്യക്ഷപദം രാജിവച്ചത്. അതുവരെ എ.ഐ.സി.സി ട്രഷററായിരുന്ന സീതാറാം കേസരി അങ്ങനെ പ്രസിഡന്റായി. 1997 ൽ അദ്ദേഹം കൽക്കട്ടയിൽ സമ്പൂർണ എ.ഐ.സി.സി സമ്മേളനം വിളിച്ചുകൂട്ടി അദ്ധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ 1998 ലെ പാർലമെന്റ് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഉടനെ സോണിയഗാന്ധി സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഉടനെ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ചേർന്നു ; സമ്പൂർണ്ണ എ.ഐ.സി.സി സമ്മേളനത്തിൽ 90 ശതമാനം വോട്ടോടെ വിജയിച്ച കേസരിയെ നീക്കംചെയ്തു. തൽസ്ഥാനത്ത് സോണിയാജിയെ തിരഞ്ഞെടുത്തു. 2004 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുന്ന സാഹചര്യമുണ്ടായപ്പോൾ പ്രധാനമന്ത്രിപദം സ്വീകരിക്കാൻ സോണിയാഗാന്ധി വിസമ്മതിച്ചു. പകരം മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി. അപ്പോഴും കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം സോണിയ ഉപേക്ഷിച്ചില്ല. പ്രായവും അനാരോഗ്യവും തളർത്തുംവരെ അവർ ആ സ്ഥാനത്തു തുടർന്നു. ശേഷം മകനു വേണ്ടി സ്ഥാനമൊഴിഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിനെത്തുടർന്ന് രാഹുൽഗാന്ധി അദ്ധ്യക്ഷപദം ഉപേക്ഷിച്ചു. അദ്ദേഹത്തെ അനുനയിപ്പിച്ചു തിരിച്ചു കൊണ്ടുവരാൻ മുതിർന്ന നേതാക്കൾ പഠിച്ചപണി പതിനെട്ടും പയറ്റി. 'മലകളിളകിമാറാം മഹാജനാനാം മനമിളകാ' എന്ന കവിവചനത്തെ സർവഥാ സാധൂകരിച്ചുകൊണ്ട് രാഹുൽഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷപദം നിരാകരിച്ചു. ആകയാൽ സോണിയാഗാന്ധിയെ ഇടക്കാല പ്രസിഡന്റാക്കി തിരിച്ചുകൊണ്ടുവന്നു. ഇപ്പോഴും കോൺഗ്രസുകാർ ആഗ്രഹിക്കുന്നത് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്നാണ്. പക്ഷേ അദ്ദേഹത്തിന് യാതൊരു കുലുക്കവുമില്ല. യാതൊരു കാരണവശാലും താൻ പാർട്ടി പ്രസിഡന്റാവില്ലെന്നു മാത്രമല്ല നെഹ്റു - ഗാന്ധി കുടുംബത്തിൽ നിന്ന് മറ്റൊരാൾ ആകാൻ അനുവദിക്കുകയുമില്ലെന്നാണ് ശാഠ്യം. അങ്ങനെയാണ് പാർട്ടി മറ്റൊരു പ്രസിഡന്റിനെ അന്വേഷിക്കാൻ നിർബന്ധിതമായത്. അവർ ആദ്യം സമീപിച്ചത് കമൽനാഥിനെയാണ്. അദ്ദേഹം പറ്റില്ലെന്ന് തീർത്തുപറഞ്ഞു. അതേത്തുടർന്ന് അശോക് ഗലോട്ടിനെ സമീപിച്ചു. അദ്ദേഹത്തിനും താത്പര്യമുണ്ടായിരുന്നില്ല. രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണം ; നിർബന്ധമാണെങ്കിൽ എ.ഐ.സി.സി പ്രസിഡന്റിന്റെ അധികച്ചുമതല വഹിക്കാൻ വിരോധമില്ലെന്നും അറിയിച്ചു. അതേത്തുടർന്ന് വലിയ ആശയക്കുഴപ്പമുണ്ടായി. ഇനി മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നാലും സച്ചിൻ പൈലറ്റിനെ പകരക്കാരനാക്കാൻ പറ്റില്ലെന്ന നിർബന്ധബുദ്ധി പ്രകടിപ്പിച്ചു. ഒടുവിൽ ഗലോട്ടിനെ ഉപേക്ഷിക്കാൻ സോണിയഗാന്ധി നിർബന്ധിതയായി. പിന്നീട് ദിഗ്‌വിജയ് സിംഗിനെ ആലോചിച്ചു. ടിയാൻ ശാഠ്യസ്വഭാവക്കാരനായതു കൊണ്ടും ഒട്ടും വിനീതനല്ലാത്തതു കൊണ്ടും അതും വേണ്ടെന്നുവച്ചു. അങ്ങനെയാണ് പാവം ഖാർഗെയ്ക്ക് നറുക്കുവീണത്. പട്ടികജാതി സമുദായക്കാരൻ എന്നതിലുപരി അദ്ദേഹത്തിന്റെ വിനയവും വിധേയത്വവുമാണ് ഗുണകരമായി ഭവിച്ചത്.

രാഹുൽ ഗാന്ധിയല്ലാതെ മറ്റാരായാലും താൻ എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ശശിതരൂർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമൽനാഥോ ഗലോട്ടോ ദിഗ്‌വിജയ് സിംഗോ ഖാർഗെയോ ആരായാലും ഒരുപോലെയാണെന്നും വ്യക്തമാക്കിയിരുന്നു. ഖാർഗെയെപ്പോലെ ജന്മനാ കോൺഗ്രസുകാരനല്ല ശശിതരൂർ. നിയതാർത്ഥത്തിൽ ഒരു രാഷ്ട്രീയക്കാരൻ പോലുമല്ല. അദ്ദേഹം കെ.എസ്.യുവിലോ യൂത്ത് കോൺഗ്രസിലോ കൂടി പൊതുരംഗത്തു വന്നയാളല്ല. മറ്റേതെങ്കിലും പോഷകസംഘടനയിൽ പ്രവർത്തിച്ചിട്ടുമില്ല. സമീപകാലത്താണ് ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് രൂപീകരിച്ച് തരൂർ അതിന്റെ അദ്ധ്യക്ഷപദം ഏറ്റെടുത്തത്. ശശിതരൂർ ഇന്ത്യയിലും വിദേശത്തുമുള്ള സർവകലാശാലകളിൽ പഠിച്ച് ഉയർന്ന ബിരുദങ്ങൾ നേടിയിട്ടുള്ളയാളാണ്. ദീർഘകാലം ഐക്യരാഷ്ട്രസഭയിൽ ഉന്നത പദവികൾ വഹിച്ചു. കോഫി അന്നന്റെ കീഴിൽ 2002 - 2007 കാലഘട്ടത്തിൽ അസി. സെക്രട്ടറി ജനറൽ വരെയായിരുന്നു. 2006 ൽ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ബാൻകി മൂണിനോടു പരാജയപ്പെട്ടു. അതിനുശേഷമാണ് അദ്ദേഹം ഔദ്യോഗികജീവിതം അവസാനിപ്പിച്ച് സ്വരാജ്യത്ത് തിരിച്ചെത്തിയത്. ഇംഗ്ളീഷും ഫ്രഞ്ചും സ്പാനിഷുമൊക്കെ ഒഴുക്കോടെ സംസാരിക്കാനറിയുന്ന ശശിതരൂർ വിശ്വപൗരനാണ്. ഒന്നാന്തരം പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. 2009 ൽ അദ്ദേഹം തിരുവനന്തപുരത്തു നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൻമോഹൻ സിംഗിന്റെ രണ്ടാം യു.പി.എ സർക്കാരിൽ കുറച്ചുകാലം സഹമന്ത്രിയായും പ്രവർത്തിച്ചു. 2014 ലും 2019 ലും വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ നയസമീപനങ്ങളിൽ മാറ്റം വരണം, നേതൃത്വം കൂടുതൽ ചലനാത്മകമാകണമെന്ന ഉറച്ച അഭിപ്രായക്കാരനാണ് ശശി തരൂർ. ജി 23 എന്നറിയപ്പെടുന്ന വിമതനേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ആ നിലയ്ക്കാണ് തരൂർ അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നത്. കൗതുകകരമെന്നു പറയട്ടെ, ജി 23യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയല്ല തരൂർ. വിമത വിഭാഗത്തിലെ ബഹുഭൂരിപക്ഷം നേതാക്കളും തരൂരിനെയല്ല ഖാർഗയെയാണ് പിന്തുണയ്ക്കുന്നത്. എന്നാൽ അതിലും തരൂരിന് കുലുക്കമില്ല. ആരൊക്കെ എതിർത്താലും ആരൊക്കെ അനുകൂലിച്ചാലും താൻ മത്സരിക്കുന്നതു ചില തത്വങ്ങൾക്കു വേണ്ടിയാണെന്ന് അദ്ദേഹം പറയുന്നു. കോൺഗ്രസിന്റെ വഴിതെറ്റിയ പോക്കിൽ മനസ്താപമുള്ള എല്ലാവരും തന്നെ പിന്തുണയ്ക്കും ; അങ്ങനെ അനായാസം വിജയിക്കാൻ കഴിയുമെന്ന് അദ്ദേഹം തുറന്നുപറയുന്നു.

രാഷ്ട്രീയത്തിന് അതീതമായി തരൂരിന്റെ നിലപാടിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചെറുപ്പക്കാരും അഭ്യസ്ഥവിദ്യരുമായ വലിയൊരു വിഭാഗം അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. അവരിൽ എത്രപേർ കോൺഗ്രസുകാരാണ് എന്നതു വ്യക്തമല്ല. കോൺഗ്രസുകാരിൽ, അതിലും വിശേഷിച്ച് എ.ഐ.സി.സി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള എത്രപേർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നതും വ്യക്തമല്ല. ഏതായാലും തരൂരിന്റെ സ്ഥാനാർത്ഥിത്വം വലിയ പ്രകമ്പനം സൃഷ്ടിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. ജയിക്കുന്നപക്ഷം, സർ സി. ശങ്കരൻനായർക്കു ശേഷം (1897) കോൺഗ്രസ് അദ്ധ്യക്ഷനാകുന്ന ആദ്യത്തെ മലയാളി ശശി തരൂരായിരിക്കും. പക്ഷേ നിലവിൽ അതിനുള്ള സാദ്ധ്യത അതിവിദൂരമാണ്. കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഇംഗ്ളീഷിലോ ഫ്രഞ്ചിലോ സ്പാനിഷിലോ ഉള്ള പ്രാവീണ്യമല്ല, പാർട്ടിയിൽ ഏതേതു സ്ഥാനങ്ങൾ വഹിച്ചു എന്നതു പോലുമല്ല മാനദണ്ഡം. നെഹ്റു - ഗാന്ധി കുടുംബത്തിന്റെ പിന്തുണയാണ് പരമപ്രധാനം. രാഹുൽ ഗാന്ധിയുടെ അനുവാദത്തോടെയാണ് തരൂർ മത്സരിക്കുന്നത് ; എന്നാൽ സോണിയ, രാഹുൽഗാന്ധിമാരുടെ കൈയൊപ്പുള്ള സ്ഥാനാർത്ഥി മല്ലികാർജ്ജുൻ ഖാർഗെയാണ്. അദ്ദേഹത്തിനെതിരെ വോട്ടു ചെയ്യുന്നത് ഹൈക്കമാൻഡിനോടുള്ള അവിശ്വാസ പ്രഖ്യാപനമായി മാത്രമേ കരുതുകയുള്ളൂ. രഹസ്യബാലറ്റ് മുഖേനയാണ് തിരഞ്ഞെടുപ്പ്. എങ്കിൽപ്പോലും ഖാർഗെയ്ക്ക് വോട്ടുകൊടുക്കാത്തത് അടുത്തഘട്ടത്തിൽ ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കപ്പെട്ടേക്കാം.

നെഹ്റു - ഗാന്ധി കുടുംബത്തിന്റെ ഹിതത്തിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശിതരൂരിന് ഇനി എത്രകാലം പാർട്ടിയിൽ തുടരാൻ കഴിയുമെന്നതു പോലും സംശയാസ്പദമാണ്. ബി.ജെ.പിയോ മാർക്സിസ്റ്റ് പാർട്ടിയോ പോലെ കേഡർ സംവിധാനത്തിലല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തിക്കുന്നത്. അതൊരു ജനാധിപത്യ പാർട്ടിയാണ്. ജനാധിപത്യരീതിയിൽ രഹസ്യബാലറ്റ് മുഖേനയാണ് തിരഞ്ഞെടുപ്പും. പക്ഷേ നെഹ്റു - ഗാന്ധി കുടുംബത്തിന്റെ വിയോജിപ്പ് വിഗണിച്ചുകൊണ്ട് പാർട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നത് ഒരിക്കലും ലഘുവായ കുറ്റമല്ല. മറ്റെന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടി കടുത്ത അച്ചടക്ക നടപടി ഉണ്ടാകാനാണ് സാദ്ധ്യത. എന്നിരിക്കിലും ഒരു വലിയ വിഭാഗം ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ തരൂരിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. അതിൽ കോൺഗ്രസുകാരുണ്ട് കോൺഗ്രസുകാരല്ലാത്തവരുമുണ്ട് ; കോൺഗ്രസ് ശക്തിപ്പെടണം അധികാരത്തിൽ തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, THAROOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.