SignIn
Kerala Kaumudi Online
Thursday, 25 April 2024 1.21 PM IST

മരണക്കളികൾക്ക് പൂട്ടിടണം

game

ഓൺലൈൻ ഗെയിമുകളിൽ കുടുങ്ങി കൗമാര ജീവിതങ്ങൾ വീണുടയുന്നത് നിത്യസംഭവമാകുമ്പോഴും അതിനൊരു പ്രതിരോധം തീർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മരണക്കളിക്ക് തടയിടാൻ തമിഴ്നാട് സർക്കാർ കഴിഞ്ഞദിവസം അടിയന്തര ഓർഡിനൻസ് ഇറക്കി. ഇതേപാത നമുക്കും പിന്തുടരാവുന്നതാണ്. വൈകും തോറും കൂടുതൽ ജീവനുകൾ പൊലിയുമെന്ന കാര്യം സർക്കാർ മറക്കരുത്. അപകടമുണ്ടാകുമ്പോൾ വാഹനപരിശോധന കർശനമാക്കുന്നതു പോലെയുള്ള സമീപനമല്ല സ്വീകരിക്കേണ്ടത്. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ നിയമവകുപ്പ് ശുപാർശ നൽകിയെങ്കിലും ആഭ്യന്തരവകുപ്പ് തുടർനടപടികൾ സ്വീകരിക്കാത്തത് ദുരൂഹമാണ്. റമ്മിയടക്കമുള്ള ഓൺലൈൻ ഗെയിമുകളിൽ കുടുങ്ങി സംസ്ഥാനത്ത് അടുത്തിടെ 25 ലധികം പേർ ആത്മഹത്യ ചെയ്‌തിരുന്നു.

ഗെയിമുകളുമായി കളം നിറയുന്നവർക്ക് മൂന്നുവർഷം തടവും പത്തുലക്ഷം രൂപ ശിക്ഷയും ഉറപ്പാക്കുന്ന നിയമമാണ് തമിഴ്നാട്ടിൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഒരു വർഷം തടവും പതിനായിരം രൂപ പിഴയും ഈടാക്കുന്ന നിയമത്തിനാണ് നിയമവകുപ്പ് കേരളത്തിൽ ശുപാർശ ചെയ്‌തിരുന്നത്. കേരള ഗെയിമിംഗ് ആക്‌ട് ഭേദഗതി ചെയ്‌ത് നിയമം നടപ്പാക്കാനാകുമെന്നായിരുന്നു നിയമവകുപ്പിന്റെ റിപ്പോർട്ട്. ഇത് ഇപ്പോഴും ഫ്രീസറിലാണ്. എന്നാൽ, തമിഴ്നാട് സർക്കാർ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് വളരെ വേഗം മുന്നോട്ടുപോയി. ഓൺലൈൻ ഗെയിമിന് അടിപ്പെട്ട് സാമ്പത്തികമായി തകർന്ന 30 ലധികം യുവാക്കൾ അടുത്തകാലത്ത് തമിഴ്നാട്ടിലും ആത്മഹത്യ ചെയ്‌തിരുന്നു. 2021 ഫെബ്രുവരിയിൽ 1960 ലെ കേരള ഗെയിമിംഗ് ആക്‌ട് ഭേദഗതി ചെയ്‌ത് ഓൺലൈൻ റമ്മികളി നിരോധിച്ചിറക്കിയ വിജ്ഞാപനമാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. പിന്നീട് ഒരു തുടർനടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നതാണ് വസ്‌തുത.

പുതിയ വിജ്ഞാപനം കൊണ്ടുവന്നതിലൂടെയാണ് ഓൺലൈൻ റമ്മിയെ ചൂതാട്ടത്തിെന്റ പരിധിയിൽ സർക്കാർ കൊണ്ടുവന്നതെന്നാണ് ഹർജിക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. ഓൺലൈൻ റമ്മി ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. കഴിവാണ് കളിയിൽ പ്രകടമാകുന്നതെന്നും ഹർജിക്കാർ നിലപാടെടുത്തു. ഓൺലൈൻ റമ്മി ആസക്തിക്ക് കാരണമാകുമെന്നായിരുന്നു സർക്കാരിന്റെ വാദം. കളി പന്തയത്തിന്റെ അടിസ്ഥാനത്തിലാകുമ്പാൾ ഓൺലൈൻ റമ്മി കേരള ഗെയിമിംഗ് ആക്ടിന്റ പരിധിയിൽ വരുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ നടത്തുന്ന ലോട്ടറി പോലും ആസക്തിക്ക് കാരണമാണെന്ന് ഹർജിക്കാരും വാദിച്ചു. വൈദഗ്ദ്ധ്യത്തിന്റെ കളിയാണ് ഓൺലൈൻ റമ്മിയെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവയ്‌ക്കുകയായിരുന്നു. ഓൺലൈനിൽ ഭാഗ്യത്തേക്കാൾ കഴിവിനാണ് പ്രാധാന്യം. കളിയുടെ മികവ് പന്തയത്തിന്റെ അടിസ്ഥാനത്തിലല്ല നിലനിൽക്കുന്നത്. ഓൺലൈൻ റമ്മി കേരള ഗെയിമിംഗ് ആക്‌ടിന്റ പരിധിയിൽ വരുന്നതല്ലെന്ന് നിയമത്തിന്റെ 14ാം വകുപ്പ് വ്യക്തമാക്കുമ്പോൾ മറ്റൊരു വിജ്ഞാപനത്തിലൂടെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാവില്ല. സുപ്രീംകോടതിയുടെ ഉത്തരവുകളുടേയും കേരള ഗെയിമിംഗ് ആക്ട് വ്യവസ്ഥകളുടേയും അടിസ്ഥാനത്തിൽ നിരോധനം സാദ്ധ്യമല്ല. സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സ്വേച്ഛാപരവും നിയമവിരുദ്ധവും ഭരണഘടന വ്യവസ്ഥകളുടെ ലംഘനവുമാണ്. ചൂതാട്ടത്തിന്റെ പരിധിയിൽ വരാത്ത ഓൺലൈൻ റമ്മിയെ ഒരു ബിസിനസ് എന്ന നിലയിൽ തടയാനാവില്ല. പന്തയത്തിന് വേണ്ടിയുള്ള കളി നിയന്ത്രിക്കുന്നതിന് പകരം ഓൺലൈൻ റമ്മി നിരോധിക്കാനാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് ഹർജിക്കാരുടെ ഭരണഘടനാവകാശം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടർന്ന് സർക്കാർ വിജ്ഞാപനം റദ്ദാക്കുകയായിരുന്നു.

കൊവിഡ് ലോക്ക്ഡൗൺ സമയത്താണ് ഓൺലൈൻ റമ്മികളിക്ക് വൻതോതിൽ പ്രചാരമുണ്ടായത്. പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞു കൂടിയിരുന്നവർ നേരം പോക്കിനായി റമ്മി കളിയിലേക്ക് തിരിഞ്ഞപ്പോൾ അത് ലഹരിപോലെ ഉന്മാദാവസ്ഥയിലേക്ക് പോകുകയാണെന്ന് ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പണമില്ലാത്തവർക്ക് വായ്പ നൽകാനായി മൊബൈൽ ആപ്പുകളും പൊട്ടിമുളച്ചു. ചെറിയ തുകയ്ക്ക് കളി തുടങ്ങിയവർ വലിയ തുകകളിലേക്ക് വഴിമാറി. പണം നഷ്ടപ്പെട്ടവർ കിട്ടാവുന്നിടത്തു നിന്നെല്ലാം വായ്പയെടുത്ത് കളി തുടർന്നു. മണിലെൻഡിംഗ് ആപ്പുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഭീഷണിയും ബ്‌ളാക്ക് മെയിലിംഗും നേരിടേണ്ടി വന്നു. കുടുംബത്തെ അറിയിക്കാതെ റമ്മി കളിച്ച് പണം പോയതിനാൽ ആരും പരാതിപ്പെട്ടില്ല. എന്നാൽ, കടംകയറി നിൽക്കകള്ളിയില്ലാതെ പലരും ആത്മഹത്യ ചെയ്‌തതോടെയാണ് റമ്മികളിയിലെ ആഴവും പരപ്പും വ്യക്തമായത്. ഈ സമയം ആയിരക്കണക്കിന് ആളുകൾ കടംകയറി പുറത്തിറങ്ങാനാവാത്ത അവസ്ഥയിലെത്തിയിരുന്നു.

ഓൺലൈൻ റമ്മി കളിക്കുള്ള നിരവധി ആപ്പുകളാണ് പ്‌ളേസ്‌റ്റോറി ലുള്ളത്. ഇവയുടെ പരസ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കമ്പനികൾ ചില നിയമങ്ങൾ പറയുന്നുണ്ടെങ്കിലും ഇതൊന്നും വായിച്ചു നോക്കാതെയാണ് ആളുകൾ കളി തുടങ്ങുന്നത്. ഓൺലൈൻ ഗെയിമുകളിൽ മറുഭാഗത്ത് മനുഷ്യരല്ലെന്ന കാര്യം പലരും മറന്നു പോകുന്നു. നിർമ്മിതബുദ്ധി അടിസ്ഥാനമാക്കി നിർമ്മിച്ച ആപ്പുകളായിരിക്കും കളി നിയന്ത്രിക്കുക. ഇവരെ പരാജയപ്പെടുത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്തുള്ള കളിയാണ് ലക്ഷങ്ങളുടെ നഷ്ടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.

ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടമാകുന്നുവെന്ന് വ്യക്തം. മാനഹാനി ഭയന്ന് ആരും പരാതിപ്പെടുന്നില്ല. ആ സാഹചര്യത്തിൽ ബോധവത്കരണമാണ് പരമപ്രധാനം. റമ്മികളിയിൽ അടിപ്പെട്ടുപോകുന്നവരെ ബോധവത്കരണത്തിലൂടെ മാത്രമേ മടക്കിക്കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്ന് പൊലീസും വ്യക്തമാക്കുന്നു. അതിനായി പൊലീസ് സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നത് അഭിനന്ദനം അർഹിക്കുന്നു. ആത്മഹത്യകൾ ഒന്നിനും പരിഹാരമല്ല. എന്നാൽ, ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ജാഗ്രത ഓരോരുത്തരും സ്വയം പുലർത്തണം. കുട്ടികളുടെ കാര്യത്തിൽ അതീവശ്രദ്ധ വേണം. കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്ന ഓൺലൈൻ ഗെയിമുകൾവലിയൊരു ദുരന്തത്തിന്റെ മണിമുഴക്കമാണ്. ചിലത് നിരോധിക്കപ്പെട്ടെങ്കിലും അപകടകരമായ പല ഗെയിമുകളും ഇപ്പോഴുമുണ്ട്. ലഹരിക്ക് അടിപ്പെട്ട് പോകുന്നവരെപ്പോലെ ഭ്രാന്തമായ ആവേശമാണ് ഓൺലൈൻ ഗെയിമിൽ കുടുങ്ങിയവരിലും ഉളവാകുന്നത്.

സംഘട്ടനങ്ങളും വെടിവയ്പ്പും നിറഞ്ഞ കളി ഇന്ന് നഗര - ഗ്രാമ ദേദമെന്യേ പടർന്നു പിടിച്ചിരിക്കുകയാണ്. കുടുംബങ്ങളിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വലിയ സംഘർഷങ്ങൾക്ക് ഓൺലൈൻ ഗെയിമുകൾ വഴിവയ്ക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മനോനിലയെ താളം തെറ്റിക്കുന്ന കളികൾ ഒഴിവാക്കുക തന്നെ വേണം. സൈബർ ഇടങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ചെറുപ്പത്തിലേ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്. ഓൺലൈൻ ഗെയിമുകളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നിയമങ്ങളുടെ അഭാവം വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്നാട് മോഡൽ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കണം. ഓരോ ജീവനും വിലപ്പെട്ടതാണ്. അതിനാൽ ഇനിയും ഓൺലൈൻ ഗെയിമുകളുടെ ചതിക്കുഴിയിൽ വീണ് ഒരാളുടെ ജീവൻ പോലും പൊലിയരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE GAME
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.