കൊടിയത്തൂർ: ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം' പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി കെൽട്രോണിന്റെ സഹായത്തോടെ തയാറാക്കിയ പദ്ധതിയാണിത്.
ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും പൊതുജനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പദ്ധതി ഉപകാരപ്രദമാവും. ഈ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, മേൽനോട്ടമുറപ്പാക്കുക, കാര്യക്ഷമത സുതാര്യത എന്നിവ ഉറപ്പുവരുത്തുക എന്നിവ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ സാധിക്കും.
പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വിവരങ്ങൾ ശേഖരിച്ച് ക്യു.ആർ കോഡ് പതിച്ച് പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് വി. ഷംലൂലത്ത് നിർവഹിച്ചു. ജനപ്രതിനിധികളുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബ്ദുൽ മജീദ്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, കെൽട്രോൺ പ്രൊജക്ട് മാനേജർ ഒ.സുഗീഷ് കെൽട്രോൺ പ്രൊജക്ട് അസിസ്റ്റന്റ് എ.എസ് അൻജന, കസ്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |