SignIn
Kerala Kaumudi Online
Friday, 19 April 2024 7.47 AM IST

മാരാരുടെ പുസ്‌തക പ്രണയത്തിൽ കണ്ണീരിന്റെ മധുരാക്ഷരങ്ങൾ

balakrishnamarar

എൻ.ഇ.ബാലകൃഷ്ണ മാരാർക്ക് ഇന്ന് നവതി

കോഴിക്കോട്:ഇരട്ട ബെല്ലുള്ള പച്ച സൈക്കിളിൽ ഇരുതോളിലും പുസ്തകം നിറച്ച തുണിസഞ്ചിയുമായി നഗരം ചുറ്റിയ പൊടിമീശക്കാരൻ. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത് പൈപ്പിൽ നിന്ന് ദാഹമകറ്റി പുസ്തകങ്ങൾ വിറ്റ കാലം. അക്ഷരങ്ങളെ സ്നേഹിച്ച, പുസ്തകങ്ങളെ പ്രണയിച്ച, കേരളം മുഴുവൻ പടർന്നു പന്തലിച്ച ടൂറിംഗ് ബുക്സ്റ്റാൾ (ടി.ബി.എസ്) ഉടമയായ ബാലകൃഷ്ണമാരാരുടെ നവതിയാണ് ഇന്ന്.

പുതിയറയിലെ വീട്ടിൽ അതിന്റെചടങ്ങുകളൊന്നുമില്ല.

മലയാള പുസ്തക പ്രസാധന രംഗത്ത് അഭിമാന സ്തംഭമായ മാരാർ

സക്കറിയയും വത്സല ടീച്ചറുമടക്കം എഴുതിയ ആദ്യപുസ്തകത്തിന്റെ പ്രസാധകനാണ്.

1932ൽ കണ്ണൂർ ജില്ലയിൽ തൃശിലേരി മീത്തലെ വീട്ടിൽ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലിൽ എടവലത്തു തറവാട്ടിൽ മാരസ്യാരുടെയും മകനായാണ് ജനനം. മാരാർക്ക് ഒന്നര വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. രണ്ടാനച്ഛനായ കമ്മ്യൂണിസ്റ്റുകാരൻ പി.വി.രാഘവ മാരാർക്കൊപ്പമായിരുന്നു ബാല്യവും കൗമാരവും. രാഷ്ട്രീയ തടവിനുശേഷം കോഴിക്കോട്ടെത്തിയ രാഘവ മാരാർ ദേശാഭിമാനി വിതരണക്കാരനായി. ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ പത്ര വിൽപ്പനയ്ക്ക് ബാലകൃഷ്ണമാരാരെ ഒപ്പം കൂട്ടി. കണ്ണൂരിൽ നിന്ന് കോഴിക്കോടെന്ന മഹാനഗരത്തിലെത്തിയ ബാലകൃഷ്ണൻ ജീവിതം തുടങ്ങി.
പത്രവിതരണം ഉച്ചയോടെ തീർന്നാൽ ബാക്കി സമയം പത്രമോഫീസിൽ കിട്ടുമായിരുന്ന കമ്മ്യൂണിസ്റ്റ് സാഹിത്യവും സോവിയറ്റ് കൃതികളും മാസികകളും വിൽക്കാൻ തുടങ്ങി. കാൽനടയിൽ നിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വിൽപ്പനയിൽ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളർന്നു. പ്രസാധനകലയിൽ ടി.ബി.എസ് എന്ന ബ്രാൻഡിന്റെ ഉദയമായി.
1958ൽ മിഠായിത്തെരുവിൽ ഒറ്റമുറി പീടികയിലായിരുന്നു ടി.ബി.എസ് പുസ്തകശാല. 1966ൽ എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് പൂർണ പബ്ലിക്കേഷൻസിനും തുടക്കമിട്ടു. 1988ൽ ടി.ബി.എസ് മുതലക്കുളത്തെ കെട്ടിടത്തിലേക്ക് മാറി. ഇതുവരെ ഏഴായിരം പുസ്തകം ടി.ബി.എസ് പ്രസിദ്ധീകരിച്ചു. മാരാരുടെ ആത്മകഥയായ 'കണ്ണീരിന്റെ മാധുര്യവും' ഇതിൽ ഉൾപ്പെടുന്നു. ഭാര്യ: സരോജം. മക്കൾ: എൻ.ഇ.മനോഹർ, ഡോ.അനിത. മരുമക്കൾ: പ്രിയ, ഡോ. സേതുമാധവൻ.


പുസ്തക പ്രസാധനത്തിലേക്ക് വന്നവരെ പ്രോത്സാഹിപ്പിച്ചു. തിരിഞ്ഞു കുത്തിയവർക്കു മുന്നിൽ ശാന്തനായി നിന്നു. അതേക്കുറിച്ച് ആത്മകഥയിൽ (കണ്ണീരിന്റെ മാധുര്യം) ഇങ്ങനെ കുറിച്ചു,' കൈയിൽ നിന്ന് വീണതെടുക്കാം, നാവിൽ നിന്ന് വീണതെടുക്കാൻ പറ്റില്ലല്ലോ..! ചുണ്ടങ്ങ കൊണ്ടെറിഞ്ഞാൽ എതിരാളികൾ നെല്ലിക്ക കൊണ്ടെറിയും. നെല്ലിക്ക കൊണ്ടെറിഞ്ഞാൽ അവർ നമ്മെ തേങ്ങ കൊണ്ടെറിയും. അങ്ങനെ തുടങ്ങിയാൽ ശത്രുത തുടർന്നു കൊണ്ടേയിരിക്കും...'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BALAKRISHNA MARAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.