SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.26 PM IST

ടൂൻഗസ്കയെ തകർത്തത് ഛിന്നഗ്രഹമോ ?

tunguska

ന്യൂയോർക്ക് : ദിനോസറുകളെ തുടച്ച് നീക്കിയ ഛിന്നഗ്രഹ പതനം ഉൾപ്പെടെയുള്ള ചരിത്രാതീതകാലത്തെ ഉൽക്ക / ഛിന്നഗ്രഹ പതനങ്ങൾ ഒഴിച്ചാൽ മനുഷ്യർ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഭൗമാന്തരീക്ഷത്തിൽ സംഭവിച്ച ഏറ്റവും വലിയ സ്ഫോടനങ്ങളിലൊന്നാണ് ടൂൻഗസ്ക ഈവന്റ്. ഇന്നും ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത ഒന്നാണ് ഇത്.

1908 ജൂൺ 30ന് രാവിലെ ഏകദേശം 7.17 ഓടെ റഷ്യയിലെ സൈബീരിയയിലെ ടൂൻഗസ്ക എന്ന വിജന വനപ്രദേശത്തേക്ക് ആകാശത്ത് നിന്ന് ഭീമാകാരമായ ഒരു തീഗോളം പതിച്ചു. അതിശക്തമായി ആ സ്ഫോടനത്തിൽ നശിച്ചത് ഏകദേശം 8 കോടിയോളം മരങ്ങളാണ്.! അന്ന് അവിടെ സ്ഫോടനമുണ്ടാക്കിയത് ഒരു ഭീമൻ ഛിന്നഗ്രഹമോ ഉൽക്കയോ വാൽനക്ഷത്രമോ ആകാമെന്നാണ് കരുതുന്നത്. എന്നാൽ, ഇവ പതിച്ചാൽ ഭൂമിയിൽ രൂപപ്പെടുന്ന ഭീമൻ ഗർത്തം ( ഇംപാക്ട് ക്രേറ്റർ ) ടൂൻഗസ്കയിൽ ഇല്ലാത്തതാണ് ഏവരെയും കുഴപ്പിക്കുന്നത്.

300 അറ്റോമിക് ബോംബുകളുടെ ശക്തിയുള്ളതായിരുന്നു ടൂൻഗസ്കയിലുണ്ടായ സ്ഫോടനം. മദ്ധ്യ സൈബീരിയൻ സമതല പ്രദേശത്തെ ജനങ്ങൾ ആകാശത്ത് ഒരു ഭീമൻ തീഗോളം മാത്രമാണ് കണ്ടത്. ജനവാസമില്ലാത്തതിനാൽ ടൂൻഗസ്കയിൽ ആളപായമുണ്ടായില്ല. സ്ഫോടനത്തിന്റെ ഫലമായി ടൂൻഗസ്കയിലെ 2,100 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ 8 കോടിയോളം മരങ്ങൾ കരിഞ്ഞു. ഇവിടെ നിന്ന് 40 മൈൽ അകലെയുള്ള ജനവാസകേന്ദ്രങ്ങളിൽ വരെ സ്ഫോടനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.

സ്ഫോടനത്തിന് വർഷങ്ങൾക്ക് ശേഷം 1920കളുടെ അവസാനമാണ് ഗവേഷകർ ഇവിടെ പര്യവേക്ഷണത്തിനെത്തിയത്. അന്ന് 4 കിലോമീറ്ററോളം വ്യാസത്തിലുള്ള പ്രദേശത്ത് മരങ്ങളുണ്ടായിരുന്നെങ്കിലും അവയിൽ തൊലിയോ ശിഖരങ്ങളോ ഇല്ലായിരുന്നു. അതിന് ചുറ്റുമുള്ള പ്രദേശത്ത് ആയിരക്കണക്കിന് മരങ്ങൾ മൈലുകളോളം വിസ്തൃതിയിൽ നിലത്ത് വീണ് കിടന്നിരുന്നു. എന്നാൽ ഉൽക്കയുടെയോ ഛിന്നഗ്രഹത്തിന്റെയോ അവശിഷ്ടങ്ങൾ കണ്ടെത്തിയില്ല.

ഛിന്നഗ്രഹത്തിൽ നിന്നോ ധൂമകേതുവിൽ നിന്നോ ഉള്ള ഏകദേശം 37 മീറ്ററിലേറെ വ്യാസമുള്ള ഒരു ഉൽക്ക മണിക്കൂറിൽ 53,000 കിലോമീറ്റർ വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നെന്നും 24,000 ഡിഗ്രി സെൽഷ്യസ് താപനിലയുണ്ടായിരുന്ന ഈ ആകാശവസ്തു ഭൗമോപരിതലത്തിൽ നിന്ന് 8 കിലോമീറ്റർ ഉയരത്തിൽ വച്ച് പൊട്ടിത്തെറിച്ചിരിക്കാമെന്നും ശാസ്ത്രജ്ഞർ കരുതുന്നുണ്ട്. ഭൂമിയിൽ പതിച്ചില്ല എന്നതിനാലായിരിക്കാം ഗർത്തം ഉണ്ടാകാതെ പോയതെന്നും പറയപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.