SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.50 AM IST

പ്ലാച്ചിമടയിൽ നിലയ്ക്കുന്നില്ല അതിജീവന സമരം

medha-padkar

ലോകത്താകമാനം 900ൽ അധികം ഫാക്ടറി ഔട്ട്ലെറ്റുകളുള്ള ഒരു രാജ്യാന്തര കമ്പനി, ഒരുകൂട്ടം സാധാരണ മനുഷ്യരുടെ നിശ്ചയദാർഢ്യത്തിനും അതിജീവന പോരാട്ടത്തിനും മുന്നിൽ മുട്ടുമടക്കിയ കഥയാണു പ്ലാച്ചിമടയ്ക്ക് പറയാനുള്ളത്. നിരവധി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് സ്ഥാപിക്കപ്പെട്ട കൊക്കകോള കമ്പനി ഒടുവിൽ ആ ഗ്രാമത്തെ തള്ളിവിട്ടത് കടുത്ത വരൾച്ചയിലേക്കും ജലചൂഷണത്തിലേക്കുമാണ്. മാലിന്യം കലരാത്ത വെള്ളം പ്ലാച്ചിമടക്കാർക്ക് സ്വപ്‌നം മാത്രമാണ്. പിന്നീട് ശുദ്ധമായ കുടിവെള്ളത്തിനായി പ്ലാച്ചിമടക്കാർ നെഞ്ച് വിരിച്ചുനിന്ന് പോരാടി. സമരത്തിന് രണ്ട് പതിറ്റാണ്ട് പൂർത്തിയായിട്ടും ഇനിയും പൂർണമായും നീതി ലഭിക്കാത്ത ഒരു ജനത പ്ലാച്ചിമടയിൽ ജീവിക്കുന്നു എന്നത് കയ്പ്പേറിയ യാഥാർത്ഥ്യമാണ്.

പാലക്കാട് ജില്ലയിലെ, വളരെ പിന്നാക്കമെന്നു പറയാവുന്ന, പ്രധാനമായും ദളിതരും ആദിവാസികളും ജീവിക്കുന്ന ഒരു ഗ്രാമം നടത്തിയ അതിജീവന പോരാട്ടത്തിന്റെ ഭാഗമായി കൊക്കകോള കമ്പനിക്ക് താഴിട്ടുവെന്നത് മാത്രമാണ് ആശ്വാസം. ഇപ്പോഴും ആ ചരിത്ര പോരാട്ടം പൂർണമായും വിജയിച്ചെന്നു പറയാനാകില്ല. രണ്ടുപതിറ്റാണ്ടു കാലം പെരുമാട്ടി പഞ്ചായത്തിലെ കർഷകരും ആദിവാസികളും പൊതുജനങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായിനിന്ന് നേടിയെടുത്ത, കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് പ്ലാച്ചിമട ഗ്രാമം ഇപ്പോഴും പോരാട്ടം തുടരുകയാണ്. അതിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പേ പ്ലാച്ചിമടയിൽ മേധ പട്കറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സമര ഐക്യദാർഢ്യ സമ്മേളനം ഏറെ ശ്രദ്ധേയമായിരുന്നു.

നിയമസഭ 11 വർഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ ഇപ്പോഴും നിയമമായി മാറാത്തത് നിയമസഭയുടെ നിയമനിർമ്മാണ അവകാശത്തിൽ കേന്ദ്രസർക്കാ‌ർ നടത്തിയ കൈയേറ്റമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. നിയമ നിർമ്മാണാവകാശം ഉയർത്തിപ്പിടിച്ച് നിയമസഭയുടെ അന്തസ് സംരക്ഷിക്കാൻ കേരളത്തിലെ നിയമസഭ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും തയാറാകണമെന്നും കൺവെൻഷൻ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഒരു ഗ്രാമത്തെ മലിനമാക്കിയ, കുടിവെള്ളവും വായുവും കൃഷിയും നശിപ്പിച്ച ബഹുരാഷ്ട്ര ഭീമനിൽ നിന്നു നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ സമരം പൂർണമായി വിജയിച്ചെന്നു പറയാനാകൂ. കേരള സർക്കാരാകട്ടെ കുറ്റകരമായ മൗനം തുടരുകയാണെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി.

ഇതുകൂടാതെ മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്കെതിരെ വാട്ടർ ആക്ടിന്റെ 43, 47 വകുപ്പുകൾ പ്രകാരം കേസെടുക്കുക, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർചെയ്ത കേസിൽ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുക, കൊക്കകോളയുടെ പ്ലാച്ചിമടയിലെ ആസ്തികൾ കണ്ടുകെട്ടുക, ട്രൈബ്യൂണൽ സമ്പൂർണ നഷ്ടപരിഹാരം നൽകുന്നത് വരെ സർക്കാർ താത്‌കാലിക നഷ്ടപരിഹാരം നൽകുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ സമര ഐക്യദാർഢ്യ സമ്മേളനത്തിൽ ഉയർന്നുവന്നു.

സർക്കാർ ഇരകൾക്കൊപ്പമില്ല

നിലവിലെ വ്യവസ്ഥകൾപ്രകാരം വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം ശേഖരിച്ച് പരിശോധിച്ചശേഷം ബിൽ പ്രസിഡന്റിന് സമർപ്പിക്കണം. മന്ത്രാലയങ്ങൾക്ക് അഭിപ്രായമറിയിക്കുന്നതിനുള്ള സമയം ആറാഴ്ചയാണ്. ആറാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിച്ചില്ലെങ്കിൽ പ്രസ്തുത മന്ത്രാലയത്തിന്റെ അഭിപ്രായം കൂടാതെ തന്നെ നിയമസഭ പാസാക്കിയ ബില്ലുകളിൻമേൽ തുടർനടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഈ ബില്ലിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമയം നീട്ടിക്കൊടുക്കുകയാണ് ചെയ്തത്.

നിയമം പ്രാബല്യത്തിൽ വന്നാൽ നഷ്ടപരിഹാരം കൊടുക്കേണ്ട ബാദ്ധ്യത കൊക്കകോള കമ്പനിക്കാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളനിയമസഭ പാസാക്കിയ നിയമത്തെക്കാൾ പ്രാധാന്യം നൽകിയത് കൊക്കകോള കമ്പനിക്കുലഭിച്ച നിയമോപദേശത്തിനാണെന്നു വേണം മനസിലാക്കാൻ. നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ നിയമത്തിന് അനുമതി നൽകാൻ ആവശ്യമായ നടപടി സ്വീകരിച്ച് പ്രസിഡന്റിന്റെ അനുമതിക്കായി ബിൽ സമർപ്പിക്കാൻ ബാദ്ധ്യതയുള്ള കേന്ദ്രസർക്കാർ അതുചെയ്തില്ല. പകരം, കൊക്കകോള കമ്പനി സമർപ്പിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തോട് വിശദീകരണം ചോദിക്കുകയാണ് ചെയ്തത്. സർക്കാർ ഇരകൾക്കൊപ്പമല്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. നിയമസഭയുടെ നിയമനിർമ്മാണ അധികാരത്തെ പോലും എക്‌സിക്യൂട്ടീവിലുളള സ്വാധീനമുപയോഗിച്ച് നിഷ്പ്രഭമാക്കാൻ കഴിയും വിധം ബഹുരാഷ്ട്ര കുത്തകകൾ ഇന്ത്യയിൽ ശക്തിപ്പെടുന്നു എന്നത് വസ്തുതയാണ്.

ബില്ല് തിരിച്ചയച്ചു,

കൊക്കകോളയ്ക്ക്

നികുതിയിളവും പ്രഖ്യാപിച്ചു

കൊക്കകോള കമ്പനി വരുത്തിവെച്ച പാരിസ്ഥിതിക നാശങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന ശക്തമായ ആവശ്യമുയർന്നതിനെ തുടർന്ന് 2009 ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തുകയും പ്രദേശവാസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാവുന്നതാണെന്ന് ശുപാർശ ചെയ്യുകയും ചെയ്തു. വിദഗ്ധസമിതി വിശദമായ പഠനത്തിന് ശേഷമാണ് നിയമനിർമ്മാണത്തിന് ശുപാർശ നൽകിയത്.

പരിസ്ഥിതിനശീകരണം, മണ്ണിന്റെ ശിഥിലീകരണം, ജലമലിനീകരണം, കാർഷിക ഉത്പാദനത്തിലെ കുറവ്, കാഡ്മിയം, ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ, തുടർന്നുണ്ടായ സാമൂഹ്യ പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവ സമിതി വസ്തുനിഷ്ഠമായി വിലയിരുത്തി. കൊക്കകോള കമ്പനിയുടെ പ്രവർത്തനം മൂലം ഭൂഗർഭ ജലവിതാനത്തിൽ വലിയ കുറവുണ്ടായി, നിലവിലെ നിയമവ്യവസ്ഥകൾ ലംഘിച്ച് കമ്പനി പ്രവർത്തിച്ചു, ജലസ്രോതസുകളെ ദോഷകരമായി ബാധിച്ചു, മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി, കാർഷിക ഉത്പാദനം ഗണ്യമായി കുറഞ്ഞു. ക്ഷീരകർഷകർക്കും കോഴിവളർത്തുന്നവർക്കും ഭീമമായ നഷ്ടമുണ്ടായി, പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിച്ചു, ജനിക്കുന്ന കുട്ടികൾക്ക് ഭാരക്കുറവും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായി, കുടിവെള്ളത്തിനായി സ്ത്രീകൾ കിലോമീറ്ററോളം നടക്കേണ്ട തരത്തിൽ ജലലഭ്യത കുറഞ്ഞു, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി തുടങ്ങിയവ തെളിവു സഹിതം നിരത്തിയാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമസഭ 2011 ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ല് പാസാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയച്ചു. കൊക്കകോള കമ്പനിയുടെ പ്രവർത്തനം മൂലം സംഭവിച്ച പരിസ്ഥിതിനാശം, മലിനീകരണം, ആരോഗ്യനഷ്ടം തുടങ്ങിയവ കണക്കിലെടുത്ത് പ്രദേശവാസികൾക്ക് കമ്പനിയിൽ നിന്ന് 216.25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാൻ നിർദേശിക്കുന്നതാണ് ബിൽ. എന്നാൽ ബില്ല് കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാന സർക്കാരിന് തിരിച്ചയക്കുകയായിരുന്നു.

2011 ജൂലായിൽ കൊക്കകോളയുടെ വാദങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ബിൽ സംസ്ഥാന സർക്കാരിന് തിരിച്ചയയ്‌ക്കുകയായിരുന്നു. തുടർന്ന് ഇതിനുള്ള മറുപടി നൽകിയെങ്കിലും കേന്ദ്ര ആഭ്യന്തരവകുപ്പ് അംഗീകരിച്ചില്ല. ഒടുവിൽ അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടുകൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് തിരിച്ചയച്ചു. മാത്രമല്ല, പകരം കൊക്കകോളക്ക് 5.26 കോടി നികുതിയിളവ് നൽകുകയും ചെയ്തു. പിന്നീട് സംസ്ഥാന സർക്കാർ ഇക്കാര്യം വീണ്ടും പരിഗണിക്കുകയോ ആവശ്യമായ ഭേദഗതികൾ ഉൾപ്പെടുത്തി പുനരവതരിപ്പിക്കുകയോ ചെയ്തില്ല. രാഷ്ട്രപതി തിരിച്ചയച്ചതോടെ ബില്ലിൽ ഭേദഗതിവരുത്തി നിയമസഭ വീണ്ടും പാസാക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLACHIMADA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.