SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.25 PM IST

അനാചാരവിരുദ്ധ നിയമനിർമ്മാണം കൂടിയേ തീരൂ

photo

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനായി നിയമപരിഷ്‌കരണ കമ്മിഷൻ തയാറാക്കിയ കരട് ബിൽ ഒരു വർഷമായിട്ടും നിയമമായിട്ടില്ല. അതുണ്ടായിരുന്നെങ്കിൽ പത്തനംതിട്ട ഇലന്തൂരിൽ റോസ്‌ലി, പദ്‌മ എന്നീ മനുഷ്യജീവനുകൾ ബലികൊടുക്കപ്പെടില്ലായിരുന്നു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കേണ്ട കടമ സർക്കാരിന്റേതാണ്. അധികൃതർ കർത്തവ്യം മറന്നാൽ ഭഗവൽ സിംഗിനെയും മുഹമ്മദ് ഷാഫിയെയും ലൈലയെയും പോലുള്ള നരാധമർ ഇനിയും കേരളത്തിൽ ഉയർത്തെഴുന്നേറ്റു കൊണ്ടേയിരിക്കും.

14ാം കേരള നിയമസഭയിൽ പി.ടിതോമസ് 64ാം നമ്പർ ആയി കൊണ്ടുവന്ന ദുർമന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിനുള്ള സ്വകാര്യ ബില്ലും, 2021 ഓഗസ്റ്റ് ആറിന് കെ.ഡി.പ്രസേനൻ എം.എൽ.എ അന്ധവിശ്വാസം തടയാനായി നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യബില്ലും ഫയലിൽ ഗാഢനിദ്ര‌യിലാണ്. മുഖ്യമന്ത്രിക്കുവേണ്ടി അന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണനാണ് മറുപടി പറഞ്ഞത്. അന്ധവിശ്വാസം തടയാനുള്ള ബില്ലിന്റെ കരട് സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും നിയമപരിഷ്‌‌കരണ കമ്മിഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിർമ്മാണം നടത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്. നടപടികളൊന്നും മുന്നോട്ടുപോയില്ലെന്ന് മാത്രം.
ആഭിചാരപ്രവൃത്തികളും അന്ധവിശ്വാസ ജഡിലങ്ങളായ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും കേരളത്തിൽ നടക്കുന്നുണ്ടെങ്കിൽ അതിന് തടയിടേണ്ട ഉത്തരവാദിത്വം സർക്കാരിന്റേതാണ്.
'ദ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ' 2021 ഒക്ടോബറിൽ സമർപ്പിച്ചെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. നിയമനിർമാണത്തിനായി സഭാ സമ്മേളനങ്ങൾ ചേർന്നെങ്കിലും ലോകായുക്ത,സർവകലാശാല നിയമഭേദഗതികൾ ഉൾപ്പെടെ ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്കു വന്നത്. നിയമപരിഷ്‌‌കരണ കമ്മിഷന്റെ കരട് ബിൽ ഇപ്പോൾ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അവ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകുകയും ചെയ്യുന്നവർക്ക് ഒരുവർഷം മുതൽ ഏഴുവർഷംവരെ ശിക്ഷയും 5000 മുതൽ 50,000 രൂപവരെ പിഴയുമാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്തത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐ.പി.സിയിൽ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 302) നൽകണം. ഗുരുതരമായ പരിക്കാണെങ്കിൽ ഐ.പി.സി 326 അനുസരിച്ചാണ് ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവർക്കും ഇതേശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കിൽ തട്ടിപ്പുനടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവർക്കെതിരെ നടപടിയെടുക്കും. തട്ടിപ്പുകേന്ദ്രങ്ങളിൽ തിരച്ചിൽ നടത്താനും ആവശ്യമെങ്കിൽ രേഖകൾ പിടിച്ചെടുക്കാനും പൊലീസിനു ബില്ലിൽ അധികാരം നൽകുന്നുണ്ട്. മതസ്ഥാപനങ്ങളിൽ നടക്കുന്ന, ജീവന് ഹാനിയാകാത്ത എല്ലാ ആചാരങ്ങളെയും ആഘോഷങ്ങളെയും നടപടികളിൽനിന്ന് ഒഴിവാക്കി. സർക്കാർ ബോധവത്‌കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ഇരയായവർക്കു മതിയായ ചികിത്സയും കൗൺസിലിങും നൽകണമെന്നും ബില്ലിൽ നിർദേശിച്ചിരുന്നു. എന്നാൽ ഇതെല്ലാം നടപ്പിലാക്കേണ്ടവർ അത് ചെയ്യാതെ മുഖം തിരിക്കുകയാണുണ്ടായത് അന്ധവിശ്വാസം എന്നാൽ യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെ ചൊല്ലിയുള്ള ആചാരങ്ങളുമാണ്. അനാചാരങ്ങൾ വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരകമായ ദൂഷ്യഫലങ്ങൾ ഉളവാക്കുന്നവയുമാണ്. എല്ലാ മതങ്ങളിലുമുണ്ട് ഇത്തരം പ്രവണതകൾ. പ്രകൃത്യാതീത ശക്തികളുടെ അനുഗ്രഹത്തിനെന്ന പേരിൽ മനുഷ്യർ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ സർവസീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തിയുടെ മറവിൽ മയക്കുമരുന്നും ആയുധങ്ങളും സംഭരിക്കുകയും മനുഷ്യരാശിക്ക് തന്നെ ഭീഷണിയുയർത്തുകയും ചെയ്യുന്ന സംഭവങ്ങളാണ് നാടിന്റെ നാനാഭാഗത്തുനിന്നും ഉയർന്നുകേൾക്കുന്നത്. ഇത് അത്യന്തം ആപത്‌കരമായ നീക്കമാണെന്നറിഞ്ഞ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സർക്കാർ അടിയന്തരമായ ഓർഡിനൻസായി (സഭ സമ്മേളിക്കാനാകാത്തതിനാൽ) കൊണ്ടുവരേണ്ടതാണ്. സർക്കാരിന് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ വേണ്ട ചട്ടങ്ങളും ഉണ്ടാക്കാവുന്നതാണ്. അബദ്ധജഡിലവും നീചവുമായ ഇത്തരം അനാചാരങ്ങൾ കാരണം ഇനിയൊരു ജീവൻ പൊലിയരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PREVENTION OF SORCERY AND BLACK MAGIC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.