SignIn
Kerala Kaumudi Online
Thursday, 25 April 2024 11.09 AM IST

അനാചാര നിരോധന നിയമം വരുന്നു; ഓർഡിനൻസും പരിഗണനയിൽ

crime

തിരുവനന്തപുരം: അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാനുള്ള കരടുബിൽ എട്ടുവർഷം ചുവപ്പുനാടയിൽ കുടുങ്ങിയ ശേഷം നിയമമാവുന്നു. ജനുവരിയിലെ നിയമസഭാ സമ്മേളനത്തിൽ ബില്ലോ, അതിനു മുൻപ് ഓർഡിനൻസോ കൊണ്ടുവരാനാണ് ശ്രമം. ഇതിനായി ആഭ്യന്തര സെക്രട്ടറി വി.വേണുവും നിയമ സെക്രട്ടറി വി. ഹരി നായരും നിയമപരിഷ്‌കരണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ കെ.ശശിധരൻ നായരും ഇന്നലെ യോഗം ചേർന്ന് ഉപസമിതിയെ നിയോഗിച്ചു.

ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ പൊതുജനാഭിപ്രായം തേടിയ ശേഷം ബിൽ കൊണ്ടുവരാൻ നിർദ്ദേശമുയർന്നു. അത് വൈകുമെന്നതിനാൽ ഓർഡിനൻസിറക്കാനും ആലോചനയുണ്ട്. വിദേശത്ത് നിന്ന് മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമേ തീരുമാനമുണ്ടാവൂ. നിയമത്തിന്റെ കരട് തയ്യാറാക്കാൻ ഉപസമിതിയോട് നിർദ്ദേശിച്ചു. അനാചാരം തടയാനുള്ള കരട് ബില്ലിനെ എട്ട് വർഷമായി തട്ടിക്കളിക്കുന്നതായി ബുധനാഴ്ച 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

2014 ജൂലായിൽ കരുനാഗപ്പള്ളിയിലെ തഴവയിലും ആഗസ്റ്റിൽ പൊന്നാനിയിലും ഓരോ സ്ത്രീ ദുർമന്ത്രവാദ കൊലപാതകങ്ങൾക്ക് ഇരയായ പശ്ചാത്തലത്തിൽ തയ്യാറാക്കിയ കരടു ബില്ലിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് ഉപസമിതി ചർച്ച ചെയ്യും. കരടിന് മുഖ്യമന്ത്രിയുടെ അനുമതി നേടിയ ശേഷം നിയമവകുപ്പ് അന്തിമരൂപം തയ്യാറാക്കും. കരടുബില്ലിലെ എല്ലാ വകുപ്പുകളും വിശദമായി പഠിക്കണമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. മതസ്ഥാപനങ്ങളിൽ നടക്കുന്ന ജീവന് ഹാനിയാകാത്ത ആചാരങ്ങളെയും ആഘോഷങ്ങളെയും ഒഴിവാക്കിയാണ് കരടുബില്ലിലെ വ്യവസ്ഥ.

ദി കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഒഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്‌ടീസസ്, സോർസെറി ആൻഡ് ബ്ലാക്ക് മാജിക് ബിൽ എന്ന കരടുബില്ലിൽ (അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുർമന്ത്രവാദവും ഇല്ലാതാക്കലും നിരോധിക്കലും ബിൽ) കൊലപാതകത്തിന് വധശിക്ഷയും ആഭിചാരത്തിന് ഏഴ് വർഷം തടവുമാണ് ശിക്ഷ.

വ്യവസ്ഥകൾ

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവ്.

5000 മുതൽ 50,000 രൂപ വരെ പിഴ.

ആരുടെയെങ്കിലും അനുമതിയോടെ ആഭിചാരം നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല.

മരണമുണ്ടായാൽ ഐ.പി.സി 300 പ്രകാരമുള്ള കൊലക്കുറ്റം. വധശിക്ഷവരെ നൽകാം.

ഗുരുതര പരിക്കാണെങ്കിൽ ഐ.പി.സി 326 പ്രകാരം ശിക്ഷ.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാലും ഒരു വർഷം മുതൽ 7 വർഷം വരെ തടവും 5000 മുതൽ 50,000 രൂപ വരെ പിഴയും.

തെരച്ചിലിനും രേഖകൾ പിടിച്ചെടുക്കുന്നതിനും പൊലീസിന് അധികാരമുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.