SignIn
Kerala Kaumudi Online
Thursday, 25 April 2024 8.56 PM IST

മോചനമില്ലാതെ വിലക്കയറ്റം

photo

കഴിഞ്ഞയാഴ്ചയാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ചെന്നൈയിലെ മൈലാപ്പൂർ മാർക്കറ്റിൽ ആകസ്‌മിക സന്ദർശനം നടത്തിയത്. ജനവികാരം നേരിട്ടറിയാനും ഏതാനും പച്ചക്കറികൾ വാങ്ങാനും വേണ്ടിയായിരുന്നു കച്ചവടക്കാരെ അമ്പരപ്പിച്ച ഈ സന്ദർശനം. രാജ്യത്തു നിലനിൽക്കുന്ന അസാധാരണ വിലക്കയറ്റത്തിന്റെ ഏകദേശരൂപം മന്ത്രിക്കും ബോദ്ധ്യപ്പെട്ടെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. നാണ്യശോഷണം സർക്കാരിന് ആശങ്ക കൂട്ടുന്നതിനിടയിൽ വിലക്കയറ്റത്തെച്ചൊല്ലി ഉത്ക്കണ്ഠപ്പെടുന്നതിൽ അർത്ഥമില്ല. സാധാരണക്കാർക്ക് ഒരുതരത്തിലും ജീവിക്കാൻ വയ്യാത്ത സ്ഥിതിയാണുള്ളത്. രണ്ടുവർഷങ്ങൾ കൊവിഡ് സൃഷ്ടിച്ച ദുരിതമായിരുന്നു. പണിശാലകൾ പൂട്ടുകയും കോടിക്കണക്കിനാളുകൾക്കു തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ഉത്‌പാദന മേഖലകളെല്ലാം സ്തംഭിക്കുകയോ പരമാവധി ചുരുങ്ങുകയോ ചെയ്തത് ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതമയമാക്കി. കൊവിഡിന് ശമനമുണ്ടായതോടെ പഴയ നിലയിലേക്കു മടങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇരുട്ടടിയെന്നോണം അഭൂതപൂർവമായ വിലക്കയറ്റം ഈ പ്രതീക്ഷകളെ തട്ടിത്തകർത്തിരിക്കുന്നു. സകല ഉത്‌പന്നങ്ങൾക്കും പൊള്ളുന്ന വിലയാണ്.

നാണയപ്പെരുപ്പത്തിന്റെയും വിലസൂചികകളുടെയും കണക്കു നിരത്തി വിലക്കയറ്റത്തിന് കാരണം കണ്ടെത്തിയിട്ടു കാര്യമില്ല. കൊവിഡിനുശേഷം സർവമേഖലകളിലും ദൃശ്യമായ അനുകൂല സ്ഥിതിക്കനുസരണമായി എന്തുകൊണ്ടാണ് വിലനിലവാരം പിടിച്ചുനിറുത്താൻ നടപടികളില്ലാത്തതെന്നാണ് സാധാരണക്കാരുടെ ചോദ്യം. എല്ലാ മേഖലകളും കൊവിഡിനു മുമ്പുള്ള നിലയിലായിക്കഴിഞ്ഞെന്നാണ് പറയുന്നത്. ഉത്പാദന മേഖലയിലെ അനുകൂല സാഹചര്യം സ്വാഭാവികമായും വിലനിലവാരത്തിലും പ്രതിഫലിക്കേണ്ടതാണ്. എന്നാൽ ഉപ്പുതൊട്ടു കർപ്പൂരം വരെ എല്ലാറ്റിന്റെയും വില ഉയർന്നുകൊണ്ടിരിക്കുകയാണ്. ധാന്യോത്‌പാദനത്തിൽ റെക്കാഡ് സ്ഥാപിച്ചിട്ടും വിപണിയിൽ ഒരു ധാന്യത്തിനും വിലക്കുറവില്ലെന്നു മാത്രമല്ല അഞ്ചും പത്തും രൂപ അധികവുമാണ്. പലവ്യഞ്ജനങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും നിയന്ത്രണവുമില്ലാതെയാണ് വില കയറിക്കൊണ്ടിരിക്കുന്നത്. വില പഴയപടി നിലനിറുത്തി പായ്ക്കറ്റിലെ അളവു കുറയ്ക്കുന്ന തന്ത്രം പയറ്റുന്നവരും കുറവല്ല. ബിസ്‌ക്കറ്റ് പായ്‌ക്കറ്റിന് പഴയതുപോലെ 20 രൂപ തന്നെയാകും. പക്ഷേ പായ്ക്കറ്റിൽ ബിസ്‌ക്കറ്റുകളുടെ എണ്ണവും തൂക്കവും കുറവായിരിക്കും. വിപണിയിൽ ലഭിക്കുന്ന പല പായ്ക്കറ്റ് സാധനങ്ങളുടെയും സ്ഥിതി ഇതാണ്.

വിലക്കയറ്റം കൊണ്ട് ജനങ്ങൾ പെടാപ്പാടു പെടുമ്പോഴും എണ്ണക്കമ്പനികളുടെ കൊള്ളയ്ക്ക് അറുതിയില്ല. പാചകവാതക വില ആയിരത്തിഒരുനൂറും കടന്ന് കുതിക്കുകയാണ്. പാവപ്പെട്ട എണ്ണക്കമ്പനികൾക്ക് പാചകവാതക വില്പന വഴിയുണ്ടായ നഷ്ടം നികത്താനായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ 22,000 കോടി രൂപ പാരിതോഷികമായി അനുവദിച്ചതിലെ ഫലിതം ഓർക്കാതെ വയ്യ. പലിശ നിരക്കുകൾ ഉയർത്തി നാണയപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടെന്നാണ് വാർത്തകൾ. വീണ്ടുമൊരു പലിശ വർദ്ധനയ്ക്ക് കോപ്പുകൂട്ടുകയാണത്രെ റിസർവ് ബാങ്ക്. ഈ വർഷം തന്നെ ഇതിനകം നാലുപ്രാവശ്യമാണ് കേന്ദ്ര ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് പണപ്പെരുപ്പം നിയന്ത്രിക്കാൻ നോക്കിയത്.

ഒരു സംസ്ഥാനത്തിനും ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവുന്നില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ല. പച്ചക്കറിയും മത്സ്യവും മാംസവും പഴങ്ങളും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം തോന്നുംപടിയാണു വില.

നിർമ്മാണ രംഗത്തെ വലച്ചുകൊണ്ട് എല്ലാത്തരം നിർമ്മാണ സാമഗ്രികൾക്കും വില കൂടിക്കൊണ്ടിരിക്കുന്നു. സർക്കാർ ഇടപടലൊന്നും ഇല്ലാത്തതിനാൽ കച്ചവടക്കാർ നിശ്ചയിക്കുന്നതാണ് വില. ഉയർന്ന നാണ്യപ്പെരുപ്പവും കുറഞ്ഞുകൊണ്ടിരിക്കുന്ന വ്യവസായ വളർച്ചയും സൃഷ്ടിക്കുന്ന ഇരട്ട ഭീഷണികളെ നേരിടാനുള്ള ഫലപ്രദമായ നടപടികൾ അടുത്ത ബഡ്‌ജറ്റിലുണ്ടാകുമെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. പരിഷ്കാരങ്ങൾ ജനജീവിതം കൂടുതൽ ദുസഹമാക്കാതിരുന്നാൽ മതിയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFLATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.