SignIn
Kerala Kaumudi Online
Friday, 29 March 2024 1.26 PM IST

ചോരമണക്കുന്ന മണ്ണിൽ ജനക്കൂട്ടം

house
ഇലന്തൂർ കടകംപള്ളിൽ വീട്

ഇലന്തൂർ : നരബലിയുടെ പേരിൽ നാടിനെ നടുക്കിയ ഭീകര കൊലപാതകങ്ങൾ നടന്ന ഇലന്തൂർ കടകംപള്ളിൽ വീടും പരിസരവും സന്ദർശകരാൽ നിറയുന്നു. സംഭവം പുറംലോകം അറിഞ്ഞ നാൾ മുതൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പുറത്തു നിന്നും ആളുകൾ രാവിലെ മുതൽ കൂട്ടമായെത്തുകയാണ്. വീടിന്റെയും പരിസരങ്ങളുടെയും നരബലിക്കായി പദ്മയെയും റോസ്ലിനെയും വെട്ടിനുറുക്കിയ ശേഷം മറവു ചെയ്ത കുഴികളും ഉൾപ്പെടുന്ന സെൽഫിയുമെടുത്താണ് മടങ്ങുന്നത്. ആകാംഷയോടെയെത്തുന്ന സ്ത്രീകൾ അടക്കമുളളവർ ക്രൂരകൃത്യത്തിനെതിരെ രോഷംകൊള്ളുന്നു. ഇലന്തൂർ ജംഗ്ഷനിലും പുന്നയ്ക്കാട് ജംഗ്ഷനിലുമെത്തി സംഭവസ്ഥലത്തേക്കുള്ള വഴി ചോദിച്ച് മനസിലാക്കിയാണ് ദൂരെ സ്ഥലങ്ങളിൽ നിന്ന് ആളുകളെത്തുന്നത്. കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത പ്രതികളുമായി ഇന്നലെ സ്ഥലത്ത് തെളിവെടുപ്പ് നടക്കുമെന്ന പ്രചാരണത്തെ തുടർന്ന് രാവിലെ മുതൽ സ്ഥലത്തേക്ക് ജനപ്രവാഹമായിരുന്നു. ഏകദേശം ആയിരത്തോളം ആളുകൾ ഇന്നലെ സ്ഥലത്ത് എത്തിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസവും ഇതേ ജനത്തിരക്കായിരുന്നു. പുന്നയ്ക്കാട് - കാരംവേലി റോഡിലൂടെയാണ് ആളുകളെത്തുന്നത്.

അയൽക്കാരന്റെ വീടും ചാടിക്കടന്ന്

കടകംപള്ളിൽ വീടും പറമ്പും കാണാൻ ആളുകൾ തൊട്ടടുത്ത് താമസിക്കുന്ന ജോസ് തോമസിന്റെ വീടിന്റെ ഗേറ്റും മതിലും ചാടിക്കടക്കുകയാണ്. മതിലിലെ അലങ്കാര രൂപം തകർന്നു. മുറ്റത്തെ ചെടിച്ചട്ടികളും പച്ചക്കറി കൃഷിയും നശിച്ചു.

കടകംപള്ളിൽ വീട്ടിലേക്കും പറമ്പിലേക്കും ആളുകൾ കടക്കാതിരിക്കാൻ പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്.

ഗാന്ധി വന്ന നാടിന് നാണക്കേട്

മാനസികവൈകൃതം പിടിപെട്ട മൂന്ന് പേർ ചേർന്ന് നടത്തിയ ക്രൂര കൃത്യത്തിന്റെ പേരിൽ നാടിനെയാകെ കളങ്കപ്പെടുത്തുന്ന രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരണം നടക്കുന്നതിൽ അസ്വസ്ഥരാണ് നാട്ടുകാർ. ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൈതൃകവും പാരമ്പര്യവുമുള്ള നാടാണ് ഇലന്തൂർ. ഗാന്ധിജിയുടെ പാദം പതിഞ്ഞ മണ്ണ്. കെ.കുമാർജിയെപ്പോലെ ഗാന്ധി ശിഷ്യൻമാരെ സമ്മാനിച്ച പ്രദേശം. നിരവധി ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് ഇവിടെ തുടക്കം കുറിച്ചിട്ടുണ്ട്. നടൻ മോഹൻലാലിനെപ്പോലെ പ്രശസ്തരായ കലാകാരൻമാർക്ക് ജന്മം നൽകിയ നാടുമാണ് ഇലന്തൂർ.

'' മൂന്ന് വ്യക്തികൾ നട‌ത്തിയ ക്രൂരകൃത്യത്തിന്റെ പേരിൽ ഇലന്തൂരിനെ മോശമായി ചിത്രീകരിക്കരുത്. നാട്ടുകാരിൽ ആത്മവിശ്വാസവും കൂട്ടായ്മയും വളർത്തിയെടുക്കാൻ ഗ്രാമപഞ്ചായത്ത് വിവിധ പരിപാടികൾക്ക് രൂപം നൽകും.

മേഴ്സി മാത്യു, ഇലന്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.