SignIn
Kerala Kaumudi Online
Thursday, 25 April 2024 7.39 PM IST

പാഴ്‌വാക്കാകരുത് വിഴിഞ്ഞം പ്രഖ്യാപനം

photo

വിഴിഞ്ഞത്ത് തീരദേശ സമരസമിതി നടത്തിവരുന്ന സമരം അവസാനിപ്പിച്ചാൽ അടുത്ത ഓണത്തിനു മുൻപ് തുറമുഖ നിർമ്മാണം പൂർത്തിയാക്കി ആദ്യ കപ്പലിനെ വരവേൽക്കുമെന്നാണ് തുറമുഖ വകുപ്പുമന്ത്രിയും അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായത്. വിഴിഞ്ഞത്ത് കൂറ്റൻ ചരക്കുകപ്പൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇതിനകം ധാരാളം പ്രഖ്യാപനങ്ങളുണ്ടായിട്ടുണ്ട്. തുറമുഖ നിർമ്മാണത്തിന് ശിലാസ്ഥാപനം നിർവഹിച്ച മുൻ മുഖ്യമന്ത്രി അച്യുതനന്ദന്റെ ആദ്യ പ്രഖ്യാപനം തന്നെ ആയിരം ദിവസമെത്തുമ്പോൾ വിഴിഞ്ഞത്ത് കപ്പലടുക്കുമെന്നതായിരുന്നു. അതിനുശേഷം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. തുറമുഖ നിർമ്മാണം എങ്ങുമെത്തിയില്ലെന്നു മാത്രമല്ല പ്രദേശവാസികളുടെ സമരത്തിൽപ്പെട്ട് ഒരിഞ്ചു മുന്നോട്ടുപോകാനാകാത്ത വിധം നിർമ്മാണജോലികൾ സ്തംഭിച്ചിരിക്കുകയുമാണ്. സമരം അവസാനിപ്പിച്ച് ജോലികൾ പുനരാരംഭിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നു തുടരുമ്പോഴും തിങ്കളാഴ്ച മുതൽ വഴിതടയൽ ഉൾപ്പെടെ സമരം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി നിൽക്കുകയാണ് അതിരൂപത. മുഖ്യമന്ത്രി ഇന്ന് വിദേശ പര്യടനം കഴിഞ്ഞു മടങ്ങിയെത്തിയാലുടനെ പ്രശ്നത്തിൽ ഇടപെട്ട് സമവായമുണ്ടാക്കുമെന്ന സൂചനയാണ് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ നൽകിയത്.

പടുകൂറ്റൻ കപ്പലുകൾക്കും അടുക്കാൻ പറ്റുന്ന രാജ്യാന്തര നിലവാരത്തിലുള്ള കണ്ടെയ്‌‌നർ ട്രാൻസ്‌ഷിപ്പ‌്മെന്റ് തുറമുഖത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെട്ട ശേഷമാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചത്. പ്രകൃതിദത്തമായ എല്ലാവിധ സൗകര്യങ്ങളും കൊണ്ട് അനുഗൃഹീതമായ വിഴിഞ്ഞം വിദേശത്ത് എവിടെയെങ്കിലുമായിരുന്നെങ്കിൽ എന്നേ വൻകിട തുറമുഖം രൂപമെടുത്തേനെ. ഒരു വൻകിട തുറമുഖത്തിന്റെ സാദ്ധ്യതകളും അതു കൊണ്ടുവരുന്ന സമൃദ്ധിയും തിരിച്ചറിയാൻ ഇവിടെയുള്ളവർക്ക് കഴിയാതെ പോയതുകൊണ്ടു മാത്രമാണ് പ്രാദേശികമായി പരിഹാരം കാണാവുന്ന പ്രശ്നങ്ങളുടെ പേരിൽ തുറമുഖ നിർമ്മാണജോലികൾ സ്തംഭിപ്പിക്കുന്ന സമരമുറകൾ തുടരുന്നത്.

തുറമുഖ നിർമ്മാണത്തിനെതിരെ സമരം നടത്തുന്നവരോട് സർക്കാർ പ്രതികാര മനോഭാവം കൈക്കൊള്ളില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ സമരംമൂലം കമ്പനിക്കുണ്ടായ നഷ്ടം സമരം നടത്തുന്നവരിൽ നിന്ന് ഈടാക്കണമെന്ന നിലപാടിനും സർക്കാർ എതിരാണ്. എങ്ങനെയും സമരം അനുനയത്തിലൂടെ അവസാനിപ്പിക്കണമെന്ന സർക്കാരിന്റെ ആഗ്രഹമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. വിട്ടുവീഴ്ചയില്ലാതെ സമരം തുടരുമെന്നു വാശിപിടിക്കുന്നവർ സാഹചര്യങ്ങൾ ഇനിയെങ്കിലും മനസിലാക്കണമെന്നാണ് പറയാനുള്ളത്. ഒരു തുറമുഖം വന്നതിന്റെ പേരിൽ ലോകത്ത് ഒരിടത്തും അതിഭീകരമായ തോതിൽ തീരശോഷണം ഉണ്ടായതായി കേട്ടുകേൾവി പോലുമില്ല. മൂന്നു കിലോമീറ്റർ നീളത്തിൽ കടലിൽ പുലിമുട്ടു നിർമ്മിക്കുന്നതുകൊണ്ടാണ് വിഴിഞ്ഞത്തും അഞ്ചുതെങ്ങിലും ചെല്ലാനത്തുമൊക്കെ കടൽ ക്ഷോഭിക്കുന്നതും കരയിലേക്കു അടിച്ചുകയറുന്നതെന്നുമുള്ള വാദത്തിന് ശാസ്‌ത്രീയാടിത്തറ ഇല്ല. എന്നിട്ടും ഈ പ്രശ്നം പഠിക്കാനായി സർക്കാർ നാലംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തയ്യാറായി. സമരസമിതിക്കാരും ജനകീയ പഠന കമ്മിഷൻ രൂപീകരിച്ചിരിക്കുകയാണ്.

പകുതിയോളം പണി പൂർത്തിയായിരിക്കെ വിഴിഞ്ഞം തുറമുഖ നിർമ്മാണം ഉപേക്ഷിക്കണമെന്ന സമരസമിതിയുടെ ആവശ്യം അപ്രായോഗികവും അംഗീകരിക്കാൻ പറ്റാത്തതുമാണ്. അവർ ഉന്നയിച്ചിട്ടുള്ള മറ്റ് ആവശ്യങ്ങളിൽ അംഗീകരിക്കാവുന്നവ അംഗീകരിച്ച് സമരം അവസാനിപ്പിക്കാനുള്ള വഴിയാണ് സർക്കാർ നോക്കേണ്ടത്. എല്ലാം ഒത്തുതീർന്നാൽ സർക്കാരിനും സമരസമിതിക്കും ആത്യന്തികമായി ജനങ്ങൾക്കും അതാകും നല്ലത്. വിട്ടുവീഴ്ചകൾ എല്ലാ ഭാഗത്തുമുണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.