കുന്നംകുളം: നൈപുണ്യവികസന മന്ത്രാലയത്തിന് കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാനും കടവല്ലൂർ പഞ്ചായത്തും സംയുക്തമായി നടത്തുന്ന തൊഴിൽ സംരംഭക പരിശീലനം തുടങ്ങി. പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിൽ അപേക്ഷ സമർപ്പിച്ച 140 പേരാണ് പദ്ധതിയുടെ ഭാഗമാവുക. മൂന്ന് മാസത്തെ ബ്യൂട്ടീഷൻ കോഴ്സ്, ടൈലറിംഗ്, ഹാൻഡ് എംബ്രോയ്ഡറി, അഞ്ച് മാസത്തെ കമ്പ്യൂട്ടർ പരിശീലനം എന്നിങ്ങനെ നാല് കോഴ്സുകൾ ഏഴ് ബാച്ചുകളിലായി നടത്തും. പഞ്ചായത്ത് പരിധിയിലുള്ള അക്കിക്കാവ്, പെരുമ്പിലാവ് കമ്പ്യൂട്ടർ സെന്ററുകളിൽ നാല് ബാച്ചുകളിലായാണ് പരിശീലനം. ബ്യൂട്ടീഷൻ, ടൈലറിംഗ്, ഹാൻഡ് എംബ്രോയ്ഡറി എന്നിവയുടെ പരിശീലനം പഞ്ചായത്തിന്റെ വനിതാ പരിശീലന കേന്ദ്രത്തിലാണ്. തൊഴിൽ പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രൻ നിർവഹിച്ചു. ഐ.ടി സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ.ജോയ് പദ്ധതി വിശദീകരിച്ചു. ജൻശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ സുധ സോളമൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, പ്രഭാത് മുല്ലപ്പള്ളി, ജയകുമാർ പൂളക്കൽ, ഇ.എൻ.ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |