ചിറ്റൂർ: മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ പങ്കാളിയായി ചിറ്റൂർ ഗവ. കോളേജ്. നാല് ടൺ ഇലക്ട്രോണിക് മാലിന്യങ്ങളാണ് ഹരിത കേരള മിഷൻ ഗ്രീൻ കേരള കമ്പനിക്ക് കോളേജ് കൈമാറിയത്. വർഷങ്ങളായി കോളേജിൽ തുടരുന്ന ഹരിത പ്രോട്ടോകോൾ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കൈമാറിയത്. മാസത്തിലൊരു ദിവസം ഡ്രൈ ഡേ ആചരണം, പ്ലാസ്റ്റിക് പേപ്പർ മാലിന്യങ്ങളുടെ ശാസ്ത്രീയമായ വേർതിരിച്ച് മുനിസിപ്പാലിറ്റിക്ക് കൈമാറൽ, ഗ്രീൻ പ്രോട്ടോകോൾ ബോധവത്കരണ പ്രവർത്തനം എന്നിവ നിരന്തരം കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളാണ്. നൂറോളം എൻ.സി.സി ,എൻ.എസ്.എസ്, മറ്റ് വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെയാണ് ഇക്ട്രോണിക് മാലിന്യങ്ങൾ ലോറിയിൽ കയറ്റിയത്.
ഇലക്ട്രോണിക് മാലിന്യങ്ങൾ കൈമാറിയും മാലിന്യങ്ങൾ കയറ്റിയ വണ്ടിക്ക് ഫ്ളാഗ് ഓഫ് ചെയ്തും ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ ഉദ്ഘാടനം ചെയ്തു. കോളേജ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ. ബേബി അദ്ധ്യക്ഷനായി. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ, കോളേജ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി നോഡൽ ഓഫീസർ കെ. പ്രദീഷ്, ഗ്രീൻ കേരള കമ്പനി മാനേജർ ആർ. ആദർശ്, ബി. ശ്രീജിത്ത്, എസ്. സുസ്മിത, ഹരിത കേരള മിഷൻ ഗ്രീൻ പ്രോട്ടോകോൾ റിസോഴ്സ് പേഴ്സൺ എസ്. ജയദേവൻ, അദ്ധ്യാപകർ എന്നിവർ സംസാരിച്ചു.
ചിറ്റൂർ കോളേജിലെ ഇലക്ട്രോണിക് മാലിന്യം ഹരിത കേരള മിഷനു കൈമാറുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |