കിളിമാനൂർ: വിവിധ മോഷണക്കേസുകളിൽ പ്രതിയായ ആളെ നഗരൂർ പൊലീസ് അറസ്റ്റു ചെയ്തു. മടവൂർ മയിലാടുംപൊയ്ക കിഴക്കതിൽ വീട്ടിൽ(ആദിത്യ ഹൗസ് )താമസിക്കുന്ന അഞ്ചൽ സ്വദേശി സനോജ്(46) ആണ് അറസ്റ്റിലായത്. നഗരൂർ സ്റ്റേഷൻ പരിധിയിലെ കരവാരം വടവോട്ടുകാവിൽ കഴിഞ്ഞ ദിവസം നടന്ന മോഷണങ്ങളുടേയും മോഷണശ്രമങ്ങളിലേയും പ്രതിയാണിയാൾ. തിങ്കളാഴ്ച രാത്രി വടവോട്ടുകാവിലെ മാർജിൻ ഫ്രീമാർക്കറ്റിന്റെ പൂട്ട് തകർത്ത് 3000 രൂപ കവർച്ച നടത്തുകയും 45000 രൂപ വിലവരുന്ന നിരീക്ഷണ കാമറ നശിപ്പിക്കുകയും ചെയ്തിരുന്നു. വടവോട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നാല് നിരീക്ഷണ കാമറകൾ അടിച്ചു മാറ്റിയിരുന്നു.
ക്ഷേത്രത്തിനടുത്തെ പലചരക്ക് കടയിൽ തീയിടുകയും മറ്റൊരു പലചരക്ക് കടയുൾപ്പടെ നാലിടത്ത് കുത്തിപ്പൊളിച്ച് മോഷണ ശ്രമവും നടത്തി. നിരീക്ഷണ കാമറകളിൽ നിന്ന് ലഭിച്ച ഇയാളുടെ ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ നഗരൂർ പൊലീസ് വ്യാഴാഴ്ച രാവിലെയാണ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഇയാളെ പിടികൂടിയത്. കിളിമാനൂർ,നഗരൂർ,പള്ളിക്കൽ, അഞ്ചൽ പൊലീസ് സ്റ്റേഷനുകളിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള പല മോഷണക്കേസുകളിലും പ്രതിയാണിയാൾ. നഗരൂർ എസ്.ഐ എസ്.എൽ.സുധീഷ്,ജി.എസ്.ഐ അബ്ദുൽ ഹക്കിം,എസ്.സി.പി.ഒ ജിജു, സി.പി.ഒ രാജീവ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |