SignIn
Kerala Kaumudi Online
Friday, 29 March 2024 12.43 AM IST

ചൈനയിൽ സംഭവിക്കുന്നത്

xi

ഇന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് ആരംഭിക്കുകയാണ്. കുറച്ചുദിവസങ്ങളായി വലിയ വാർത്തകളാണ് ചൈനയിൽ നിന്ന് വരുന്നത്. ചൈനയിൽ പട്ടാള അട്ടിമറി നടന്നെന്നും പ്രസിഡന്റായ ഷി ജിൻപിങിനെ വീട്ടുതടങ്കലിലാക്കി എന്നുമായിരുന്നു ഒന്നാമത്തേത്. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നത് കടുത്ത നിയന്ത്രണങ്ങളുള്ള സ്ഥലത്ത് പ്രതിഷേധക്കാർ പ്രദർശിപ്പിച്ച ഭരണകൂടവിരുദ്ധ ബാനറുകളായിരുന്നു. ഷി ജിൻ പിങ്ങിനെതിരെ കടുത്ത വിമർശനങ്ങളായിരുന്നു സോഷ്യൽ മീഡിയയിലും നിറഞ്ഞതെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചൈന സോവിയറ്റ് യൂണിയന്റെ പാതയിലാണോ? ഇരുപതാം പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ വാസ്തവത്തിൽ എന്താണ് ചൈനീസ് വൻമതിലിനകത്ത് നടക്കുന്നത് ?​

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസ് അഞ്ചുവർഷം കൂടുമ്പോഴാണ് നടക്കാറുള്ളത്. ചൈനയെ സംബന്ധിച്ച് ഇത് കേവലം ഒരു പാർട്ടിയുടെ ആഭ്യന്തരകാര്യമല്ല. പാർട്ടിയും ഭരണകൂടവും ഒന്നായ ഒരു ഏകപാർട്ടി സംവിധാനത്തിൽ ഈ സമ്മേളനങ്ങളിലാണ് കഴിഞ്ഞ അഞ്ചുവർഷത്തെ നയങ്ങളെ വിലയിരുത്തുന്നതും വരാനുള്ള നയങ്ങൾ തീരുമാനിക്കുന്നതും. പാർട്ടിയെയും ഗവൺമെന്റിനെയും ആര് നയിക്കണമെന്നു തീരുമാനിക്കുന്നതും ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതുമൊക്കെ ഈ വേദിയിൽവച്ചാണ്. ഇരുപതാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം 2296 ആണ്. പാർട്ടിയുടെ ഉന്നതസ്ഥാനത്തുള്ളത് 25 അംഗങ്ങളുള്ള പോളിറ്റ് ബ്യൂറോയാണ്, അതിനകത്ത് തന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഏഴ് പേരടങ്ങുന്ന ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയാണ്. നിലവിലെ പാർട്ടി സെക്രട്ടറിയായ ഷി ജിൻപിങ് മൂന്നാം തവണയും സ്ഥാനം നിലനിറുത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മറ്റുള്ള സ്ഥാനങ്ങളിൽ ആരെത്തും എന്നതിനെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു.

ഇരുപത്തിയേഴ് വർഷം നീണ്ട,​ മാവോ സേതൂങ്ങിന്റെ ഭരണശേഷം എൺപതുകളിലാണ് ഡെൻസിയാവോ പിങ് ഒരു നേതാവിന്റെ പരമാവധി കാലാവധി പത്തുവർഷമായി നിശ്ചയിച്ചത്. പിന്നീട് വന്ന ജിയാങ് സെമിനും, ഹൂജിൻ താവോയും പത്തുവർഷം മാത്രമാണ് നേതൃത്വത്തിൽ ഇരുന്നത്. 2012ൽ പാർട്ടി സെക്രട്ടറിയും 2013ൽ ചൈനീസ് പ്രസിഡന്റും കേന്ദ്ര മിലിട്ടറി കമ്മിഷന്റെ ചെയർമാനുമായി അവരോധിക്കപ്പെട്ടപ്പോൾ മുതൽ മിക്കവാറും എല്ലാ മേഖലയുടെയും നിയന്ത്രണം കയ്യാളുന്നത് ഷി ജിൻ പിങാണ്. 2018ൽ ഇദ്ദേഹം ഒരാൾക്ക് രണ്ടുതവണ മാത്രം എന്ന ഭരണഘടനാതത്വം ഭേദഗതി ചെയ്തു. രണ്ട് രീതിയിലാണ് ഷി തന്റെ ജനപിന്തുണ ഉറപ്പിച്ചിരിക്കുന്നത്. ഒന്ന് ചൈനീസ് ദേശീയതയിൽ ഉൗന്നിയുള്ള മഹത്തായ ചൈന, അഥവാ ചൈനയുടെ പൊയ്‌പ്പോയ പ്രൗഢി തിരിച്ചുപിടിക്കാനുള്ള ആഹ്വാനത്തിലൂടെയും പ്രവൃത്തികളിലൂടെയും. 2049ൽ ചൈനീസ് റിപ്പബ്ളിക്ക് സ്ഥാപിതമായതിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ ശക്തമായ, വികസിത സോഷ്യലിസ്റ്റ്, സമ്പന്നരാഷ്ട്രമാക്കി മാറ്റാനുള്ള കാമ്പയിനുകളിലൂടെ രാജ്യത്തിനകത്ത് ദേശീയത ആളിക്കത്തിക്കാൻ ഷീക്ക് സാധിച്ചു.

മാവോയുടെ നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് എൺപതുകളിൽ ഡെങ്‌സിയാവോ പിങിന്റെ നേതൃത്വത്തിൽ ചൈന പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് നീങ്ങുന്നത്. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതിയെന്ന പ്രായോഗികതന്ത്രത്തിന്റെ ഭാഗമായുള്ള മുതലാളിത്ത ചങ്ങാത്തമാണ്, പിന്നീടുള്ള ചൈനീസ് വളർച്ചയ്ക്ക് നിദാനമായത്. ഇത് കാലാന്തരത്തിൽ മുതലാളിത്തത്തിന്റെ മൂലസ്വഭാവമായ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വലിയ അന്തരമെന്ന അവസ്ഥ സോഷ്യലിസ്റ്റ് ചൈനയിലും സൃഷ്ടിച്ചു. ലോകത്ത് ഏറ്റവുമധികം ബില്യണർമാരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ന് ചൈന. ഈ അന്തരത്തെ നേട്ടമാക്കാൻ ഷീ ജിൻ പിങിനായി. പാർട്ടിയിലും ഗവൺമെന്റിലും പട്ടാളത്തിലുമുള്ള അഴിമതിക്കാർക്കെതിരെ ശക്തമായ കാമ്പെയിൻ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. പാർട്ടിയിലെയും വ്യവസായലോകത്തെയും പല വമ്പൻ സ്രാവുകൾക്കെതിരെ ശക്തമായ നടപടികളിലൂടെ വൻ ജനപ്രീതിയാണ് അദ്ദേഹം സ്വായത്തമാക്കിയത്. ഇത്തരത്തിൽ ഏകപക്ഷീയമായി മൂന്നാം ഉൗഴത്തിലേക്ക് കുതിക്കുകയാണ് ഷിജിൻ പിങ്.

പക്ഷേ ഷിയും പാർട്ടിയും നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. കൊവിഡിന്റെ തുടക്കം ചൈനയിലായിരുന്നെങ്കിലും യൂറോപ്പിലും അമേരിക്കയിലും ആയിരങ്ങൾ മരിച്ചുവീഴുമ്പോഴും കർശനമായി നടപ്പിലാക്കിയ സീറോ ടോളറൻസ് നയം വഴി ചൈന വേറിട്ടുനിന്നു. പക്ഷേ ഇന്നും നിരവധി ചൈനീസ് നഗരങ്ങളാണ് പൂർണമായോ ഭാഗികമായോ ലോക്‌ഡൗണിൽ തുടരുന്നത്. ഇത് ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ഏല്പിച്ച ആഘാതം വളരെ വലുതാണ്. മദ്ധ്യവർഗത്തിലും താഴെക്കിടയിലുൾപ്പെട്ടവരുടെയും ജീവിതത്തെ ഇത് സാരമായി ബാധിച്ചു. കൂടെ വന്ന യുക്രയ‌്‌ൻ യുദ്ധവും അമേരിക്കയുമായുള്ള തർക്കങ്ങളും പ്രശ്നം കൂടുതൽ വഷളാക്കി. ചൈനീസ് ജി.ഡി.പിയുടെ നാലിലൊന്ന് ശതമാനം കൈയാളുന്ന റിയൽ എസ്റ്റേറ്റ് മേഖലയുടെ തളർച്ച വലിയരീതിയിൽ രാജ്യത്തെ ബാധിച്ചിരിക്കുന്നു. മാർക്കറ്റ് സോഷ്യലിസമെന്നു മറ്റുള്ളവരും, ചൈനീസ് സ്വഭാവമുള്ള പുതിയ കാലത്തിന്റെ സോഷ്യലിസമെന്ന് ചൈനീസ് പാർട്ടിയും പേരിട്ട് വിളിക്കുന്ന സാമ്പത്തിക വ്യവസ്ഥയിൽ പണക്കാരും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വർദ്ധിച്ചിരിക്കുന്നു. പത്തുവർഷത്തിനകം അമേരിക്കയെ കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ചൈന മാറുമെന്ന് കണക്കാക്കുന്നെങ്കിലും ഈ ആഭ്യന്തര അന്തരം പാർട്ടിതന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ഇത്തരം പ്രശ്നങ്ങളിൽ വരുന്ന അഞ്ച് വർഷങ്ങളിൽ എന്ത് നയമായിരിക്കുമെന്ന് പ്രഖ്യാപിക്കപ്പെടുന്നതും ഈ സമ്മേളനത്തിലാണ്.

ഷി ജിൻ പിങിനെ സംബന്ധിച്ച് മാവോയുടെയും ഡെങ്ങിന്റെയും സമശീർഷനായി അവരോധിക്കപ്പെടാനുള്ള അവസരമാണ് ഈ സമ്മേളനം. കാര്യമായ എതിർപ്പുകളില്ല, സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രീമിയർ സ്ഥാനത്തേക്ക് നിലവിലുള്ള പ്രീമിയർ ലീക്ക് പകരം പുതിയ ആൾ വരും. ഏഴംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ആരൊക്കെ ഉൾപ്പെടുമെന്നതാണ് ആഭ്യന്തരമായി നടക്കുന്ന രാഷ്ട്രീയ ചർച്ചകളുടെ അന്ത്യം. ചൈനയിലേത് ജനങ്ങൾ നേരിട്ട് വോട്ടുചെയ്ത് തിരഞ്ഞെടുക്കുന്ന ഭരണസംവിധാനം അല്ലാത്തതിനാൽ സമ്മേളനത്തിൽ എന്തൊക്കെ അവതരിപ്പിക്കണം, ആരൊക്കെ എതിർക്കണം, തിരഞ്ഞെടുക്കപ്പെടണം ഇതെല്ലാം പാർട്ടി തീരുമാനിച്ചുകഴിഞ്ഞതാണ്. വലിയ അത്ഭുതങ്ങൾക്ക് സാദ്ധ്യതയില്ല. രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് ശക്തമായ നിരീക്ഷണമുള്ള ചൈനീസ് വ്യവസ്ഥയിൽ എതിർശബ്ദങ്ങളെ അപ്പോൾത്തന്നെ അടിച്ചമർത്തുന്നു. അതിനാൽ പൂർണമായും ഭരണകൂടം നിയന്ത്രിക്കുന്ന ചൈനീസ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പാശ്ചാത്യ മാദ്ധ്യമങ്ങൾ ആഘോഷിക്കുന്ന പല വാർത്തകൾക്കും അൽപായുസായിരിക്കും. സാമ്പത്തികമായി ആഗോളവത്‌കരണത്തെ പുൽകിയെങ്കിലും രാഷ്ട്രീയപരമായി ചൈന ഇന്നും ഒരു പാർട്ടി സ്റ്റേറ്റാണ്. അവിടെ പ്രതിഷേധങ്ങളുടെയും വിമതസ്വരങ്ങളുടെയും ശബ്ദം പാർട്ടി നിയന്ത്രിക്കും. അതിനാൽത്തന്നെ പല വാർത്തകളും ചൈനക്കകത്ത് ചായക്കോപ്പിലെ കൊടുങ്കാറ്റായി ഒടുങ്ങും. ഈ സാമ്പത്തിക രാഷ്ട്രീയ വൈരുദ്ധ്യം വരുംകാലങ്ങളിൽ എങ്ങനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കൈകാര്യം ചെയ്യും എന്നതിലായിരിക്കും പീപ്പിൾസ് റിപ്പബ്ലിക് ഒഫ് ചൈനയുടെ ഭാവി.

ലേഖകൻ കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്‌മാബി കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINESE COMMUNIST PARTY CONGRESS 2022
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.