SignIn
Kerala Kaumudi Online
Friday, 19 April 2024 8.19 PM IST

മുസ്ലിം അവകാശ സംഘടനയെ ഔദ്യോഗികമാക്കി സി.പി.ഐ

p

വിജയവാഡ (ആന്ധ്ര):രാജ്യത്തെ പിന്നാക്കാവസ്ഥയിലുള്ള മുസ്ലിങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന തൻസീം - ഇ - ഇൻസാഫ് എന്ന സ്വതന്ത്ര സംഘടനയെ പാർട്ടി വർഗ - ബഹുജന സംഘടനകളുടെ ഭാഗമാക്കി സി.പി.ഐ.

സി.പി.ഐ നേതാക്കളുടെ പിന്തുണയോടെ നേരത്തേ മുതൽ പ്രവർത്തിക്കുന്ന സംഘടനയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ വർഗരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനാലാണ് സ്വത്വരാഷ്ട്രീയ സംഘടനയെ ഔദ്യോഗികമാക്കാതിരുന്നത്. പുതിയ രാഷ്ട്രീയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സംഘടനയുടെ അവകാശ പോരാട്ടങ്ങൾക്ക് പ്രസക്തിയുണ്ടെന്നാണ് ഇപ്പോൾ പാർട്ടി കരുതുന്നത്.പാർട്ടി കോൺഗ്രസിൽ മറ്റ് വർഗ, ബഹുജന സംഘടനകൾക്കൊപ്പം തൻസിം- ഇ- ഇൻസാഫിന്റെ പ്രവർത്തനറിപ്പോർട്ടും ഇതാദ്യമായി രാഷ്ട്രീയ വിശകലന റിപ്പോർട്ടിൽ സി.പി.ഐ ഉൾപ്പെടുത്തി.

ന്യൂനപക്ഷങ്ങൾ, പട്ടികജാതി-പട്ടികവർഗങ്ങൾ എന്നിവരുടെ ക്ഷേമവും സാമുദായിക സൗഹാർദ്ദവും ആണ് തൻസിം- ഇ- ഇൻസാഫിന്റെ മുഖ്യലക്ഷ്യം. പരിസ്ഥിതി, വനവത്കരണം, സ്ത്രീ ശാക്തീകരണം, തുല്യത, മാനവശേഷി വികസനം എന്നിവയും ലക്ഷ്യങ്ങളാണ്. എങ്കിലും മുസ്ലിം ജനവിഭാഗം നേരിടുന്ന രാഷ്ട്രീയവിവേചനവും അവകാശപ്രശ്നങ്ങളുമാണ് സംഘടന പ്രധാനമായും ചർച്ച ചെയ്യുന്നത്.

ജനസംഖ്യയുടെ ഇരുപത് ശതമാനം പിന്നാക്കവും വിവേചനം നേരിടുന്നവരുമായാൽ സമൂഹം വികസിക്കില്ലെന്ന് പാർട്ടി കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിൽ സംഘടന പറയുന്നു. രാജ്യത്തെ മിക്ക സർക്കാരുകളും ന്യൂനപക്ഷക്ഷേമ ഫണ്ട് പാഴാക്കുന്നു. പല സംസ്ഥാന സർക്കാരുകളും ഈ ഫണ്ട് കേന്ദ്രത്തിലേക്ക് തിരിച്ചയയ്ക്കുന്നു. മത വിവേചനം പ്രകടമാക്കി പദ്ധതികൾ തിരിച്ചയച്ച സർക്കാരുകളുണ്ട്. ന്യൂനപക്ഷങ്ങളിൽ ഏറെയും നിരക്ഷരരായതിനാൽ അവകാശ സംരക്ഷണ പദ്ധതികൾ അറിയുന്നില്ല. മുസ്ലിങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പല സംഘടനകളും അവരുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ മറികടക്കാനുതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.

സി.പി.ഐ മുൻ കേന്ദ്ര സെക്രട്ടേറിയറ്റംഗവും മുൻ എം.പിയുമായ അന്തരിച്ച ഷമിം ഫൈസി നേരത്തേ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു.

ആർ.എസ്.എസ് - ബി.ജെ.പി ഒരു വശത്തും പോപ്പുലർ ഫ്രണ്ട് - എസ്.ഡി.പി.ഐ മറുവശത്തുമായി വർഗീയവിഭജനം വളർത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനെ ശക്തിയായി എതിർക്കുന്നതാണ് സംഘടനയുടെ നയമെന്ന് തൻസിം-ഇ- ഇൻസാഫ് വ്യക്തമാക്കുന്നുണ്ട്. ഹിജാബ് വിലക്കി വസ്ത്രധാരണ സ്വാതന്ത്ര്യം തടയുന്നതിനെയും എതിർക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.